മോസ്‌കോ:പാശ്ചാത്യചേരിയുടെ  യുദ്ധകോലാഹലങ്ങൾക്കിടെ മുൻനിശ്ചയപ്രകാരമുള്ള സൈനികാഭ്യാസം പൂർത്തിയാക്കി അതിര്‍ത്തിമേഖലകളില്‍ നിന്നും റഷ്യൻസേന മടങ്ങിത്തുടങ്ങി. റഷ്യയുടെ തെക്കൻ, പടിഞ്ഞാറൻ മേഖലയിൽ തമ്പടിച്ചിരുന്ന സൈന്യമാണ്‌ പരിശീലനം പൂർത്തിയാക്കി മടങ്ങുന്നതെന്ന്‌ പ്രതിരോധ മന്ത്രാലയ വക്താവ്‌ മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ്‌ അറിയിച്ചു. *1,30,000ഓളം  സൈനികരാണ്‌ അഭ്യാസത്തിന്റെ ഭാ​ഗമായത്.ബുധനാഴ്ച റഷ്യ ഉക്രയ്‌നെ ആക്രമിക്കുമെന്ന്‌ അമേരിക്കയടക്കം രാജ്യങ്ങൾ “മുന്നറിയിപ്പ്‌’ നൽകിയതിനിടെയാണ് റഷ്യന്‍ സൈന്യത്തിന്റെ മടക്കം. ഏകപക്ഷീയമായി ഉക്രയ്‌നെ ആക്രമിക്കില്ലെന്ന്‌ റഷ്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

ചര്‍ച്ചയാകാം:- പുടിന്‍
ഉക്രയ്ന്‍ അതിര്‍ത്തിയിലെ സ്ഥിതി​ഗതികളില്‍ പാശ്ചാത്യരാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്‍.  റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ, സുരക്ഷാകാര്യങ്ങളിൽ അമേരിക്കയും നാറ്റോ സഖ്യവും ഇടപെട്ടാൽ കണ്ണടച്ചിരിക്കാൻ കഴിയില്ലെന്നും പുടിൻ പറഞ്ഞു.മോസ്‌കോയിൽ ജർമൻ ചാൻസലർ ഒലാഫ്‌ ഷോൾസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്തവാര്‍ത്താസമ്മേളനത്തിലാണ് പുടിന്റെ പ്രതികരണം.  നയതന്ത്രസാധ്യത അടഞ്ഞിട്ടില്ലെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അതിര്‍ത്തിയില്‍ നിന്നും സേന പിന്മാറുന്നത് ശുഭസൂചനയാണെന്നും ഷോല്‍സ് മാധ്യമങ്ങളോട് പറഞ്ഞു. കീവിൽ ഉക്രയ്‌ൻ പ്രസിഡന്റിനെ സന്ദർശിച്ചശേഷമാണ്‌ ഷോൾസ്‌ മോസ്കോയില്‍ എത്തിയത്‌.    

