ടോക്കിയോ: പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) അന്തരിച്ചു. നെഞ്ചിലും കഴുത്തിലുമായി ണ്ടു തവണ വെടിയേറ്റ ഷിന്‍സോയ്ക്ക് ഹൃദയാഘാതവുമുണ്ടായി. വെള്ളിയാഴ്ച പടിഞ്ഞാറന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കവേയാണ് മുന്‍ നേവി ജീവനക്കാരന്‍ കൂടിയായ അക്രമി ടെറ്റ്‌സുയ യമഗാമി പിന്നില്‍ നിന്ന് വെടിവച്ചത്.

വെടിയേറ്റ് നിലത്തുവീണ ഷിന്‍സോയെ ഉടന്‍ തന്നെ കാഷിഗാര ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടാനുള്ള സാധ്യത വളരെ വിരളമായിരുന്നു. വെടിയേറ്റ് വീണ ഷിന്‍സോ ചലനമറ്റാണ് കിടന്നിരുന്നതെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷിന്‍സോയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്‍എച്ച്‌കെ, ജിജി ന്യൂസ് ഏജന്‍സികള്‍ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായിരുന്ന ആബെ 2020 ഓഗസ്റ്റിലാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് ഫുമിയോ കിഷിദ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.

രാഷ്ട്രീയ അസ്ഥിരാവസ്ഥയിലായിരുന്ന ജപ്പാനെ ഉറച്ച ഭരണത്തിലൂടെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തിയത് ആബെ ആയിരുന്നു. 2006 മുതല്‍ 2007 വരെയും പിന്നീട് 2012 മുതല്‍ 2020 വരെയും ആബെ പ്രധാനമന്ത്രിയിരുന്നു. ജപ്പാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയായിരുന്നു ആബെ.

സാമ്പത്തിക പരിഷ്‌കരണം, സുനാമി പുനരധിവാസം, അയല്‍ രാജ്യമായ ചൈനയുമായുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികള്‍ മറികടന്നാണ് ലിബറല്‍ പാര്‍ട്ടി അധികാരത്തിലെത്തിയിരിക്കുന്നത്

2006ല്‍ 52ാം വയസ്സില്‍ അധികാരത്തിലെത്തിയ ഷിന്‍സോ ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായിരുന്നു. അകി മത്സുസകിയാണ് ഭാര്യ.

ഇന്ത്യയുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയ നേതാവായിരുന്നു ആബെ. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാജ്യത്ത് നാളെ ദുഃഖാചരണമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പ്രിയ സുഹൃത്തിന്റെ ആകസ്മിക മരണം ഏറെ ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു. സവിശേഷ വ്യക്തിത്വവും ഭരണപാടവുമുള്ള നേതാവായിരുന്നു. ജപ്പാനും ലോകത്തിനും വേണ്ടി അദ്ദേഹംതന്റെ ജീവന്‍ സമര്‍പ്പിച്ചുവെന്നും മോദി അനുസ്മരിച്ചു.

ആബെയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ്ശങ്കര്‍ അനുശോചനം അറിയിച്ചു.

മന്‍മോഹന്‍ സിംഗ്, നരേന്ദ്ര മോദി സര്‍ക്കാരുകളുടെ കാലത്ത് പല തവണ ആബെ ഇന്ത്യയിലെത്തിയിട്ടുണ്ട്. മോദിയുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ആബെ ഗുജറാത്ത് സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ക്ഷണപ്രകാരം മോദി ജപ്പാന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ട്വിറ്ററില്‍ അന്ന് മോദിയെ പിന്തുടര്‍ന്നിരുന്ന ഒരേ ഒരു അന്താരാഷ്ട്ര നേതാവായിരുന്നു ഷിന്‍സോ ആബെ. പിന്നീട് 2014ല്‍ മോദി പ്രധാനമന്ത്രിയായതോടെ ഇരുവരും തമ്മിലുള്ള വ്യക്തിബന്ധം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തെ ചരിത്രത്തിലെ ഏറ്റവും ശക്തമായ തലത്തിലേക്ക് ഉയര്‍ത്തി. അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയടക്കം ഇന്ത്യയുടെ നിരവധി വികസന പദ്ധതികളില്‍ ജപ്പാന്‍ ഇന്ന് പങ്കാളിയാണ്.

2006ല്‍ ആദ്യമായി അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയിലെത്തിയ ആബെയാണ് ഇന്ത്യ-ജപ്പാന്‍-അമേരിക്ക- ആസ്‌ട്രേലിയ പ്രതിരോധസഖ്യം രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചത്. ക്വാഡ് എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഈ ചതുര്‍രാഷ്ട്ര കൂട്ടായ്മ പസഫിക് സമുദ്രമേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് സ്വാധീനത്തിനും സാന്നിധ്യത്തിനും വലിയ പ്രതിരോധമാണ് തീര്‍ത്തത്. 2014ല്‍ റിപ്പബ്‌ളിക് ദിന പരേഡില്‍ മുഖ്യാതിഥിയായി എത്തിയ ആബെ നിര്‍ണായകമായ നിരവധി കരാറുകളില്‍ ഒപ്പുവച്ചിരുന്നു.

72മത് റിപ്പബ്ലിക് ദിനത്തില്‍ (2021) രാജ്യം ഉന്നത സിവിലിയന്‍ പുരസ്‌കാരം ഷിന്‍സോ ആബേയക്ക് സമ്മാനിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ നല്‍കിയ സംഭാവനകള്‍ പരി?ഗണിച്ചാണ് ഷിന്‍സോ ആബെയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here