പ്യോങ്യാങ് ∙ പ്രതിരോധത്തിനായുള്ള അണ്വായുധശേഷി വർധിപ്പിക്കുമെന്ന് ഉത്തര കൊറിയയുടെ പ്രഖ്യാപനം. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി കോൺഗ്രസിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഉപരോധം അവഗണിച്ച്, അണ്വായുധ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള പ്രമേയം അംഗീകരിച്ചത്. ഉത്തര കൊറിയ ജനുവരിയിൽ നടത്തിയ അണ്വായുധ പരീക്ഷണത്തെത്തുടർന്നു കഴിഞ്ഞ മാർച്ചിലാണു യുഎൻ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയത്.

36 വർഷത്തിനുശേഷം നടക്കുന്ന പാർട്ടി കോൺഗ്രസിൽ സാമ്പത്തിക നിർമാണവും പ്രതിരോധത്തിനായുള്ള അണുശക്തിയുടെ വ്യാപനവും ഉറപ്പുവരുത്തുമെന്നു പ്രഖ്യാപിക്കുന്ന പ്രമേയം അവതരിപ്പിച്ചതു മുപ്പത്തിമൂന്നുകാരനായ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ആണ്. മറ്റേതെങ്കിലും അണുശക്തി രാജ്യം ഉത്തര കൊറിയയുടെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ മാത്രമേ അണ്വായുധം പ്രയോഗിക്കൂ എന്നും പ്രമേയം വ്യക്തമാക്കുന്നു.

എന്നാൽ, ദക്ഷിണ കൊറിയൻ ഭരണകൂടം യുദ്ധത്തിനു പുറപ്പെട്ടാൽ, വെറും യുദ്ധമായിരിക്കില്ലെന്നും അവരെ ദയാരഹിതമായി തുടച്ചുനീക്കുമെന്നും പ്രമേയം മുന്നറിയിപ്പു നൽകി. അതേസമയം, നേരത്തേ ശത്രുത പ്രകടിപ്പിച്ചിരുന്ന രാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായും അതിർത്തിയിലെ സംഘർഷം കുറയ്ക്കാൻ ദക്ഷിണ കൊറിയയുമായി സൈനിക ചർച്ചയ്ക്കു തയാറാണെന്നും കിം ജോങ് ഉൻ പാർട്ടി കോൺഗ്രസിൽ മൂന്നുമണിക്കൂർ നീണ്ട റിപ്പോർട്ട് അവതരണത്തിനിടെ പറഞ്ഞു.

ആണവ മിസൈൽ ഭീഷണി മുഴക്കുന്ന ഉത്തര കൊറിയയുടെ സൈനിക ചർച്ചയ്ക്കുള്ള വാഗ്ദാനം പൊള്ളയാണെന്നു ദക്ഷിണ കൊറിയ കുറ്റപ്പെടുത്തി. കിം ജോങ് ഉന്നിനു വർക്കേഴ്സ് പാർട്ടിയുടെ ചെയർമാൻ എന്ന പദവികൂടി പാർട്ടി കോൺഗ്രസ് നൽകി. നേരത്തേ പാർട്ടിയുടെ പ്രഥമ സെക്രട്ടറി എന്ന പദവിയായിരുന്നു കിമ്മിന്. 2011 ഡിസംബറിൽ പിതാവ് കിങ് ജോങ് രണ്ടാമൻ മരിച്ചശേഷമാണു കിം ജോങ് ഉൻ പരമാധികാരിയായത്.

കിങ് ജോങ് രണ്ടാമൻ പാർട്ടിയുടെ ആജീവനാന്ത ജനറൽ സെക്രട്ടറിയായിരുന്നു. അതിനിടെ, ഉത്തര കൊറിയയുടെ ആണവനിലപാടിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും കൊറിയൻ ഏകാധിപതിയുടെ അണ്വായുധമോഹം അപകടകരമാണെന്നും ചൈനീസ് സർക്കാർ ദിനപത്രമായ ഗ്ലോബൽ ടൈംസ് വിലയിരുത്തി. നയതന്ത്രരംഗത്ത് ഉത്തര കൊറിയയുടെ ഏക പിന്തുണ ചൈനയാണ്. എന്നാൽ, ആണവപ്രശ്നത്തിൽ ഇരുരാജ്യങ്ങളും ഭിന്നതയിലാണ്.

ഇത്തവണത്തെ പാർട്ടി കോൺഗ്രസിൽ ചൈനയിൽനിന്നു പ്രതിനിധികളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, 1980ൽ നടന്ന പാർട്ടി കോൺഗ്രസിൽ ചൈനീസ് പ്രതിനിധികൾ പങ്കെടുത്തിരുന്നു. ‘കൊറിയൻ ഏകാധിപതി യുഎസുമായി യുദ്ധത്തിനില്ല’ ടോക്കിയോ ∙ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന് അമേരിക്കയുമായി യുദ്ധത്തിന് ഉദ്ദേശ്യമില്ലെന്നു കിം ജോങ് രണ്ടാമന്റെ ഷെഫായിരുന്ന ജപ്പാൻകാരന്റെ വെളിപ്പെടുത്തൽ.

കെൻജി ഫ്യൂജിമോട്ടോ എന്ന അപരനാമം സ്വീകരിച്ച ഷെഫ് ഒരു ജാപ്പനീസ് മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് ഈവിവരം. ഉത്തര കൊറിയയുടെ ഏകാധിപതിയെ നേരിട്ടു കണ്ടിട്ടുള്ള അപൂർവം വിദേശികളിലൊരാളാണു ഫ്യൂജിമോട്ടോ. നാലു വർഷത്തിനുശേഷം കഴിഞ്ഞമാസം തന്നെ ഉത്തര കൊറിയയിലേക്കു ക്ഷണിച്ചതായും കഴിഞ്ഞമാസം 12നു പ്യോങ്യാങ് വിമാനത്താവളത്തിൽ കിം ജോങ് ഉൻ നേരിട്ടെത്തി തന്നെ സ്വീകരിച്ചതായും ഷെഫ് അവകാശപ്പെട്ടു.

കിങ് ജോങ് ഉൻ തന്നെയാണു കാർ ഓടിച്ചിരുന്നത്. അമേരിക്കയ്ക്കു മറുപടിയായിട്ടാണു മിസൈലുകളും അണ്വായുധങ്ങളും വികസിപ്പിക്കുന്നതെങ്കിലും അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന് ഏകാധിപതി തന്നോടു പറഞ്ഞതായാണു പത്തുവർഷം കിം കുടുംബത്തിന്റെ പാചകക്കാരനായി ഉത്തര കൊറിയയിൽ കഴിഞ്ഞ ഫ്യൂജിമോട്ടോയുടെ അവകാശവാദം. 2001ലാണ് ഇദ്ദേഹം കൊറിയ വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here