നാൽപ്പത്തിയഞ്ച് വർഷത്തോളം ലോകത്തിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്ന  മദർ തെരേസയെ കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഇന്ന് ഉയർത്തിയിരിക്കുന്നു. ആ അമ്മ അഗതികളുടെ മാത്രം അമ്മയല്ല ഈ ലോകത്തിന്റെ അമ്മയാണ്. നമ്മുടെ മനസ്സിൽ പാണ്ഡെയ്ക്കു പണ്ടേ വിശുദ്ധയായ അമ്മ. ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് സന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പലപ്പോളും പറയുമായിരുന്നു. പ്രവർത്തികൊണ്ടു ഒരു നല്ല മനുഷ്യൻ എങ്ങനെ ആകണമ് എന്ന് നമ്മെ പഠിപ്പിച്ചവരുടെ ഗണത്തിലാണ് ആ അമ്മയ്ക്ക് സ്ഥാനം. മദർ തെരേസയുടെ ചെറുപ്പത്തിലേ പേര് ആഗ്നസ് എന്നായിരുന്നു, മറ്റുള്ളവരെ സഹായിക്കാൻ മാത്രം ജനിച്ച ഒരാൾ .

സഹായം അഭ്യർത്ഥിച്ചു വരുന്ന ആരേയും തിരിച്ചയക്കാൻ ചെറുപ്പം മുതൽക്കേ ആഗ്നസിനു കഴിഞ്ഞിരുന്നില്ല. ബാല്യകാലത്ത് മിഷണറിമാരുടെയും മറ്റും സേവനപ്രവർത്തനങ്ങളെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ ആഗ്നസ് അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നതായി ജീവചരിത്രങ്ങൾ പറയുന്നുണ്ട്. ആഗ്നസ് ഇന്ത്യയെക്കുറിച്ച് അറിയുന്നത് പോലും സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനത്തിനായി പോയ ഒരു പുരോഹിതന്റെ കത്തിൽ നിന്നുമാണ്. ഏഷ്യയിലുള്ള വളരെ ദരിദ്രമായ ഒരു ഉപഭൂഖണ്ഡമാണ് ഇന്ത്യ എന്നു മാത്രമേ ആഗ്നസിനു അന്ന് മനസ്സിലായിരുന്നുള്ളു. ബംഗാളിലെ പാവപ്പെട്ട ജനങ്ങളെക്കുറിച്ചും, അവിടുത്തെ ജാതി സമ്പ്രദായത്തെക്കുറിച്ചും ആ കത്തിൽ നിന്നും ആഗ്നസിന് ഏകദേശ രൂപം ലഭിച്ചിരുന്നു. ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനത്തിനു പോകുക എന്നൊരാഗ്രഹം അന്നേ ആഗ്നസിനുണ്ടായിരുന്നു. പന്ത്രണ്ടാം വയസിലെത്തിയപ്പോൾ സന്യാസിനി ആകാൻ അവൾ തീരുമാനിച്ചുറച്ചിരുന്നു. ആ ആഗ്രഹം ഇന്ന് ലോക സമൂഹത്തിന്റെ നെറുകയിൽ ആധ്യാത്മിക രംഗത്തിനു ഒരു മാതൃകയായി എത്തിച്ചുനൽകി ദൈവം. ഇത് ദൈവത്തിന്റെ ഒരു നിയതിയാണ്.

