വ്ളാദിമിർ പുടിൻ റഷ്യയെ തകർക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി. സൈനിക വേഷത്തിലുള്ളവരെ അഭിസംബാധന ചെയ്ത് പുടിൻ പുതുവത്സരാശംസകൾ അറിയിച്ചതിന് പിന്നാലെയാണ് വിമർശനവുമായി സെലൻസ്കി രംഗത്തെത്തിയത്. റഷ്യൻ പ്രസിഡന്റ് അദ്ദേഹത്തിന്റെ സൈന്യത്തിനു പിന്നിൽ ഒളിച്ചിരിക്കുകയാണെന്നും അവരെ നയിക്കുകയല്ലെന്നും സെലൻസ്കി പരിഹസിച്ചു.

ശനിയാഴ്ച യുക്രെയ്നെ സംബന്ധിച്ചിടത്തോളം മരണപ്പോരാട്ടം നടന്ന ദിവസമാണ്. യുക്രെയ്നികൾ ഒരിക്കലും റഷ്യയോട് ക്ഷമിക്കുകയില്ല. കുറഞ്ഞത് ഒരാളെങ്കിലും മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പുതുവത്സരം പിറക്കുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ പോലും കിയവിൽ മിസൈലുകൾ വർഷിക്കപ്പെട്ടുവെന്നും സെലൻസ്കി ആരോപിച്ചു.

 

ശനിയാഴ്ചയിലെ ആക്രമണം നടത്തിയവർ ​ക്രൂരൻമാരാണ്. മുന്നിൽ നിന്ന് നയിക്കുന്നു​വെന്നും സൈന്യം പിറകിലുണ്ടെന്നും കാണിക്കാൻ നിങ്ങളുടെ നേതാവ് ആഗ്രഹിക്കുന്നു. എന്നാൽ യഥാർഥത്തിൽ അദ്ദേഹം ഒളിച്ചിരിക്കുകയാണ്. സൈന്യത്തിനു പിന്നിൽ, മിസൈലിനു പിന്നിൽ, അ​ദ്ദേഹത്തിന്റെ വീടിന്റെയും കൊട്ടാരത്തിന്റെയും ചുമരുകൾക്കു പിന്നിൽ ഒളിച്ചിരിക്കുകയാണ്.

അദ്ദേഹം നിങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്നു. നിങ്ങളുടെ രാജ്യത്തെ കത്തിക്കുകയും ഭാവിയെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ തീവ്രവാദത്തിന് ലോകത്ത് ആരും നിങ്ങൾക്ക് മാപ്പ് നൽകില്ല. യുക്രെയ്ൻ ഒരിക്കലും മാപ്പ് തരില്ല. -സെലൻസ്കി പറഞ്ഞു.

സെലൻസ്കി പിന്നീട് യുക്രെയ്നിയൻ ജനതക്ക് പുതുവത്സരാശംസകൾ നേർന്നു. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാനുള്ള അവരുടെ അഭൂതപൂർവമായ പ്രയത്നത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

രാജ്യം മുഴുവൻ, നമ്മുടെ എല്ലാ മേഖലകളിലും നാം ഒരു ടീമായി നിന്ന് പൊരുതുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും ബഹുമാനിക്കുന്നു. യുക്രെയ്നിന്റെ എല്ലാ പ്രദേശത്തോടും നന്ദി പറയാൻ ഞാൻ ​ആഗ്രഹിക്കുന്നു. -സെലൻസ്കി പറഞ്ഞു.

റഷ്യയുടെ 20 ക്രൂയിസ് മിസൈലുകളിൽ 12 എണ്ണം തകർക്കാൻ സാധിച്ചുവെന്ന് യുക്രെയ്ൻ സൈനിക മേധാവി വലേറി സലുഴ്നി പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും ഭീകരമായ വ്യോമയുദ്ധം നടന്ന് രണ്ട് ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും ശക്തമായ ആക്രമണം റഷ്യ നടത്തിയത്. തുടർച്ചയായ ആക്രമണങ്ങൾ യുയ്രെ്നിൽ വ്യാപകമായ വൈദ്യുതി വിച്ഛേദത്തിനുൾപ്പെടെ ഇടയാക്കിയിരുന്നു.

സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നില്ലെന്ന് റഷ്യ നിരന്തരം പറയുന്നുണ്ട്. അതേസമയം, അടിയന്തര ഊർജ സംവിധാനത്തെ ലക്ഷ്യമിട്ടതായി ഈയിടെ പുടിൻ സമ്മതിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here