സിദ്ധാര്‍ഥന്റെ മരണത്തിലെ സി.ബി.ഐ അന്വേഷണം വൈകിപ്പിച്ചതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്ന ആരോപണവുമായി കുടുംബം. ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരില്‍ നടപടി ഒതുങ്ങാതെ പ്രത്യേകം അന്വേഷണം പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിക്കെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ജയപ്രകാശ്  പറഞ്ഞു. അതേസമയം സസ്പെന്‍ഷനോടെ വിവാദം അവസാനിച്ചെന്ന നിലപാടിലാണ് സര്‍ക്കാര്‍.

സി.ബി.ഐ അന്വേഷണം വൈകാന്‍ കാരണം സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയെന്ന് വ്യക്തമായി. അന്വേഷണം കൈമാറാന്‍ ശുപാര്‍ശ ചെയ്യുന്ന വിജ്ഞാപനം കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിലേക്ക് അയക്കേണ്ടതിന് പകരം സി.ബി.ഐയുടെ കൊച്ചി ഓഫീസിലേക്ക് അയച്ച ആഭ്യന്തരവകുപ്പ് കേസിന്റെ വിവരങ്ങള്‍ അടങ്ങിയ പ്രൊഫോമ റിപ്പോര്‍ട്ട് കൈമാറിയുമില്ല. വിവാദമായതോടെ ഇന്നലെ വൈകിട്ട് ഇമെയില്‍ വഴി ഇതെല്ലാം കേന്ദ്രത്തിന് കൈമാറിയ കേരളം, വീഴ്ചക്ക് കാരണക്കാരെന്ന പേരില്‍ ആഭ്യന്തരവകുപ്പിലെ മൂന്ന് വനിത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ വീഴ്ചക്ക് കാരണം ഇവര്‍ മാത്രമല്ലെന്നാണ് സിദ്ധാര്‍ഥന്റെ കുടുംബത്തിന്റെ സംശയം. സി.ബി.ഐ അന്വേഷണം വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമെന്ന് ആരോപിക്കുന്ന കുടുംബം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്നോട്ടില്ല.

എന്നാല്‍ റിപ്പോര്‍ട്ടുകളെല്ലാം കൈമാറുകയും വീഴ്ച വരുത്തിയവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതോടെ വിവാദം അവസാനിച്ചെന്നാണ് സര്‍ക്കാര്‍ വാദം. സി.ബി.ഐ അന്വേഷണത്തില്‍ ഇനി കേന്ദ്രമാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് കയ്യൊഴിയാനാണ് സര്‍ക്കാര്‍ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here