റായ് ശതാബ്ദി മഹോത്സവത്തിന് ഞായറാഴ്ച (സെപ്തം 25) തുടക്കമാകും; ഒരു മാസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തില്‍ അത്യപൂര്‍വവും ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെടാന്‍ പോകന്നതുമായ റായ് സ്മാരകവസ്തുക്കളുടെ പ്രദര്‍ശനം, ലോകപ്രശസ്തരായ ചലച്ചിത്രകാരന്മാരും നിരൂപകരും പങ്കെടുക്കുന്ന ചര്‍ച്ചാപരിപാടികള്‍, പ്രഭാഷണങ്ങള്‍, റായിയുടെ മൂന്നു സിനിമകളുടെ പ്രദര്‍ശനം, പുസത്കപ്രകാശനം എന്നിവ ഉള്‍പ്പെടുന്നു

കൊച്ചി: ലോകോത്തര ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ ജന്മശതാബ്ദിവര്‍ഷം പ്രമാണിച്ച് കേരള ലളിതകലാ അക്കാദമിയും കൊല്‍ക്കൊത്ത സെന്റര്‍ ഫോര്‍ ക്രിയേറ്റിവിറ്റിയും (കെസിസി) സംയുക്തമായി സംഘടിപ്പിക്കുന്ന ദി സത്യജിത് റായ് സെന്റിനറി ഷോയുടെ മൂന്നാം വാല്യത്തിന് അക്കാദമിയുടെ ദര്‍ബാര്‍ ഹാളില്‍ ഞായറാഴ്ച (സെപ്തം 25) തുടക്കമാകും. വൈകീട്ട് 5 മണിക്ക് മേയര്‍ അഡ്വ. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ, നിയമമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്തും സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലളിതകലാ അക്കാദമി ചെയര്‍പെഴ്‌സണ്‍ മുരളി ചീരോത്ത് സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ ചലച്ചിത്രകാരനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ മുഖ്യപ്രഭാഷണം നടത്തും. കലാകാരനായ സുരേന്ദ്രന്‍ നായരെ ചടങ്ങില്‍ ആദരിക്കും. കെസിസി വിഷ്വല്‍ ആര്‍ട്‌സ് ഹെഡ് സിദ്ധാര്‍ത്ഥ് ശിവകുമാറിന്റെ പ്രദര്‍ശനപരിപാടികലെപ്പറ്റി ആമുഖപ്രഭാഷണം നടത്തും. കൊല്‍ക്കൊത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ്, മിനി എസ് മേനോന്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ബംഗാളി പരിഭാഷകന്‍ സുനില്‍ ഞാളിയത്ത് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും. അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ കൃതജ്ഞത രേഖപ്പെടുത്തും.

ഗാലറി റാസയുടെ ശേഖരത്തിലുള്ളതും റായുടെ പ്രതിഭയുടെ ഏറെ അറിയപ്പെടാത്ത മറ്റൊരു മുഖം അനാവരണം ചെയ്യുന്നതുമായ ലോബി കാര്‍ഡുകള്‍, പോസ്റ്ററുകള്‍, സ്റ്റോറിബോര്‍ഡുകള്‍, പുസ്തകച്ചട്ടകള്‍, നെമായ് ഘോഷ്, താരാപഥ ബാനര്‍ജി എന്നിവരെടുത്ത അപൂര്‍വ ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ പ്രദര്‍ശനമാകും മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം.

ഷോയുടെ മുന്‍ പതിപ്പുകളില്‍ പ്രദര്‍ശിപ്പിച്ച് ഏറെ ജനപ്രീതി നേടിയ ശത്രഞ്ജ കേ ഖിലാഡിയില്‍ ഉപയോഗിച്ച വസ്ത്രങ്ങളും ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ശത്രഞ്ജ് കേ ഖിലാഡിയുടെ നിര്‍മാതാവ് സുരേഷ് ജിന്‍ഡാലിന്റെ ശേഖരത്തില്‍ നിന്നാണ് ഇവ എത്തിയിരിക്കുന്നത്. ഇവയ്ക്കു പുറമെ ദേബ്ജാനി റായ്ക്ക് റായ് അയച്ചതും ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്തതുമായ കത്തുകളും മേളയിലുണ്ടാകും.

മേളയുടെ ഭാഗമായി സെപ്തംബര്‍ 27ന് വൈകീട്ട് 5ന് എ ഫൈന്‍ ബാലന്‍സ് – സെന്‍സ് ഇന്‍ റായിസ് ഗ്രാഫിക് ഡിസൈന്‍ എന്ന വിഷയത്തില്‍ പിനാകി ഡേയുടെ അവതരണം, 28ന് വൈകീട്ട് 5ന് റായിയ്ക്കു ശേഷം എന്ന വിഷയത്തില്‍ ധൃതിമാന്‍ ചാറ്റര്‍ജി, ടിന്നു ആനന്ദ് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുക്കുന്ന സംഭാഷണം എന്നിവയും നടക്കും.

ഒക്ടോബര്‍ 2, 12, 16 തീയതികളില്‍ റായിയുടെ പ്രശസ്ത ചലച്ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്നു ചലച്ചിത്രങ്ങളുടെ സ്്ക്രീനിംഗ് നടക്കും. വൈകീട്ട് 5-30നാണ് സ്‌ക്രീനിംഗ് സമയം. ഒക്ടോബര്‍ 6ന് വൈകീട്ട് 5ന് പ്രശസ്ത സിനിമാ നിരൂപകന്‍ സി എസ് വെങ്കിടേശ്വരന്‍ റായിയുടെ സിനികളെപ്പറ്റി എഴുതി എസ്പിസിഎസ് പ്രസിദ്ധീകരിക്കുന്ന പ്രപഞ്ചം പ്രതിഫലിക്കുന്ന ജലകണം എന്ന പുസ്തകത്തിന്റെ പ്രകാശനവും റായ് ശതാബ്ദി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 23ന് വൈകീട്ട് 5ന് സാമിക് ബന്ദോപാധ്യായ മോഡറേറ്ററായി ഗിരീഷ് കാസറവള്ളി, ഗൗതം ഘോഷ്, ഷാജി എന്‍ കരുണ്‍ എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ചാപരിപാടിയും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here