ന്യൂഡൽഹി : ലോകത്തിൻറെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായതായിട്ട് മണിക്കൂറുകൾ പിന്നിടുകയാണ്. ഫേസ്ബുക്ക് , വാട്സ് ആപ്പ് , ഇൻസ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളെല്ലാം പ്രവർത്തനരഹിതമായിട്ട് മൂന്ന് മണിക്കൂറിലേറയായി. രാത്രി ഒമ്പത് മണിക്ക് മുന്നേ തന്നെ സോഷ്യൽ മീഡിയയിലെ പ്രമുഖർ പണിമുടക്കി.

വാട്‌സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇൻറർനെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്‌സാപ്പിൽ മെസേജ് പോകുന്നില്ല, സ്റ്റാറ്റസ് ലോഡാവുന്നില്ല, എഫ്ബി പോസ്റ്റും ചെയ്യാനാകുന്നില്ല. ഇൻസ്റ്റയും പോയോ  നെറ്റ് ഓഫർ തീർന്നോയെന്നും വൈഫൈ അടിച്ചുപോയോ എന്നും വരെ പലരും സംശയിച്ചു. സാങ്കേതിക പ്രശ്‌നം നേരിടുണ്ടെന്ന് ട്വീറ്റുകൾ വന്നതോടെയാണ് ഫേസ്ബുക്കെന്ന വമ്പൻറെ കീഴിലുള്ള എല്ലാ ആപ്പുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്.

നിശ്ചലാവസ്ഥയുടെ കാരണമെന്തെന്ന് തിരക്കുന്നതിൻറെ തിരക്കിലായിരുന്നു ഉപയോക്താക്കളെല്ലാം. ഉത്തരം നൽകാനായി ഒടുവിൽ ഫേസ്ബുക്ക് കുടുംബം ഒന്നടങ്കം ട്വീറ്ററിനെ അഭയം പ്രാപിക്കുകയായിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനങ്ങളിൽ തടസം നേരിട്ടതാണെന്നാണ് ഫേസ്ബുക്കിൻറെ അറിയിപ്പ്. ഇതിൽ ഖേദിക്കുന്നുവന്നും എല്ലാം ശരിയാകുമെന്നും ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി പുറത്തിറക്കിയ സന്ദേശത്തിൽ വ്യക്തമാക്കി. ഫേസ്ബുക്ക് സേവനങ്ങൾ തടസ്സപ്പെട്ടതിനെ കുറിച്ച് നിരവധി ആളുകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. തടസം നേരിട്ടുന്നുണ്ടെന്ന് വാട്‌സ് ആപ്പും സ്ഥിരീകരിച്ചു. വാട്‌സ് ആപ്പ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചത്. പ്രശ്‌നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്‌സാപ്പ് ട്വീറ്റ് ചെയ്തു. എന്നാൽ, സേവനങ്ങൾ എപ്പോൾ പുനഃസ്ഥാപിക്കപ്പെടും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here