കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ ജ്വാല ഇനിയും അടങ്ങിയിട്ടില്ലെന്നു മാത്രമല്ല, കത്തിജ്വലിച്ചുകൊണ്ടേയിരിക്കുകയുമാണ്. അൽബേർട്ട പ്രവിശ്യയിലെ എന്നല്ല, കാനഡയുടെ തന്നെ എണ്ണ ഉൽപാദനകേന്ദ്രത്തിന്റെ ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന ഫോർട്ട് മക്മറിയിലെ കാട്ടുതീ ശമിക്കണമെങ്കിൽ പ്രകൃതി കനിഞ്ഞേ പറ്റൂ എന്നതാണു സ്ഥിതി. ആയിരത്തി ഒരുന്നൂറിലേറെ അഗ്നിശമന സേനാംഗങ്ങളും നൂറ്റിനാൽപതിലേറെ ഹെലികോപ്ടറുകളും ഇരുപതിലേറെ വ്യോമ ജലപീരങ്കികളുമെല്ലാംകൂടി നടത്തുന്ന ശ്രമങ്ങൾക്ക് ആളപായവും കൂടുതൽ ദുരന്തങ്ങളും ഒഴിവാക്കാനാകുന്നുണ്ടെങ്കിലും ആളിക്കത്തുന്ന തീയും ആശങ്കയുടെ താപനിലയും കുറയ്ക്കാനാകുന്നില്ല.

ശനിയാഴ്ച മഴയ് പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് ഇപ്പോഴത്തെ പ്രതീക്ഷയത്രയും. അതാകട്ടെ, വാരാന്ത്യത്തിൽ താപനില ഉയരുന്നതോടെ കാട്ടുതീ കൂടുതൽ മേഖലകളിലേക്കു പടരുമെന്ന ആശങ്കക്കിടയിലാണുതാനും. ഫോർട് മക്മറിക്കാരെ സംബന്ധിച്ചിടത്തോളം കാട്ടുതീ കാനഡക്കാർക്ക് മഞ്ഞെന്നപോലെ ജീവിതത്തിന്റെ ഭാഗമാണ്. മഞ്ഞുകാലം കഴിഞ്ഞ് താപനില ഉയരുന്ന സമയങ്ങളിൽ കാട്ടുതീയുടെ വരവും പോക്കുമൊക്കെ പതിവ്. ഇത്തവണ പക്ഷേ ചതിച്ചത് അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റും വരണ്ട കാലാവസ്ഥയുമാണ്. അതാണ് പതിവുള്ള കാട്ടുതീയെ ദുരന്തജ്വാലകളാക്കി മാറ്റിയത്. മാലപ്പടക്കത്തിനു തീപിടിക്കുംപോലെയാണ് മരങ്ങളിൽനിന്നു മരങ്ങളിലേക്ക് തീ പടർന്നുകളിച്ചും, അതബാസ്ക, ഹാങ്ങിങ്സ്റ്റോൺ പുഴകളും കടന്ന്, ആയിരത്തോളം ചതുരശ്രകിലോമീറ്ററിലായി ദുരന്തം വിതച്ചത്. ചൊവ്വാഴ്ച കേവലം 75 ചതുരശ്ര കീലോമീറ്ററിനുള്ളിലായിരുന്നു കാട്ടുതീ. അവിടെനിന്നാണ് നാലുദിവസം കൊണ്ട് പത്തിരട്ടിയോളം വരുന്ന സ്ഥലത്തേക്ക് പടർന്നത്. ഒരു ലക്ഷത്തിലേറെ ഹെക്ടറിലെ വനസമ്പത്താണ് കത്തിച്ചാമ്പലായത്.

