ന്യൂയോര്‍ക്ക്: ട്വിറ്ററിലെ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനിയുടെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അധികം വൈകാതെ തന്നെ ജീവനക്കാരെ പിരിച്ചുവിടാന്‍ മസ്‌ക് പദ്ധതിയിട്ടിട്ടുണ്ടെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

 

പിരിച്ചുവിടേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ മാനേജര്‍മാരോട് മസ്‌ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ നീക്കവുമായി ബന്ധമുള്ള ചിലയാളുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 

മസ്‌ക് കമ്പനി ഏറ്റെടുത്താല്‍ നിരവധി ജീവനക്കാരെ പുറത്താക്കാനിടയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

 

വ്യാഴാഴ്ച 4400 കോടി ഡോളറിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയായതിന് പിന്നാലെ ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു.

അതേസമയം എത്രപേരെ പിരിച്ചുവിടുമെന്ന് കൃത്യമായി പറയാനാവില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. നിലവില്‍ ട്വിറ്ററിന് ഏകദേശം 75000 ജീവനക്കാരുണ്ട്.

പിരിച്ചുവിടപ്പെടുന്നവര്‍ക്കെല്ലാം നിയമപരമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യും. ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായ തുകയായിരിക്കും ഇത് എന്നാണ് വിവരം.

ജീവനക്കാരെ വെട്ടിക്കുറയ്ക്കുക പുതിയ കണ്ടന്റ് മോഡറേഷന്‍ സമിതി രൂപീകരിക്കുക, പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുക തുടങ്ങിയവ മസ്‌കിന്റെ പ്രാഥമിക അജണ്ടകളില്‍ ചിലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here