ലണ്ടന്‍: ഉക്രെയിന്‍ അധിനിവേശത്തെ എതിര്‍ത്തതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നിങ്ങളെ ഉപദ്രവിക്കണമെന്ന് തനിക്ക് താല്‍പ്പര്യമില്ലെന്നും പക്ഷേ ഒരൊറ്റ മിസൈലുകൊണ്ട് ഇല്ലാതാക്കാന്‍ കേവലം ഒരു മിനിറ്റ് മതിയെന്നും ഫോണിലൂടെ ഭീഷണി മുഴക്കിയെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജോണ്‍സന്റെ ഉക്രെയിന്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു പുടിന്റെ വിളി. റഷ്യന്‍ പ്രസിഡന്റില്‍ നിന്നും നീണ്ടു നില്‍ക്കുന്നതും അസാധാരണമായതുമായ കോള്‍ എന്നാണ് ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. റഷ്യന്‍ പട്ടാളക്കാര്‍ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്യുമ്പോഴും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ റഷ്യയ്ക്ക് ഉക്രെയിനെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നാണ് പുടിന്‍ ആണയിട്ടു പറഞ്ഞുകൊണ്ടിരുന്നത്.

 

ഉക്രെയിനെ ആക്രമിക്കാനുള്ള റഷ്യന്‍ നടപടികള്‍ക്ക് പാശ്ചാത്യ ശക്തികളുടെ അംഗീകാരം കിട്ടാന്‍ പാടാണെന്ന് വന്നതോടെയാണ് മുന്നറിയിപ്പ്. അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ ഉക്രെയിന് പിന്തുണ നല്‍കുമെന്നായിരുന്നു താന്‍ പുടിനോട് പറഞ്ഞതെന്നും ജോണ്‍സണ്‍ പറയുന്നു. ഉക്രെയിന്‍ നാറ്റോയില്‍ അടുത്തകാലത്തൊന്നും ചേരാന്‍ പോകുന്നില്ല എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് ബോറീസിനോട് ചോദിച്ച പുടിന്‍ അടുത്ത കാലത്തൊന്നും അത് സംഭവിക്കാന്‍ പോകുന്നില്ലെന്ന് നിങ്ങള്‍ക്ക് നന്നായിട്ടറിയാം എന്നും പറഞ്ഞു.

ഇതിന് പിന്നാലെയായിരുന്നു പുടിന്‍ ബോറിസിനെ ഭീഷണിപ്പെടുത്തിയതും. ഈ അസാധാരണ ഫോണ്‍സംഭാഷണം ബിബിസി രണ്ടു ഭാഗങ്ങളുള്ള പരമ്പരയായി സംപ്രേഷണം ചെയ്യുന്നുണ്ട്. ഈ പരിപാടിയില്‍ പ്രതിരോധ സെക്രട്ടറി വാലസ് ഫെബ്രുവരിയില്‍ മോസ്‌ക്കോയിലേക്ക് നടത്തിയ യാത്രയെക്കുറിച്ചും പറയുന്നുണ്ട്. റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു സൈനിക ഉദ്യോഗസ്ഥന്‍ വാലറി ജറാസിമോവ് എന്നിവരുമായി നടത്ത സംഭാഷണത്തെകുറിച്ചും പറയുന്നുണ്ട്.

ലോംഗ്‌റേഞ്ച് മിസൈലുകളുടെ വിതരണവുമായി ബന്ധപ്പെട്ട് പാശ്ചാത്യശക്തികളുമായി അടിയന്തിര ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്ന് ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയുടെ ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സന്റേയും വെളിപ്പെടുത്തല്‍ വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here