ടോക്കിയോ: അക്രമിയുടെ വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനമായി പ്രയത്‌നിക്കുകയാണ്. നീചമായ പ്രവൃത്തിയാണ് അക്രമി ചെയ്തതെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിക്കലൂം ക്ഷമിക്കാനാവാത്ത ആക്രമണമാണിത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തിനു വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യും.-ഫുമിയോ കിഷിദ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തായിരുന്നു ഫുമിയോ, ആബെ ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതോടെ പ്രചാരണം നിര്‍ത്തിവച്ച് ടോക്കിയോവിലേക്ക് മടങ്ങിയെത്തി.

അതേസമയം, ആബെയെ വധിക്കാന്‍ വേണ്ടി തന്നെയാണ് വെടിവച്ചതെന്ന് അക്രമി ടെറ്റ്‌സുയ യമഗാമി പോലീസിനോട് പ്രതികരിച്ചു. ആബെയുടെ പ്രവര്‍ത്തനത്തില്‍ താന്‍ അസംതൃപ്തനായിരുന്നുവെന്നും അയാള്‍ പറയുന്നു.

ജപ്പാനിലെ നാരാ നഗരത്തില്‍ തന്നെ താമസിക്കുന്ന ആളാണ് ടെറ്റ്‌സുയ യമഗാമി. പ്രദേശികമായി നിര്‍മ്മിച്ച തോക്കാണ് ഇയാള്‍ ഉപയോഗിച്ചത്. മൂന്‍പ് നേവിയില്‍ ജോലി ചെയ്തിരുന്ന ആളാണെന്നും സുരക്ഷാസേന വ്യക്തമാക്കി.

ആബെയ്ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ലോക നേതാക്കള്‍ അപലപിച്ചു. ആത്മ സുഹൃത്ത് ആബെയ്ക്കു നേര്‍ക്കുണ്ടായ ആക്രമണവാര്‍ത്ത ഏറെ വേദനിപ്പിച്ചു. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും ജപ്പാനിലെ ജനതയോടുമൊപ്പമാണ് താന്‍-പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ആക്രമണ വാര്‍ത്ത ഞെട്ടിപ്പിച്ചുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഏറെ ദുഃഖകരമാണിത്. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക അദ്ദേഹത്തിന്റെ കുടുംബത്തോടും ജപ്പാന്‍ ജനതയ്‌ക്കൊപ്പമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ മേധാവി മൈക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, നാറ്റോ മേധാവി തുടങ്ങിയവരും ആക്രമണത്തില്‍ അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here