
ചന്ദ്രനിലിരുന്നു അത്ഭുതങ്ങൾ ഭൂമിയിലേക്ക് അയക്കുന്നതിൽ യാതൊരു മടിയും ചന്ദ്രയാൻ-3ന് ഇല്ല! നിലവിൽ പ്രഗ്യാനും റോവറും നിദ്രയിലാണെങ്കിലും മനുഷ്യനെ ഞെട്ടിക്കുന്നത് തുടരുകയാണ്. ചന്ദ്രയാൻ-3 ആദ്യം ചന്ദ്രനിലിറങ്ങി ഭൂമിയിലുള്ളവരെ ഞെട്ടിച്ചു, രണ്ടാമതായി സർപ്രൈസ് ലാൻഡിംഗ് നടത്തിയാണ് വിക്രം ലാൻഡർ ഞെട്ടിച്ചതെങ്കിൽ മൂന്നാമതായി പ്രഗ്യാൻ റോവർ പകർത്തിയ 3-ഡി ചിത്രമാണ് ഞെട്ടിക്കുന്നത്.
വിവിധ വശങ്ങളിൽ നിന്നെടുത്ത ചിത്രങ്ങൾ ത്രിമാന രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇസ്രോ. ‘അനഗ്ലിഫ്’ ആണ് പങ്കുവെച്ചിരിക്കുന്നത്. വസ്തുക്കളുടെയോ ഭൂപ്രദേശത്തിന്റെയോ ലളിതമായ ദൃശ്യവത്കരണമാണ് അനഗ്ലിഫ്. പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വെച്ച് (Super Impose), വ്യത്യസ്ത നിറങ്ങളിൽ പ്രിന്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ഇസ്രോ പുറത്തുവിട്ടത്. രണ്ട് കണ്ണുകൾ കൊണ്ട് കാണുന്നതിനെ വീണ്ടും ആവർത്തിച്ച് കാണിക്കുംവിധത്തിലുള്ള സ്റ്റീരിയോസ്‌കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാധാരണയായി ചുവപ്പും പച്ചയും നിറങ്ങൾ കലർത്തി, ഉചിതമായ ഫിൽട്ടറുകൾ ഉപയോഗിച്ച് കാണുമ്പോഴാണ് സ്റ്റീരിയോ ഇഫക്ട് ലഭിക്കുന്നത്. അത്തരത്തിലുള്ള ചിത്രമാണ് എക്‌സിൽ പങ്കുവെച്ചത്.
പ്രഗ്യാൻ റോവർ പങ്കിട്ട ചിത്രം, ഗതിനിയന്ത്രണത്തിന് ഉപയോഗിക്കുന്ന നവിഗേഷൻ ക്യാമറയായ നവക്യാം, ‘സ്റ്റീരിയോ ഇമേജുകൾ’ ഉപയോഗിച്ചാണ് ത്രിമാന ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങളാണ് ഇടതും വലത്തുമുള്ളത്. സ്റ്റീരിയോ ഇഫക്ട് ലഭിക്കാനായി റെഡ് ചാനലിലാണ് റോവർ പകർത്തിയ ഒരു ചിത്രം സ്ഥാപിച്ചിരിക്കുന്നത്. വലത് ഭാഗത്ത് ചിത്രം നിലയും പച്ചയും ചാനലുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും ഫിൽട്ടർ ഉപയോഗിച്ച് കാണുമ്പോൾ സ്റ്റീരിയോ ഇഫക്ട് സംഭവിക്കുകയും ത്രിമാന രൂപത്തിൽ കാണുകയും ചെയ്യുന്നു.
ഈ ചിത്രം 3-ഡിയിൽ കാണാനായി ചുവപ്പും, സിയാൻ ഗ്ലാസും ഉപയോഗിക്കുന്നതാണ് ഉചിതം. ഇസ്രോയുടെ ലബോറട്ടറി ഫോർ ഇലക്ടോ-ഒപ്ടിക്‌സ് സിസ്റ്റംസ് (LEOS) ആണ് നാവിഗേഷൻ ക്യാമറ എന്ന NavCam സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇസ്രോയുടെ തന്നെ സഹസ്ഥാപനമായ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററാണ് (SAC) ഡാറ്റാ പ്രോസസിംഗ് നടത്തുന്നത്.