ജനീവ: റഷ്യയും യുക്രൈനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ നിര്‍ദേശവുമായി ഐക്യരാഷ്ട്രസഭയില്‍ മെക്‌സികോ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയുകയുള്ളൂവെന്ന് മെക്‌സികന്‍ വിദേശകാര്യ മന്ത്രി മാഴ്‌സെലോ ലൂയിസ് എബ്രാര്‍ഡ് അഭിപ്രായപ്പെട്ടു.

 

മേഖലയില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിന് ഒരു പ്രത്യേക സമിതി രൂപവത്കരിക്കണമെന്നാണ് മെക്‌സികോ പറയുന്നത്. ഈ കമ്മിറ്റിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാര്‍പാപ്പ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തുടങ്ങിയവര്‍ ഉണ്ടാകണമെന്നാണ് മെക്‌സികോയുടെ അഭിപ്രായം.

 

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ മോദി-പുതിന്‍ കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് മെക്‌സികോയുടെ നിര്‍ദേശം. ‘ഇക്കാലഘട്ടം യുദ്ധത്തിന്‍റേത് അല്ലെ’ന്ന മോദിയുടെ പ്രസ്താവനയെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും സ്വാഗതം ചെയ്തിരുന്നു.

 

താന്‍ മുന്നോട്ടുവെക്കുന്നത് മെക്‌സികന്‍ പ്രസിഡന്റ് പറഞ്ഞ ആശയമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന ഏതൊരു നയത്തേയും മെക്‌സികോ പിന്തുണയ്ക്കും. പരസ്പര ചര്‍ച്ച, നയതന്ത്ര ബന്ധം എന്നിവയിലൂടെ മാത്രമേ സമാധാനം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്നും മാഴ്‌സെലോ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here