fire2.jpg.image.784.410

തൊണ്ണൂറായിരത്തോളം പേരാണ് നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും ആദ്യം ഫോർട് മക്കായ്യിൽ എണ്ണ കമ്പനികളുടെ വക ക്യാംപുകളിലും പിന്നീട് നാനൂറിലേറെ കിലോമീറ്റർ അകലെ എഡ്മിന്റനിലും മറ്റുമായി അഭയം തേടിയത്. എല്ലാവരുംതന്നെ അത്യാവശ്യം രേഖകളും വസ്ത്രങ്ങളും പണവുമായും വീട് വിട്ടിറങ്ങുകയായിരുന്നു. താമസയിടങ്ങളിലും ജോലി സ്ഥലങ്ങളിലും മറ്റും സൂക്ഷിച്ചിട്ടുള്ള വസ്തുക്കൾക്കും സമ്പാദ്യങ്ങൾക്കും എന്തു സംഭവിച്ചു എന്നറിയാൻ തന്നെ ആഴ്ചകൾ വേണ്ടിവരും. ആയിരത്തിയറുന്നോളം വീടുകളും മറ്റു കെട്ടിടങ്ങളും നശിച്ചതായാണ് പ്രാഥമിക വിവരം. ഇൻഷുറൻസ് കമ്പനികൾ 900 കോടി കനേഡിയൻ ഡോളറിന്റെ (46000 കോടിയിലേറെ രൂപ) നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ. പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരമാകുമിത്. രക്ഷാപ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരത്തിനും മറ്റുമായി അൽബേർട്ട പ്രവിശ്യ സർക്കാർ 100 കോടി ഡോളറാണ് (5100 കോടിയിലേറെ രൂപ) വകയിരുത്തിയിരിക്കുന്നത്. ഓരോ കുടുംബത്തിലെയും പ്രായപൂർത്തിയായവർക്ക് 1250 ഡോളർ വീതവും ആശ്രിതർക്ക് 500 ഡോളർ വീതവും നൽകുമെന്ന് പ്രീമിയർ റേച്ചൽ നോട്‍ലി പ്രഖ്യാപിച്ചു.

fire3.jpg.image.784.410

ഇത്ര വലിയ ദുരന്തത്തിലും ഒരു മരണംപോലും ഇല്ലായെന്നതാണ് ഏക ആശ്വാസം. വാർത്താവിനിമയ, വൈദ്യുതി, ജലവിതരണ, ഭരണ സംവിധാനങ്ങളെയും വിമാനത്താവളത്തെയും ആശുപത്രിയെയുമൊന്നും ദുരന്തം ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല. സുരക്ഷയെക്കരുതി എണ്ണയുത്പാദന മേഖലയിലെ നിയന്ത്രണങ്ങൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിച്ചേക്കാമെന്ന ആശങ്കയുണർന്നതും കാട്ടുതീ പടരുന്ന മേഖലയിൽനിന്ന് സുരക്ഷിതമേഖലയിലേക്കു പോകുകയായിരുന്ന വാഹനങ്ങളിലൊന്ന് അപകടത്തിൽപ്പെട്ട് ഈ മേഖലയിലെ ഡപ്യൂട്ടി ഫയർ ചീഫിന്റെ മകൾ എമിലി കൊല്ലപ്പെട്ടതും പക്ഷേ തീരാദുഃഖത്തിനു കാരണമാകുന്നു. കാട്ടുതീ ജനവാസ മേഖലയിലേക്കു പടരാനുള്ള സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച ഉച്ചയോടെ നിർബന്ധിത കുടിയൊഴിപ്പിക്കൽ നടത്തിയില്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ ആഴം ഇതിലും വലുതായേനെ.

