കൊൽക്കത്ത: ചൈനയിൽ കൊവിഡിന്റെ രൂക്ഷവ്യാപനത്തിന് കാരണമാവുന്ന ഒമിക്രോണിന്റെ വകഭേദമായ ബി എഫ്.7 ഇന്ത്യയിൽ നാലുപേർക്കുകൂടി സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് പശ്ചിമബംഗാളിൽ മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലു ബംഗാൾ സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്. ഇവരിൽ മൂന്നുപേർ നാദിയ നിവാസികളും ഒരാൾ കൊൽക്കത്ത നിവാസിയുമാണ്.

ഡിസംബർ ആദ്യവാരത്തിലാണ് നാലുപേരും ബംഗാളിലെത്തിയത്. പനി, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളെത്തുടർന്ന് നടത്തിയ പരിശോധനയിൽ ബി എഫ്.7 വകഭേദം കണ്ടെത്തുകയായിരുന്നു. നാലുപേർക്കും ആശുപത്രി ചികിത്സ ആവശ്യമായി വന്നില്ലെന്നും രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയ മറ്റാർക്കും രോഗം പകർന്നില്ല. അതിനാൽ തന്നെ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 188 ആണ്. നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 2554 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധയേറ്റവരുടെ എണ്ണം 4,46,79,319 ആയി ഉയർന്നു. 5,30,710 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.10 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.12 ശതമാനവും. രാജ്യത്തെ രോഗമുക്തി നിരക്ക് 98.80 ശതമാനമായി ഉയർന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here