ജി 20 ഉച്ചകോടിയില്‍ വേറിട്ട അനുഭവമായി ഫോട്ടോ സെഷന്‍. കോവിഡ് പാന്‍ഡമിക്കിനെ നേരിടാന്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം അണി നിരത്തിയാണ് ഇത്തവണ ഫോട്ടോഷൂട്ട് നടന്നത്. ജി 20 ഉച്ചകോടിയില്‍ സാധാരണ രാഷ്ടരത്തലവന്മാരെ മാത്രം അണിനിരത്താറുള്ള ഫോട്ടോഷൂട്ടാണ് ഇത്തവണ വ്യത്യസ്ഥമായ ആദരവ് വഴി ശ്രദ്ധേയമായത്.

കോവിഡ് പോരാളികളായി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരേയും സുരക്ഷാ ഉദ്യോഗസ്ഥരേയുമാണ് രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ക്ഷണിച്ചത്. കയ്യടിയോടെയാണ് കൊറോണ പോരാളികളെ രാഷ്ട്രത്തലവന്മാര്‍ ക്ഷണിച്ചത്. ലോകനേതാക്കള്‍ക്കിടയിലേക്ക് വീരപരിവേഷത്തോടെയാണ് ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ കയറി നിന്നത്.

സേവനത്തിന്റെ വെണ്‍മ നിറമാര്‍ന്ന കോട്ടുകളിട്ട ഡോക്ടര്‍മാരും നഴ്സുമാരും അണിനിരന്നപ്പോള്‍ ഓറഞ്ച് വേഷം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരും അഗ്‌നിശമന സേനാംഗങ്ങളും അവര്‍ക്കൊപ്പം ഇടകലര്‍ന്നു. കൊറോണ രണ്ടാംഘട്ടം അടങ്ങുന്ന കാലഘട്ടത്തില്‍ ലോകനേതാക്കള്‍ ആദ്യമായി നേരിട്ട് ഒരുമിക്കുന്ന ജി20 ഫോട്ടോ സെഷനാണ് ചരിത്രനിമിഷമായി മാറിയത്.

കോവിഡ് പാന്‍ഡമിക്കിനെത്തുടര്‍ന്നുണ്ടായ ആഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനും ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും ജി 20 രാജ്യങ്ങളുടെ അടിയന്തിരയോഗം ഇന്നാണ് ആരംഭിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനടക്കം പ്രമുഖ ലോകനേതാക്കളെല്ലാം യോഗത്തിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here