fire4.jpg.image.784.410

ഗ്രിഗോയർ, അബസാൻഡ്, ബീക്കൺ ഹിൽ മേഖലകളിൽനിന്ന് ആദ്യദിവസങ്ങളിൽ ഫോർട് മക്കായ്യിലേക്കു മാറ്റിപ്പാർപ്പിച്ച കാൽലക്ഷത്തോളം പേരെ ഇവിടെനിന്ന് കൂടുതൽ സുരക്ഷിത മേഖലയിലേക്കു മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. അൻപതു വീതം വാഹനങ്ങൾ എന്ന കണക്കിൽ ആയിരത്തിലേറെ വാഹനങ്ങൾ പൊലീസ് അകമ്പടിയോടെ ദുരന്ത മേഖലയിലെ പ്രധാന വീഥികളിലൂടെ വെള്ളിയാഴ്ച കടത്തിവിട്ടത് ഇതിന്റെ ഭാഗമായാണ്. തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം കത്തിനശിക്കുന്നത് ദുരെനിന്നു കാണ്ടേണ്ടിവന്നതിന്റെ ഞെട്ടലിലാണ് പലരും. വിമാനത്തിലും മറ്റുമായി കൂടുതൽ പേരെ ഇവിടെനിന്നു കൂടുതൽ സുരക്ഷിത മേഖലകളിലേക്കു മാറ്റും. എല്ലാം ഉപേക്ഷിച്ചു പോകേണ്ടിവന്നവരിൽ മലയാളികളുമുണ്ട്. ദുരന്തമേഖലയിൽ കേരളത്തിൽനിന്നുള്ള നൂറ്റൻപതോളം കുടുംബങ്ങളുണ്ടെന്നാണ് ഇവിടെയുള്ള മലയാളികൾ പറയുന്നത്. മിക്ക വീടുകളിലെയും കുടുംബനാഥന്മാർ എണ്ണക്കമ്പനികളിലും സ്ത്രീകൾ ആതുരശുശ്രൂഷാരംഗത്തും പ്രവർത്തിക്കുന്നവരാണ്. ഏറെയും മധ്യതിരുവിതാംകൂറിൽനിന്നുള്ളവർ. ഇവരിൽ ഏറെപ്പേരും താമസിച്ചിരുന്നത് ടിംബർലി, തിക്ക് വുഡ് എന്നിവിടങ്ങളിലായാണ് താമസം. ആദ്യദിവസങ്ങളിൽ ഇവിടെ കാര്യമായ പ്രശ്നങ്ങളുണ്ടായിട്ടില്ല. എന്നാൽ, ഇവരിൽ ചിലരുടെ വീടുകൾ കത്തിനശിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് അവിടെയുള്ളവർ പറയുന്നത്. തീ പടരുന്ന മേഖലകൾ സംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സംശയം. ചില വീടുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയും മൊബൈലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതും സംശയത്തിന് ബലമേകുന്നു.

fire5.jpg.image.784.410

ദുരന്തഭൂമിയിൽനിന്നു ആളുകളെ നിർബന്ധിതമായി കുടിയൊഴിപ്പിച്ചതിനു പിന്നാലെ രണ്ടു കുഞ്ഞുങ്ങളുടെ പിറവിക്കും ക്യാംപുകൾ സാക്ഷ്യംവഹിച്ചു. ഇതിനിടെ, വീടു വിട്ടുപോകാൻ കൂട്ടാക്കാതിരുന്ന പലരെയും റോയൽ കനേഡിയൻ മൌണ്ടഡ് പൊലീസ് (ആർസിഎംപി) നിർബന്ധിച്ച് പറഞ്ഞയച്ചു. ഇവരുടെ കണ്ണുവെട്ടിച്ചും മുന്നറിയിപ്പുകളെ അവഗണിച്ചും ഒളിച്ചുകഴിഞ്ഞിരുന്ന ചിലരെയും ആർസിഎംപി സേനാംഗങ്ങൾ പിന്നീട് കണ്ടെത്തിയതായും ദുരന്തത്തനിടെ കവർച്ചാശ്രമത്തിന് ഒരാളെ അറസ്റ്റ് ചെയ്തയായും റിപ്പോർട്ടുകളുണ്ട്. ദുരന്തത്തെത്തുടർന്ന് ഈ മേഖലയിലെ ഏക ആശുപത്രിയിൽനിന്നു ഒൻപത് ചോരക്കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറിലേറെപ്പേരെ എഡ്മിന്റനിലെ ആശുപത്രിയിലേക്കും മറ്റുമായി മാറ്റിയിരുന്നു.

