ഖത്തറില്‍ അനധികൃത താമസക്കാര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നു. നിയമലംഘകര്‍ താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് പരിശോധനാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ ഈസ അല്‍ സെയ്ദ് ആവശ്യപ്പെട്ടു.

വിവിധ തരം വീസകളില്‍ കഴിഞ്ഞ വര്‍ഷം ഖത്തറിലെത്തുകയും വീസ കാലാവധിക്കുശേഷം മടങ്ങാതിരിക്കുകയും ചെയ്ത 25,847 പേരുണ്ട്. ഖത്തറിലേക്ക് എത്തിച്ച വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഇവരുടെ താമസരേഖകള്‍ നിയമാനുസൃതമാക്കി മാറ്റുകയോ സ്വന്തം നാടുകളിലേക്ക് ഉടന്‍ തിരിച്ചയയ്ക്കുകയോ ചെയ്യണമെന്ന് ഈസ അല്‍ സെയ്ദ് ആവശ്യപ്പെട്ടു. സന്ദര്‍ശക വീസയിലെത്തിയവരാണ് അനധികൃത താമസക്കാരില്‍ ഏറെയും.

വീട്ടുജോലിക്കാര്‍ ഒളിച്ചോടുന്നതിന് തടയിടാന്‍ ജിസിസി രാജ്യങ്ങള്‍ പുതിയ സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരു രാജ്യത്തുനിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു ജിസിസി രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് ഇതില്‍ പ്രധാനം. അടുത്തിടെ ദോഹയില്‍ ചേര്‍ന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ചില കമ്പനികള്‍ യഥാര്‍ഥ പദ്ധതികളൊന്നുമില്ലാതെ തൊഴിലാളികളെ എത്തിക്കുന്നു. അനധികൃത വീസക്കച്ചവടമാണ് ഇത്തരം കമ്പനികളുടെ ലക്ഷ്യം. ഇങ്ങനെ എത്തിച്ച തൊഴിലാളികളെ മറ്റു കമ്പനികള്‍ക്കു കീഴില്‍ ജോലിചെയ്യാന്‍ അനുവദിച്ച് അവരുടെ ശമ്പളത്തിന്‍റെ ഒരു പങ്കും ഇവര്‍ ഈടാക്കുന്നതായും പരാതിയുണ്ട്..

ഇത്തരം കമ്പനികള്‍ നാട്ടില്‍നിന്നുതന്നെ തൊഴിലാളികളോട് പണം വാങ്ങുന്നു. ഖത്തറിലെത്തിച്ച് താമസാനുമതി രേഖകള്‍ ശരിയാക്കിയശേഷം തൊഴിലാളി ഒളിച്ചോടിയതായി പരാതി നല്‍കുന്നതും പതിവാണ്. ചില പ്രത്യേക ജോലികള്‍ക്കായി പ്രോജക്ട് വീസയില്‍ എത്തിക്കുന്നവര്‍ പദ്ധി പൂര്‍ത്തിയായാലും മടങ്ങാറില്ല. ഇവരെയും ഒളിച്ചോടിയ തൊഴിലാളികളായാണ് പരിഗണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here