ന്യൂഡല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയുടെ (67) വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആബെയുടെ വിയോഗത്തില്‍ താന്‍ ദു:ഖിതനാണെന്നും അദ്ദേഹം മികച്ച രാഷ്ട്രതന്ത്രജ്ഞനും നേതാവും ശ്രദ്ധേയനായ ഭരണാധികാരിയായിരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ നാളെ ഒരു ദിവസത്തെ ദേശീയ ദു:ഖാചരണം ആചരിക്കും. ആബെയ്‌ക്കൊപ്പമുളള ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആബെയ്‌ക്കൊപ്പമുളള എന്റെ ബന്ധം വര്‍ഷങ്ങള്‍ പഴക്കമുളളതാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പ്രധാനമന്ത്രിയായതിനു ശേഷവും ഞങ്ങളുടെ സൗഹൃദം തുടര്‍ന്നു. സമ്പത്ത് വ്യവസ്ഥയെയും ആഗോള കാര്യങ്ങളെയും കുറിച്ചുളള അദ്ദേഹത്തിന്റെ ഉര്‍ക്കാഴ്ചകള്‍ എന്നില്‍ എല്ലായ്‌പ്പോഴും മതിപ്പുളവാക്കി.

ഈ അടുത്തിടെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ആബെയെ കാണാനും ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരം ലഭിച്ചിരുന്നു. അത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും ജപ്പാന്‍ ജനതയ്ക്കും അനുശോചനമറിയിക്കുന്നു.

ഇന്ത്യ-ജപ്പാന്‍ ബന്ധം തന്ത്രപരവും ആഗോളപരവുമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യ- ജപ്പാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം എപ്പോഴും ആവേശഭരിതനായിരുന്നു. ഈ ദുഷ്‌കരമായ നിമിഷത്തില്‍ ജപ്പാനീസ് സഹോദരിസഹോരന്മാരോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊളളുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here