എഡ്മിന്റൻ (കാനഡ): കോടികളുടെ നഷ്ടമുണ്ടാക്കി രാജ്യത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തിയ കാട്ടുതീയിൽ ഫോർട് മക്മെറിയിൽ കത്തിയമർന്നത് രണ്ടായിരത്തിനാനൂറോളം കെട്ടിടങ്ങൾ. എല്ലാം വിട്ടെറിഞ്ഞുപോയ ആയിരങ്ങൾ നാശനഷ്ടങ്ങളുടെ കൂടുതൽ ദൃശ്യങ്ങൾ കണ്ടതിന്റെ ആഘാതത്തിലാണ്.

പ്രവിശ്യാ ഭരണാധികാരി റേച്ചൽ നോട്ട്ലി സന്ദർശിക്കാനെത്തിയപ്പോഴാണ് ദുരന്തമേഖലയിലെ നാശനഷ്ടങ്ങളുടെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്. എന്നാൽ, ഇവിടത്തെ ഏക ആശുപത്രിയും മുനിസിപ്പൽ കെട്ടിടവും സ്കൂളുകളും ഉൾപ്പെടെ കാൽലക്ഷത്തോളം കെട്ടിടങ്ങൾ സംരക്ഷിക്കാനായതിന്റെ സംതൃപ്തിയിലാണ് അധികൃതർ. ഫോർട് മക്മറിയിലെ ജനവാസമേഖലയിൽ തൊണ്ണൂറു ശതമാനവും സുരക്ഷിതമാണെന്നാണ് ഇവർ നൽകുന്ന വിവരം

ഒഴിഞ്ഞുപോകേണ്ടിവന്ന തൊണ്ണൂറായിരത്തോളം ആളുകൾക്ക് എപ്പോൾ ഇവിടേക്കു മടങ്ങാമെന്നതു സംബന്ധിച്ച വിവരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. ഉൽപാദനം പുനരാരംഭിക്കുന്നതും പുനരധിവാസവും സംബന്ധിച്ച കാര്യങ്ങളിൽ ധാരണയുണ്ടാക്കുന്നതിന് എണ്ണക്കമ്പനി അധികൃതരുമായി റേച്ചൽ നോട്ട്ലി ചർച്ചനടത്തും.

കാനഡയിലെ എണ്ണയുൽപാദന മേഖലയുടെ ഹൃദയഭൂമിയായ ഫോർട് മക്മറിയിലെ കാട്ടുതീ, സമ്പദ്സ്ഥിതിയെത്തന്നെ ബാധിച്ചേക്കാമെന്ന ആശങ്കയിലാണു രാജ്യം.

ഇതേസമയം, ദുരന്തമേഖലയിലെ തീ നിയന്ത്രണവിധേയമാക്കുന്നതിനും മറ്റും ‘ശീതസമര’ത്തിലുള്ള റഷ്യ, അയൽരാജ്യമായ അമേരിക്ക, മെക്സിക്കോ, ഓസ്ട്രേലിയ, ഇസ്രയേൽ തുടങ്ങിയവർ സഹകരണം വാഗ്ദാനം ചെയ്തെങ്കിലും കടപ്പാട് അറിയിച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ തൽക്കാലം രാജ്യാന്തര സഹായത്തിന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനു തടസ്സമാകുമെന്നതിനാൽ പ്രധാനമന്ത്രി ഇതുവരെ ദുരന്തമേഖല സന്ദർശിച്ചിട്ടില്ല.

റെഡ്ക്രോസ് നിധി 60 ദശലക്ഷം കനേഡിയൻ ഡോളർ (300 കോടിയിലേറെ രൂപ) കടന്നു. പടിഞ്ഞാറൻ മേഖലയിലേക്കു ഗതിമാറിയതോടെ കാട്ടുതീ ഫോർട് മക്മറിയിലെ ജനവാസമേഖല വിട്ടൊഴിഞ്ഞെങ്കിലും പൂർണമായും നിയന്ത്രണവിധേയമാക്കാൻ ഇനിയും ഏറെനാൾ വേണ്ടിവരും.

image

LEAVE A REPLY

Please enter your comment!
Please enter your name here