യുഎഇയുമായി ബന്ധപ്പെട്ട മൂന്നാമത്തെ വലിയ വിമാനാപകടമാണ് ഇന്നലെ റഷ്യയിലുണ്ടായത്. ദുബായിയുടെ ബജറ്റ് എയർലൈൻസായ ഫ്ലൈദുബായ് റോസ്തതോവ ഒാൺ ഡോണിൽ തകർന്ന് 62 പേർ മരിക്കാനുണ്ടായ സംഭവത്തിന്റെ നടുക്കം വിട്ടുമാറാതെ യുഎഇ. യുഎഇയിൽ ജോലി ചെയ്യുന്നവരും വിവിധ ആവശ്യങ്ങൾക്ക് എത്തി മടങ്ങിയവരുമായ യാത്രക്കാരുടെ ജീവനാണ് പൊലിഞ്ഞത്. ചെറുപ്രായക്കാരായ വിമാന ജീവനക്കാരുടെ മരണവും ഏറെ ആഘാതമായി.

യുഎഇ സമയം പുലർച്ചെ 4.20നായിരുന്നു ബോയിങ് 737 വിമാനം റഷ്യയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ തകർന്നത്. ദുരന്തത്തിൽ രണ്ട് ഇന്ത്യക്കാരുമുണ്ടെന്നറിഞ്ഞതോടെ യുഎഇയിലുള്ളവരുടെ ആശങ്ക വർധിച്ചു. സാധാരണ റഷ്യ സന്ദർശനത്തിന് പോകുന്ന മലയാളികൾ കുറവാണെങ്കിലും ബിസിനസ് ആവശ്യാർ‌ഥം പലരും പോകാറുണ്ട്. അത്തരത്തിൽ ആരെങ്കിലുമാണോ മരിച്ച ഇന്ത്യക്കാരെന്നറിയാൻ പിന്നെ ഫോൺ വിളികളായിരുന്നു. നാട്ടിൽ നിന്നും പലർക്കും ഫോൺകോളുകളെത്തി. മരിച്ചത് മലയാളി ദമ്പതികളാണെന്ന വിവരവും ഉച്ചയോടെ പുറത്തുവന്നു. റഷ്യയിൽ ജോലി ചെയ്യുന്ന പെരുമ്പാവൂർ സ്വദേശി ശ്യാം മോഹനും ഭാര്യ അഞ്ജുവുമായിരുന്നു ദുരന്തത്തിൽ മരിച്ചത്. അവധി കഴിഞ്ഞ് റഷ്യയിൽ പോകും വഴി വെള്ളിയാഴ്ച(18) ദുബായിലെത്തിയ ഇവർ വിമാനം മാറിക്കയറിതായിരുന്നു.

​​2004 ഫെബ്രുവരി 10ന് ഇറാനിലെ കിഷിൽ നിന്നു വരികയായിരുന്ന കിഷ് എയർ 7170 വിമാനം ഇറങ്ങുന്നതിനിടെ ഷാർജ രാജ്യാന്തര വിമാനത്താവളത്തിനടുത്ത് തകർന്നതും 2010 മേയ് 22ന് ദുബായ്–മംഗലാപുരം എയർ ഇന്ത്യാ എക്സ്പ്രസ് 812 മംഗലാപുരത്ത് തകർന്നു വീണതുമാണ് ഇതിന് മുമ്പ് ഗൾഫ് മലയാളികളെ ഞെട്ടിപ്പിച്ച രണ്ട് വിമാനാപകടങ്ങൾ. കിഷ് എയർ ദുരന്തത്തിൽ 46 യാത്രക്കാരിൽ 13 ഇന്ത്യക്കാരടക്കം 43 പേർ മരിച്ചു. ഇതിൽ മലയാളികളുമുണ്ടായിരുന്നു. ആറ് പേർ വിമാന ജീവനക്കാരായിരുന്നു. മൂന്ന് പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. അൾജീരിയ, ബംഗ്ലാദേശ്, കാമറൂൺ, ഇൗജിപ്ത്, യുഎഇ, ഫിലിപ്പീൻസ്, ഇറാൻ, നേപ്പാൾ, നൈജീരിയ, സൂഡാൻ, സിറിയ എന്നീ രാജ്യക്കാരും മരിച്ചവരിൽ ഉൾപ്പെടും. മിക്കവരും വീസാ മാറ്റത്തിനായി കിഷിലേയ്ക്ക് പുറപ്പെട്ടവരായിരുന്നു.

​മംഗലാപുരത്തുണ്ടായ ദുരന്തത്തിൽ ദുബായിൽ നിന്നുള്ള 158 യാത്രക്കാരാണ് മരിച്ചത്. ഇതിൽ ആറ് വിമാനജീവനക്കാരും ഉൾപ്പെടും. ആറ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു ഇത്. കഫ്റ്റീരിയ, ഗ്രോസറി തുടങ്ങിയയിടങ്ങളിൽ ജോലി ചെയ്തിരുന്ന സാധാരണക്കാരാണ് മരിച്ചവരിൽ ഭൂരിഭാഗവും. ബജ്പെ വിമാനത്താവളത്തിലിറങ്ങുമ്പോൾ റൺവേയിൽ നിന്ന് തെന്നിമാറി കുഴിയിലേയ്ക്ക് വീണ വിമാനത്തിന് തീ പിടിക്കുകയായിരുന്നു. മിക്കവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞുപോയി. 2010 സെപ്റ്റംബറിൽ അമേരിക്കൻ കാർഗോ വിമാനം ദുബായ് എമിറേറ്റ്സ് റോഡിൽ തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here