ഫ്ലോറിഡ: നിഗൂഢതകളും വിസ്മയങ്ങളും നിറഞ്ഞ ബഹിരാകാശം ഇനി മനുഷ്യന് വിനോദ സഞ്ചാരകേന്ദ്രം. ചരിത്രയാത്രക്ക് പരിസമാപ്തി കുറിച്ച് സ്പേസ് എക്സ് പേടകത്തിൽ ബഹിരാകാശ യാത്ര നടത്തിയ നാല് യാത്രികരും സുരക്ഷിതരായി തിരികെയെത്തി. മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ശേഷമാണ് ഇവരുടെ മടക്കം. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.06ന് സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്ലോറിഡക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തിൽ ഇറങ്ങുകയായിരുന്നു.

നാല് കൂറ്റൻ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സൂൾ യാത്രികരെയും വഹിച്ച് സമുദ്രത്തെ തൊട്ടത്. കാത്തുനിന്ന സ്പേസ് എക്സ് ബോട്ടുകൾ സഞ്ചാരികളെ വഹിച്ചു. ഇവരെ പിന്നീട് കെന്നഡി സ്പേസ് സെന്‍ററിലെത്തിച്ചു.

ബഹിരാകാശ വിദഗ്ധരായ ഒരാൾ പോലുമില്ലാതെയാണ് യാത്ര പൂർത്തിയാക്കിയത്. ശതകോടീശ്വരനായ ജറേദ് ഐസക്മാൻ അടക്കം രണ്ട് പുരുഷന്മാരും രണ്ട് വനിതകളുമാണ് സംഘത്തിലുള്ളത്. അർബുദത്തെ പൊരുതി ജയിച്ച ഫിസിഷ്യനും 29കാരിയുമായ ഹെയ് ലി ആർസിനെക്സും 51കാരിയായ ജിയോ സയന്‍റിസ്റ്റുമായ സിയാന്‍ പ്രോക്റ്ററുമാണ് വനിതാ യാത്രക്കാർ. യു.എസ് വ്യോമസേന മുന്‍ പൈലറ്റും എയ്റോസ്പേസ് ഡേറ്റാ എൻജനീയറുമായ 42കാരൻ ക്രിസ് സെംബ്രോസ്കിയാണ് നാലാമത്തെ യാത്രക്കാരൻ. ‘അതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ഇതൊരു തുടക്കം മാത്രം’ -ജറേദ് ഐസക്മാൻ പ്രതികരിച്ചു.

ഭൂമിയിൽ നിന്നും 575 കിലോമീറ്റർ അകലെയാണ് ഇവർ ബഹിരാകാശ സഞ്ചാരം നടത്തിയത്. ദിവസവും 15 തവണ ഭൂമിയെ വലംവെച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയെത്തേക്കാൾ വേഗതയിലായിരുന്നു പേടകത്തിന്‍റെ സഞ്ചാരം.

(സ്പേസ് എക്സിലെ സഞ്ചാരികൾ)

ഇൻസ്പിരേഷൻ 4 പദ്ധതിയുടെ ഭാഗമായുള്ള പേടകം നാസയുടെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഫാൽകൺ 9 റോക്കറ്റ് ആണ് പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here