വാഷിങ്ടൻ ഡി സി: ദൈവത്തെ ഓർത്ത് പൂട്ടിൻ അധികാരത്തിൽ തുടരരുതെന്ന ബൈഡന്റെ പ്രസ്താവന വിവാദമായതിനെ തുടർന്ന് പുതിയ വ്യാഖ്യാനവുമായി ബൈഡൻ രംഗത്തെത്തി. ജനം ആഗ്രഹിക്കുന്നതു പുട്ടിൻ രാജ്യം ഭരിക്കരുതെന്നാണെന്നും, ഭരണമാറ്റമെന്നത് അമേരിക്കൻ നയമല്ലെന്നും ആവർത്തിച്ചു.

പുട്ടിന്റെ പെരുമാറ്റം അതിരു കവിഞ്ഞതാണെന്നും, പുട്ടിനെകുറിച്ചുള്ള തന്റെ അഭിപ്രായത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്നും ബൈഡൻ പറഞ്ഞു. താൻ ധാർമികരോഷം പ്രകടിപ്പിക്കുന്നത് പുട്ടിന്റെ ഭീകരവും അധാർമീകവുമായ പ്രവർത്തനങ്ങളോടാണെന്നും ബൈഡൻ പറഞ്ഞു.

യൂറോപ്യൻ പര്യടനത്തിൽ ബൈഡൻ നടത്തിയ പല പ്രസ്താവനകളോടും വൈറ്റ് ഹൗസ് വിമുഖത പ്രകടിപ്പിക്കുകയും പല സന്ദർഭങ്ങളിലും അതിനെ തിരുത്തുകയോ, മറ്റു വിധത്തിൽ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ടി വന്നതെന്ത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എന്റെ  പ്രസ്താവനകളിൽ നിന്നും താൻ ഒരിക്കലും പുറകോട്ടു പോയിട്ടില്ല എന്നായിരുന്നു ബൈഡന്റെ മറുപടി.

റഷ്യ യുക്രയ്നെതിരെ രാസായുധം ഉപയോഗിക്കുകയാണെങ്കിൽ പ്രതികരണമെന്തായിരിക്കുമെന്ന ചോദ്യത്തിന് അതു സംഗതികൾ കൂടുതൽ വഷളാക്കുമെന്നാണ് ബൈഡൻ മുന്നറിയിപ്പു നൽകിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here