കാട്ടു തീ അണച്ച് ഫോർട് മക്ക്മറി ജനവാസത്തിനായി തുറക്കുംവരെ ഈ മേഖലയിലുള്ളവർക്ക് ജോലി ഇല്ലാതാകും. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങും. എണ്ണ കമ്പനികൾ ഉൾപ്പെടെ പലരും ജീവനക്കാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. മറ്റുള്ളവരോട് ജോലി നഷ്ടപ്പെട്ട കാലയളവിൽ ആനുകൂല്യം ലഭിക്കുന്നതിനായി എംപ്ലോയ്മെന്റ് ഇൻഷുറൻസിന് (ഇഐ) അപേക്ഷിക്കാനാണ് ചില കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾക്കു പുറമെ റെഡ് ക്രോസ് പോലെയുള്ള സർക്കാരിതര ഏജൻസികളും ദുരന്തനിവാരണത്തിനും സാമ്പത്തിക സഹായം ഒരുക്കുന്നതിനുമെല്ലാം സജീവമായി രംഗത്തുണ്ട്. റെഡ് ക്രോസ് സമാഹരിക്കുന്നതിനു തുല്യമായ തുക ഫെഡറൽ, പ്രവിശ്യാ സർക്കാരുകളും നൽകും. എഡ്മിന്റനിലെ ഒലിവറിലുള്ള ഇന്ത്യൻ ഫ്യൂഷൻ റസ്റ്ററന്റ് സൗജന്യ ഭക്ഷണമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വീടും ആഹാരവുമില്ലാതെ കഷ്ടപ്പെടുന്നവരുടെ വേദന തനിക്കറിയാമെന്നതാണ് ഇതിനു പ്രചോദനമായതെന്നാണ് ഉടമ പർകാശ് ചിബ്ബർ പറയുന്നത്.

അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ രാപകലെന്നില്ലാതെ അധ്വാനിക്കുന്നതിനിടെ ദുരന്ത മേഖല സന്ദർശിക്കാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾക്കു തടസമാകുമെന്നതിനാലാണിത്. തുടർന്നുള്ള ദിവസങ്ങളിൽ സ്ഥലം സന്ദർശിക്കും. ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾക്ക് രാഷ്ട്രീയകക്ഷി ഭേദമന്യേ എല്ലാവരും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. വേണ്ടിവന്നാൽ, അമേരിക്കയുടെയും മറ്റും സഹായം തേടുമെന്നും അധികൃതർ സൂചന നൽകി. കാട്ടുതീയിൽനിന്നുള്ള പുക രാജ്യാതിർത്തിയും കടന്ന് ദൃശ്യമാണെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. കാനഡ പോലെ സാമ്പത്തികമായി ശക്തമായ അടിത്തറയുള്ള ഒരു രാജ്യത്തിനു മാത്രം സാധിക്കുന്ന മുൻകരുതൽ, രക്ഷാപ്രവർത്തനങ്ങളാണ് മനുഷ്യജീവിതത്തിനു തുണയായതെങ്കിൽ, പണമോ പദവിയോ ഒന്നും പ്രകൃതിക്കുമുന്നിൽ ഒന്നുമല്ലെന്നു യാഥാർഥ്യത്തിന് അടിവരയിടുന്നതുകൂടിയായി ഈ കാട്ടുതീ. കാട്ടുതീ നിയന്ത്രണവിധേയമായാലും ഫോർട് മക്മറിയിൽ ജനവാസം തിരികെയെത്താൻ ആഴ്ചകളോളം വേണ്ടിവരും. വാസയോഗ്യമായെന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി കിട്ടുംവരെയും നഗരവും പരിസരപ്രദേശങ്ങളും പൂർണമായും വൃത്തിയാക്കുംവരെയും കാത്തിരിപ്പ് തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here