വാഷിംഗ്ടൺ: ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയനിധി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാകും . നിലവിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറർ ജ്യോഫ്‌റി ഒകമോട്ടോ സ്ഥാനം ഒഴിയുന്നതോടെയാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്. അടുത്തവർഷം ആദ്യത്തോടെ ഗീത ഗോപിനാഥ് ചുമതലയേൽക്കും. ശരിയായ സമയത്തെ ശരിയായ വ്യക്തിയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. നിലവിൽ അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റാണ് ഗീത. 2018 ഒക്ടോബറിലാണ് ഗീത ഗോപിനാഥ് ഐഎംഎഫിൽ ചേർന്നത്. കേരള സർക്കാരിൻറെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ചീഫ് എക്കണോമിസ്റ്റ് എന്നതിനോടൊപ്പം ഐഎംഎഫിൻറെ ഗവേഷക വിഭാഗം ഡയറക്ടറുടെ ചുമതലയും ഗീതയ്ക്കുണ്ടായിരുന്നു. അമേരിക്കൻ അക്കാഡമി ഓഫ് ആർട്‌സ് ആൻഡ് സയൻസ് അംഗത്വം ലഭിച്ച വ്യക്തിയാണ് ഗീത ഗോപിനാഥ്. യുവ ലോകനേതാക്കളിൽ ഒരാളായി വേൾഡ് ഇക്കണോമിക് ഫോറം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന് ശേഷമായിരുന്നു ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടത്.

ഗീത ഗോപിനാഥിൻറെ സ്‌കൂൾ വിദ്യാഭ്യാസം മൈസൂരുവിലായിരുന്നു. ഡൽഹി ലേഡി ശ്രീറാം കോളേജിൽ നിന്ന് ഇക്കണോമിക്‌സിൽ ഓണേഴ്‌സ് ബിരുദവും, ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ നിന്നും വാഷിങ്ടൺ സർവ്വകാലശാലയിൽ നിന്നുമായി എംഎ ബിരുദവും കരസ്ഥമാക്കിയ ഗീത. പ്രിസ്റ്റൻ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. 2001 ൽ ചിക്കാഗോ സർവ്വകലാശാലയിൽ അസിസ്റ്റൻറ് പ്രഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗീത 2005 ൽ ഹാർവാർഡ് സർവ്വകലാശാലയിലേക്ക് മാറി. കണ്ണൂർ മയ്യിൽ സ്വദേശി ഗോപിനാഥിന്റെ മകളാണ് ഗീത.

LEAVE A REPLY

Please enter your comment!
Please enter your name here