തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 23ന് തുടങ്ങും. 23ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ ചേരുക. തുടര്‍ന്നുള്ള രണ്ട് ദിവസം നയപ്രഖ്യാപന പ്രസംഗത്തില്‍ മേലുള്ള നന്ദിപ്രമേയം ചര്‍ച്ച ചെയ്യും. ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യത.

നയപ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കാന്‍ ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരിക്കും കരട് രൂപം തയ്യാറാക്കുക. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിഞ്ഞത് ഗവര്‍ണറെ ഔദ്യോഗികമായി അറിയിച്ച് വിജ്ഞാപനമിറക്കാന്‍ ഇന്നലെയാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം 13ന് സമ്മേളനം അവസാനിച്ചിരുന്നുവെങ്കിലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള നീക്കത്തെ തുടര്‍ന്ന് സഭ പിരിഞ്ഞതായി അറിയിച്ചിരുന്നില്ല.

 

സജി ചെറിയാ​ന്റെ മന്ത്രിസഭാ പ്രവേശനത്തിന് ഗവര്‍ണര്‍ എതിര്‍പ്പ് ​‍നില്‍ക്കാതെ വന്നതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടത്താന്‍ സര്‍ക്കാരും തീരുമാനിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്‌. പുതുവര്‍ഷത്തില്‍ എപ്പോഴായാലും അതു വേണ്ടിവരുമെന്നതും സര്‍ക്കാരിന്റെ നിലപാട്‌ മാറ്റത്തിനു കാരണമായി. നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ ക്രോഡീകരിക്കാന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ശാരദാ മുരളീധരനെ നേരത്തേ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇത്‌ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചാകും ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം തയാറാക്കുക. ഗവര്‍ണറുമായുള്ള വെടിനിര്‍ത്തല്‍ സംബന്ധിച്ച്‌ സി.പി.ഐയുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here