ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുന്ന പ്രമേയം യുഎന്നിൽ അവതരിപ്പിച്ചപ്പോൾ യുഎസ് മാറിനിന്നതു ഇസ്രയേലിനെ രോഷം കൊള്ളിച്ചു. വാഷിംഗ്ടണിലേക്കു ഉന്നതതല സംഘത്തെ അയക്കുമെന്നു പ്രഖ്യാപിച്ചിരുന്ന നെതന്യാഹു തിങ്കളാഴ്ച അതു റദ്ദാക്കി.

പ്രസിഡന്റ് ബൈഡൻ ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും പട്ടിണി നടമാടുന്ന ഗാസയിലേക്കു മാനുഷിക സഹായം കൊണ്ടുപോകാൻ ഇസ്രയേൽ തടസം നിൽക്കുന്നത് യുഎസിനു നാണക്കേടായിരുന്നു. പുതിയ നിലപാടോടെ യുഎസ്-ഇസ്രയേൽ ബന്ധങ്ങളിലും ബൈഡനും നെതന്യാഹുവും തമ്മിലുള്ള സൗഹൃദത്തിലും വിള്ളൽ വീണു എന്നാണ് വിലയിരുത്തൽ.

വൈറ്റ് ഹൗസ് നെതന്യാഹുവിന്റെ നടപടിയിൽ ‘നിരാശ’ പ്രകടിപ്പിച്ചു. എന്നാൽ ഭിന്നതയൊന്നുമില്ലെന്നു വക്താവ് ജോൺ കിർബി പറഞ്ഞു. യുഎസ് നയത്തിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാലു പതിറ്റാണ്ടായി പരസ്പരം അറിയുന്ന രണ്ടു നേതാക്കളും എല്ലായ്‌പോഴും എല്ലാ കാര്യങ്ങളിലും യോജിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ റഫയിൽ ആക്രമണം നടത്തിയാൽ മാത്രമേ ഹമാസിനെ തീർക്കാനാവൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന ഇസ്രയേലിനു ഗാസയിൽ വെടിനിർത്തണം എന്ന ആവശ്യം സ്വീകരിക്കാൻ ആവില്ല. യുഎൻ പ്രമേയങ്ങൾക്കു പുല്ലുവില പോലും കല്പിക്കാത്ത ചരിത്രവുമാണ് ഇസ്രയേലിനുള്ളത്.  റഫ ആക്രമണം ചർച്ച ചെയ്യാനാണ് നെതന്യാഹു സംഘത്തെ അയക്കാനിരുന്നത്.

സിവിലിയന്മാർക്കു ദോഷം വരാത്ത രീതിയിൽ ആക്രമണം നടത്താനുള്ള നിർദേശങ്ങൾ യുഎസ് മുന്നോട്ടു വച്ചിരുന്നു. യാതൊരു ആസൂത്രണവും ഇല്ലാതെ ആക്രമണം നടത്തുന്നതു തെറ്റാണെന്നു പെന്റഗൺ വക്താവ് പാറ്റ് റൈഡറും തിങ്കളാഴ്ച പറഞ്ഞു.

എല്ലാ ബന്ദികളെയും ഹമാസ് ഉടൻ വിട്ടയക്കണം എന്നു കൂടി ആവശ്യപ്പെടുന്ന പ്രമേയം വീറ്റോ ചെയ്യാൻ ഇക്കുറി യുഎസ് തയാറായില്ല. യുഎസ് ‘പിന്മാറ്റം’ ഹമാസിനെതിരായ പോരാട്ടത്തിനു ക്ഷീണമുണ്ടാക്കുമെന്നു നെതന്യാഹു പറഞ്ഞു.

“ഞങ്ങളുടെ നയങ്ങൾ ഞങ്ങളാണ് തീരുമാനിക്കുക,” പ്രതികരണത്തിൽ കിർബി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here