ഇസ്താംബൂള്‍: തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 550 കടന്നു. തുര്‍ക്കിയും അയല്‍രാജ്യമായ സിറിയയിലുമാണ് വലിയ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ മേഖലയില്‍ 7.9 തീവ്രതയുള്ള ഭൂചലനമാണ് തിങ്കളാഴ്ച പുലര്‍ച്ചെ 4.17ന് റിപ്പോര്‍ട്ട് ചെയ്തത്. 11 മിനിറ്റിനു ശേഷം 6.7 തീവ്രതയുള്ള തുടര്‍ ഭൂചലനവും അനുഭവപ്പെട്ടു.

നൂറുകണക്കിന് കെട്ടിടങ്ങളും നിലംപൊത്തി. പുലര്‍ച്ചെയായതിനാല്‍ വീടുകളില്‍ ഉറങ്ങിക്കിടന്നവരാണ് ദുരന്തത്തിനിരയായത്. 237 പേര്‍ സിറിയയില്‍ മാത്രം മരണമടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 639 പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വ്യക്തമാക്കി. അലെപ്പോ, ലടാകിയ, ഹമ, ടര്‍ടൂസ് എന്നിവിടങ്ങളിലാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. ഒരു നൂറ്റാണ്ടിനിടെയാണ് ഇത്രയും ശക്തമായ ഭൂചലനം മേഖലയില്‍ ഉണ്ടാകുന്നത്.

 

1999ല്‍ തൂര്‍ക്കിയില്‍ 7.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇസ്താംബൂളില്‍ ആയിരത്തിലേറെ പേര്‍ അടക്കം 17,000 പേരാണ് അന്ന് മരണമടഞ്ഞത്. 2020 ജനുവരില്‍ എലാസിഗിലുണ്ടായ 6.8 തീവ്രതയുള്ള ഭൂചലനത്തില്‍ 40 പേരാണ് മരിച്ചത്.അതേവര്‍ഷം ഒക്‌ടോബറിലുണ്ടായ ഭൂചലനത്തില്‍ 7.0 തീവ്രതയുള്ള ഭൂചലനത്തില്‍ 114 പേര്‍ മരണമടയുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കടിയിലാണ്. ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here