വാഷിങ്ടൺ: യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് പോകാനുള്ള തീരുമാനമെടുത്തതിലൂടെ ബ്രിട്ടീഷ് ജനത സ്വാതന്ത്ര്യം തിരിച്ചുപിടിച്ചതായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് സ്‌കോട്ട്ലാന്റ് സന്ദർശിക്കുകയായിരുന്നു ട്രംപ്. ബ്രിട്ടീഷുകാർ അവരുടെ രാജ്യം തിരിച്ച് പിടിച്ചത് അമേരിക്കയിലും ആവർത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തോടെ കുടിയേറ്റ വിഷയത്തിലടക്കം ട്രംപ് സ്വീകരിച്ച നിലപാടിന് പ്രസക്തിയേറുമെന്നാണ് വിലയിരുത്തൽ. എല്ലാവർക്കും തങ്ങളുടെ രാജ്യത്തിന്റെ അതിർത്തികൾ നിശ്ചയിക്കുന്നതിനുള്ള അവകാശമുണ്ട്. ഊരും പേരും അറിയാത്ത കുടിയേറ്റക്കാർ തങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കുന്നത് കാണാൻ അവർ ഇഷ്‌ടപ്പെടുന്നില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആദ്യമായി വിദേശ പര്യടനം നടത്തുന്ന ട്രംപ് മറ്റ് രാജ്യങ്ങളും ബ്രിട്ടന്റെ പാത പിന്തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. പല കാര്യങ്ങളിലും ജനങ്ങൾക്ക് അസംതൃപ്‌തിയുണ്ടെന്നും ബ്രിട്ടന്റെ നടപടി അവസാനത്തേതായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത നവംബറിൽ അമേരിക്കക്കാർക്ക് അവരുടെ സ്വാതന്ത്ര്യം തിരിച്ചു പിടിക്കാനുള്ള അവസരമാണെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുൻ നിർത്തി അദ്ദേഹം പറഞ്ഞു. ഈ വർഷം നവംബർ 8നാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്.