ചർച്ചകൾ റഷ്യ തയ്യാറാണെന്നും നാറ്റോ സഖ്യത്തിൽ ഉക്രയ്‌നെ അംഗമാക്കില്ലെന്ന ഉറപ്പാണ്‌ വേണ്ടതെന്നും റഷ്യന്‍ വിദേശമന്ത്രി സെർജി ലവ്‌റോവ്‌ പ്രതികരിച്ചു. നാറ്റോ സഖ്യം ഉക്രയ്‌നിലെ ആയുധവിന്യാസം അവസാനിപ്പിച്ച്‌ കിഴക്കൻ യൂറോപ്പിൽനിന്ന്‌ സൈന്യത്തെ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2 ഉക്രയ്‌ന്‍ ന​ഗരങ്ങളെ  
സ്വതന്ത്രമേഖലയായി 
അംഗീകരിക്കാൻ റഷ്യ
കിഴക്കൻ ഉക്രയ്‌നിലെ റഷ്യൻ അനുകൂല നഗരങ്ങളായ ഡോൺബാസ്‌, ലുഹാൻസ്‌ക്‌ എന്നിവയെ സ്വതന്ത്രപരമാധികാര ജനകീയ റിപ്പബ്ലിക്കുകളായി അം​ഗീകരിക്കാനുള്ള പ്രമേയം റഷ്യൻ അസംബ്ലി ഡ്യൂമ പാസാക്കി. കമ്യൂണിസ്റ്റ്‌ പാർടി അവതരിപ്പിച്ച പ്രമേയത്തെ സ്‌പീക്കറും ഡ്യൂമയിലെ അഞ്ച്‌ പാർടികളും പിന്തുണച്ചു. പ്രമേയം പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്‌. 2014ൽ  ആണ്‌ ഇരുനഗരവും ഉക്രയ്‌നിൽ നിന്ന്‌ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് റിപ്പബ്ലിക്കുകളായി സ്വയം പ്രഖ്യാപിച്ചത്. എന്നാല്‍ ഉക്രയ്ന്‍ സേന ന​ഗരങ്ങള്‍ വളഞ്ഞുവച്ചിരിക്കുകയാണ്. 

നിലവിൽ മറ്റുരാജ്യങ്ങളൊന്നും ഇവയെ അംഗീകരിച്ചിട്ടില്ല. തെക്കുകിഴക്കന്‍ ഉക്രയ്ന്‍ മേഖലയിലെ ഡോണ്‍ബാസില്‍ ഒമ്പതുലക്ഷത്തിലേറെ പൗരന്മാരുണ്ട്. കിഴക്കന്‍ മേഖലയായ ലുഹാന്‍സ്കില്‍ 21 ലക്ഷത്തിലേറെ ആളുകളുണ്ട്.

നയതന്ത്ര പരിഹാരം വേണം: ഗുട്ടെറസ്‌
റഷ്യ–- ഉക്രയ്‌ൻ വിഷയത്തിൽ നയതന്ത്ര പരിഹാരം കാണണമെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. പൊതുവായ പ്രസ്താവനകൾ പിരിമുറുക്കങ്ങൾ പരിഹരിക്കാനുള്ളതാകണം. അല്ലാതെ, പ്രശ്‌നത്തിന്‌ ആക്കംകൂട്ടുന്നതാകരുത്.  റഷ്യൻ വിദേശമന്ത്രി സെർജി ലവ്‌റോവുമായും ഉക്രയ്‌ൻ വിദേശമന്ത്രി ദിമിത്രോ കുലേബയുമായും ഗുട്ടെറസ്‌ വെർച്വലായി കൂടിക്കാഴ്‌ച നടത്തി.

സഹകരണത്തിന്‌ ബെലാറസും ഉക്രയ്‌നും
സൈനിക സഹകരണവും മേഖലയിലെ സുരക്ഷയും ശക്തിപ്പെടുത്താൻ ഉക്രയ്‌നും ബെലാറസും. ബെലാറസ്‌ പ്രതിരോധമന്ത്രി വിക്‌ടർ ക്രനിനും ഉക്രയ്‌ൻ പ്രതിരോധമന്ത്രി ഒലെക്സി റസ്‌കിനോവും  ഇതുസംബന്ധിച്ച്‌ ഫോണിൽ സംസാരിച്ചു.  ഉക്രയ്‌നുമായി സംഘർഷത്തിന്‌ ആരും ശ്രമിക്കുന്നില്ലെന്നും റഷ്യ ആക്രമിക്കുമെന്ന്‌ പടിഞ്ഞാറൻ രാജ്യങ്ങൾ വ്യാജപ്രചാരണം നടത്തുകയാണെന്നും ബെലാറസ്‌ പ്രസിഡന്റ്‌ അലക്‌സാണ്ടർ ലുകാഷെൻകോ കഴിഞ്ഞ ദിവസം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here