കോട്ടയം: ലോകാവസാനം വരെ തുടരുമെന്ന് ഉറപ്പായ കേരളത്തിലെ ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കും പതിവുപോലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ യുഡിഎഫിനു ഭീഷണിയാകുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായ ഓര്‍ത്തഡോക്സ്,യാക്കോബായ സഭ ഭീഷണി കോട്ടയത്ത് പാരയാകുമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതൃത്വവും എത്തിയിരിക്കുകയാണിപ്പോള്‍. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ഓര്‍ത്തഡോക്സ്,യാക്കോബായ സഭയുടെ ഭീഷണിക്കൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാരുടെയും പ്രതിഷേധമുണ്ട്. ബാര്‍വിഷയത്തില്‍ സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ക്കൊപ്പം സി.എസ്.ഐ സഭ കൂടി കോട്ടയം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വിയോജിപ്പ് പുലര്‍ത്തുന്നുണ്ട്. അഞ്ചു വര്‍ഷം അധികാരത്തില്‍ ഇരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ സഭാപ്രശ്നം പരിഹരിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്നതാണ് യാക്കോബായ സഭയുടെ പ്രധാന ആരോപണം. സഭാ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും മൗനം പാലിച്ചത് യാക്കോബായ സഭയ്ക്കു അനുകൂലമായിതീര്‍ന്നതായാണ് ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന ആരോപണം.

യു.ഡി.എഫിനെ പിന്‍തുണയ്ക്കുന്നില്ലെന്നു പ്രഖ്യാപിച്ച സഭ മറ്റാര്‍ക്കും പിന്‍തുണ പ്രഖ്യാപിക്കാതിരിക്കുന്നത് യഥാര്‍ഥത്തില്‍ യു.ഡി.എഫിനു തന്നെയാണ് പാരയാകുന്നത്. ഇതിനിടെയാണ് യു.ഡി.എഫിനുള്ളിലും കോണ്‍ഗ്രസിനുള്ളിലും പ്രശ്നങ്ങള്‍ ഉടലെടുത്തു തുടങ്ങിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയെ ബാര്‍ കോഴക്കേസില്‍ കുടുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണെന്നു കേരള കോണ്‍ഗ്രസിന്‍റെ അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇതേ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പില്‍ സജീവമാകേണ്ടെന്ന നിര്‍ദേശമാണ് കേരള കോണ്‍ഗ്രസ് നേതൃത്വം പുതുപ്പള്ളിയെ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കു നല്‍കിയിരിക്കുന്നത്. ഇതു മാത്രമല്ല പുതുപ്പള്ളിയില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി.തോമസ് യാക്കോബായ സഭക്കാരനാണ്. അതുകൊണ്ടു തന്നെ ഇത്തവണ പുതുപ്പള്ളിയില്‍ യാക്കോബായ സഭയുടെ പിന്‍തുണ ജെയ്കിനു തന്നെയാകുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോട്ടയം നിയോജക മണ്ഡലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ഭീഷണി ഉയരുന്നത്.

ഓര്‍ത്തഡോക്സ് സഭാംഗമായ റെജി സഖറിയ ആണ് ഇവിടെ തിരുവഞ്ചൂരിനെ എതിരിടാന്‍ എത്തുന്നത്. 50 ശതമാനത്തിനു മുകളില്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളായ വോട്ടര്‍മാരുള്ള ഇവിടെ സ്വാഭാവികമായും ഓര്‍ത്തഡോക്സ് സ്ഥാനാര്‍ഥിക്കു ഈ വോട്ടുകളുടെ 90 ശതമാനവും പോകുമെന്നാണ് കോണ്‍ഗ്രസ് ഭയപ്പെടുന്നത്. പിന്നീട് ബാക്കിയുള്ളത് പരമ്പരാഗതമായ കോണ്‍ഗ്രസ് വോട്ടുകളാണ്. നായര്‍, ഈഴവ വിഭാഗത്തില്‍ നിന്നുള്ള വോട്ടുകളെയാണ് ഈ വിഭാഗം ലക്ഷ്യവയ്ക്കുന്നത്. എന്നാല്‍, ബി.ജെ.പി എസ്.എന്‍.ഡി.പി സഖ്യത്തില്‍ വിജയം ലക്ഷ്യമിട്ട് ബി.ജെ.പി സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയിരിക്കുന്നത് ബി.എം.എസ് നേതാവും തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പരിചയമുള്ളയാളുമായ എം.എസ് കരുണാകരനെയാണ്. കഴിഞ്ഞ തവണ അയ്യായിരം വോട്ട് മാത്രം നേടിയ ബി.ജെ.പി ഇത്തവണ മുന്നേറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 711 വോട്ടിന്‍റെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ച തിരുവഞ്ചൂരിനു ഇത്തവണ ബി.ജെ.പി പിടിക്കുന്ന വോട്ടുകള്‍ സമ്മര്‍ദമുണ്ടാക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തിരുവഞ്ചൂരിനെതിരെ പ്രധാനമായും വോട്ട്മറിക്കാന്‍ രംഗത്ത് ഇറങ്ങുന്നത്. കോട്ടയത്തു നിന്നും തന്നേക്കാള്‍ ഉയരെ മറ്റൊരു നേതാവ് ഉയര്‍ന്നു വരുന്നതിനെ പണ്ടു മുതല്‍ എതിര്‍ത്തിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.സി ജോസഫിനെ ഉപയോഗിച്ചു തിരുവഞ്ചൂരിനെതിരെ ഇത്തവണ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കളി കളിച്ചിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ടോമി കല്ലാനിയെ രംഗത്തിറക്കിയാണ് കെ.സി ജോസഫ് ഉമ്മന്‍ചാണ്ടിക്കു വേണ്ടി തിരുവഞ്ചൂരിനു സീറ്റ് നിഷേധിക്കാന്‍ ശ്രമം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here