കാബൂള്‍ : അഫ്​ഗാസിസ്ഥാനിലെ രണ്ട് പ്രവിശ്യകൂടി പിടിച്ചടക്കി തലസ്ഥാനമായ കാബൂളിന് തൊട്ടരികെ താലിബാന്‍. കാബൂളിൽനിന്ന്‌ 11 കിലോമീ‌റ്റർ അകലെ ചാർ അസ്യാബ് ജില്ലയിൽ  താലിബാന്‍ തമ്പടിച്ചിരിക്കുകയാണ്. അതിർത്തിയിലുള്ള താലിബാന്‍ ക്യാമ്പുകളില്‍ യുഎസ് സേന ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.  യുഎസ്, നാറ്റോ സേനകൾ രാജ്യം വിടാന്‍ മൂന്നാഴ്ച ബാക്കിനില്‍ക്കെ 34 പ്രവിശ്യയില്‍ ഭൂരിഭാ​ഗവും താലിബാന്‍ നിയന്ത്രണത്തിലാക്കി.

കാബൂളിന്റെ തെക്കുള്ള ലോ​ഗാറില്‍ ശക്തമായ ഏറ്റുമുട്ടലിൽ പ്രവിശ്യ പൂര്‍ണമായും താലിബാന്‍ പിടിച്ചെടുത്തതായി ഔദ്യോ​ഗിക വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പക്തിക പ്രവിശ്യയുടെ തലസ്ഥാനവും താലിബാൻ പിടിച്ചെടുത്തു. വടക്കൻ നഗരമായ മസാർ ഇ- ഷെരീഫിൽ താലിബാന്‍ ആക്രമണം ശക്തമാക്കി.

രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും കഴിഞ്ഞ ദിവസം പിടിച്ചടക്കിയിരുന്നു. കാണ്ഡഹാറിലെ റേഡിയോ സ്റ്റേഷൻ നിയന്ത്രണത്തിലാക്കിയതായി ശനിയാഴ്ച താലിബാന്‍  വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്ന ന​ഗരത്തിലെ പ്രധാന റേഡിയോ സ്റ്റേഷനാണിത്. സംഗീതത്തിന് പകരം ഇനി വാർത്തകളും രാഷ്ട്രീയവും ഖുറാൻ പാരായണവുമായിരിക്കും  പ്രക്ഷേപണം ചെയ്യുക. റേഡിയോയിലെ ജീവനക്കാരുടെ വിവരങ്ങള്‍ ലഭ്യമല്ല.

തങ്ങളുടെ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യാൻ താലിബാന്‍ മുന്‍പ് മൊബൈൽ റേഡിയോ സ്റ്റേഷനുകൾ പ്രവർത്തിപ്പിച്ചിരുന്നെങ്കിലും 2001 ന്‌ ശേഷം ഏതെങ്കിലും പ്രധാന നഗരത്തിലെ‍ സ്റ്റേഷൻ കൈവശം വച്ചിട്ടില്ല.

സ്ഥിതി അതീവ ​ഗുരുതരം: യുഎന്‍

ഐക്യരാഷ്‌ട്രകേന്ദ്രം > അഫ്​ഗാനിസ്ഥാനില്‍ സ്ഥിതി ഗുരുതരമാണെന്ന്‌ വ്യക്തമാക്കിയ ഐക്യരാഷ്ട്ര സംഘടന അയൽരാജ്യങ്ങളോട് അതി‍ർത്തി തുറക്കണമെന്ന്‌ അഭ്യർഥിച്ചു. താലിബാന്‍ ഉടന്‍ ആക്രമണം അവസാനിപ്പിച്ച് ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേല്‍ താലിബാന്‍ ‌കടന്നുകയറുന്നതായ റിപ്പോര്‍ട്ടുകള്‍ ഭീതിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പൗരന്മാരെ പിന്‍വലിച്ച് മറ്റ്‌ രാജ്യങ്ങള്‍

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അഫ്‌ഗാനിസ്ഥാനിൽനിന്ന് സ്വന്തം പൗരരെ ഒഴിപ്പിച്ചു തുടങ്ങി. യുഎസ് കാബൂളില്‍നിന്ന് നയതന്ത്ര പ്രതിനിധികളെയും എംബസി ജീവനക്കാരെയും വിമാനങ്ങളിൽ മാറ്റുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി 3000 യുഎസ് സൈനികര്‍ കാബൂളില്‍ എത്തിയിട്ടുണ്ട്‌. 

പൗരരെ തിരികെയെത്തിക്കാൻ 600 സൈനികരെ  ബ്രിട്ടനും അയച്ചു. അത്യാവശ്യം വേണ്ടവരെ മാത്രം നിലനിർത്തിയാകും എംബസിയുടെ പ്രവര്‍ത്തനങ്ങളെന്നും ബ്രിട്ടൻ അറിയിച്ചു.  ഡെൻമാർക്കും നോർവെയും എംബസികള്‍ പൂർണമായും അടയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ജർമനിയും എംബസി ഭാഗികമായി അടച്ചേക്കും. എന്നാല്‍, തങ്ങൾ എംബസികളെ ആക്രമിക്കില്ലെന്ന് താലിബാന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here