ഹോങ്കോംഗ്: ഏഷ്യൻ കപ്പ് ഫുട്‌ബോളിന് വേദിയാകാനില്ലെന്ന് ചെെന. 2023 ജൂണിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റിന്റെ ആതിഥേയത്വത്തിൽ നിന്നാണ് ചെെന പിന്മാറിയത്.

കൊവിഡ് വ്യാപനം മൂലമാണ് പിന്മാറ്റമെന്ന് ചെെന വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ തീരുമാനം ഇവർ ഏഷ്യൻ ഫുഡ്ബോൾ ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. ഖത്തറാണ് നിലവിലെ ഏഷ്യൻ കപ്പ് ചാമ്പ്യന്മാർ.

ആതിഥേയത്വം ഉപേക്ഷിക്കാനുള്ള ചെെനയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ഏഷ്യൻ ഫുഡ്ബോൾ ഫെ‌ഡറേഷൻ വ്യക്തമാക്കി. ടൂർണമെന്റിന്റെ ആതിഥേയത്വം സംബന്ധിച്ച വിവരങ്ങൾ യഥാസമയം അറിയിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.

നാല് വർഷത്തിലൊരിക്കൽ ഏഷ്യൻ ഭൂഖണ്ഡത്തിലുടനീളമുള്ള ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ടൂർണമെന്റാണിത്. ഇത്തവണ 24 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് 2023 ജൂൺ 16 മുതൽ ജൂലയ് 16 വരെ പത്ത് നഗരങ്ങളിലായാണ് ഏഷ്യൻ കപ്പ് നടക്കാനിരുന്നത്.

ഒമിക്രോണിന്റെ വ്യാപനത്തിന് പിന്നാലെ ചെെനയിലുടനീളം കടുത്ത നിയന്ത്രണങ്ങളാണ് തുടരുന്നത്. വിന്റർ ഒളിംപിക്‌സ് ഒഴികെയുള്ള മിക്ക അന്താരാഷ്ട്ര കായിക ഇനങ്ങളും കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്‌തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here