വിശക്കുന്നവന്റെ മുന്നില്‍ അന്നമാണ് ദൈവം. അവനോട് ‘ചൂണ്ട തരാം മീന്‍ പിടിച്ചോളൂ’ എന്ന് പറയുന്നതാണ് അനാദരവ്. വിശന്നുവലഞ്ഞ ആയിരക്കണക്കിന് വയറുകള്‍ക്ക്‌ മുന്നില്‍ മദർ ദൈവമായി എന്ന് തന്നെ പറയണം. മുപ്പത്തിയെട്ടാമത്തെ  വയസ്സില്‍ ഒരു സ്ത്രീ ഒരു മഠത്തിന്‍റെ പിന്തുണയോ, കയ്യില്‍ പണമോ, കയറിക്കിടക്കാന്‍ ഇടാമോ, ഭാഷ-സംസ്കാരം എന്നിവയില്‍ പ്രാവണ്യമോ ഇല്ലാതെ ചേരിയുടെ നടുവിലേക്ക് ഒരു സുരക്ഷിതത്വവും ഇല്ലാതെ ഇറങ്ങി വരുമ്പോള്‍, അവിടെ നിന്ന് കുഞ്ഞുങ്ങളെ പെറുക്കിയെടുത്ത് കൊണ്ടുപോകുമ്പോള്‍ അവരാണ് സ്ത്രീവിമോചനത്തിന്റെ പതാകവാഹകയാകേണ്ടത് എന്ന് ലോകത്തിൽ ചിലർക്കെങ്കിലും തോന്നിയിരുന്നിരിക്കാം. ആ സ്ത്രീയെ  സുന്ദരിയാക്കുന്നത് പോന്നോ പട്ടോ അല്ല, കല്‍ക്കത്ത തെരുവില്‍ നിന്നുള്ള കാരുണ്യത്തിന്റെ നീലക്കരയുള്ള ആ കോട്ടന്‍ സാരിയാണ്. മദര്‍ ക്രിസ്തീയതയുടെ അവസാന വാക്കല്ല. ചാരിറ്റിയില്‍ ഒതുങ്ങുന്നതല്ല ക്രിസ്തീയത. ആര്‍ച്ച്ബിഷപ്പ് കാമറ പറഞ്ഞത്: “ഞാന്‍ ദര്ദ്രര്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ അവര്‍ എന്നെ ‘വിശുദ്ധന്‍’ എന്ന് വിളിക്കുന്നു; ‘എന്തുകൊണ്ട് ഇവര്‍ക്ക് ആഹാരം ഇല്ലാതായി’ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ അവര്‍ എന്നെ ‘കമ്മ്യൂണിസ്റ്റ്’ എന്ന് വിളിക്കുന്നു. അസമത്വവും അനീതിയും ഇല്ലാതാവുന്ന ഒരു വ്യവസ്ഥിതി സംജാതമാക്കാനുള്ള ശ്രമമാണ് ലോകത്തു തന്നെ അവഗണിക്കപ്പെട്ടു പോകുന്നത്. അതായിരുന്നു കുരിശോളം എത്തിച്ച ക്രിസ്തുവിന്‍റെ പ്രവാചകധര്‍മ്മം. ഇന്ന് ആ അമ്മ വിശുദ്ധയാകുമ്പോൾ ലോകം ആദരവോടെ പ്രാർത്ഥിക്കുന്നു. ഇൻഡ്യാക്കാർ അഭിമാനം കൊള്ളുന്നു.

“മറ്റുള്ള ആളുകൾ എന്തുചെയ്യുന്നു, പറയുന്നു എന്നു നോക്കാതെ, മുഖത്തൊരു പുഞ്ചിരിയോടെ അതെല്ലാം സ്വീകരിക്കുക, നിങ്ങളുടെ ജോലിയിൽ വ്യാപൃതരാവുക. “എന്ന് നമുക്ക് പറഞ്ഞു തരാൻ ഒരാളുണ്ടാകുക എന്നത് വലിയ കാര്യമല്ലേ?.

‘അമ്മ 1929-ൽ ആണ് ഇന്ത്യയിലെത്തുന്നത് . ഡാർജിലിങ്ങിൽ ലോറേറ്റോ സന്യാസിനികളുടെ കേന്ദ്രത്തിൽ അർത്ഥിനിയായി കഴിഞ്ഞു. 1931 മേയ് 24-നു സഭാവസ്ത്രം സ്വീകരിച്ചു. മിഷണറിമാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ തെരേസയുടെ പേരാണ് അവർ സന്യാസിനീനാമമായി സ്വീകരിച്ചത്. കിഴക്കൻ കൊൽക്കത്തയിലെ ലൊറേറ്റോ കോൺ‌വെന്റ് സ്കൂളിൽ അദ്ധ്യാപികയായിരിക്കേ 1937 മേയ് 14-നു സിസ്റ്റർ തെരേസ നിത്യവ്രതം സ്വീകരിച്ചു. വിദ്യാലയത്തിൽ തെരേസ ഭൗമശാസ്ത്രമാണ് പഠിപ്പിച്ചിരുന്നത്. ബംഗാളി ഭാഷയിൽ മദർ പെട്ടെന്ന് പ്രാവീണ്യം നേടിയെടുത്തു. ഇത് അവർക്ക് ബംഗാളി തെരേസ എന്ന ഓമനപ്പേരു നേടിക്കൊടുത്തു.

അദ്ധ്യാപികവൃത്തിയിൽ തെരേസ സംതൃപ്തയായിരുന്നെങ്കിലും കൊൽക്കത്തയിൽ തനിക്കുചുറ്റും നിറഞ്ഞു നിന്ന ദരിദ്രജീവിതങ്ങൾ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി. 1943-ലെ ഭക്ഷ്യക്ഷാമവും 1946-ലുണ്ടായ ഹിന്ദു-മുസ്ലീം സംഘർഷങ്ങളും കൊൽക്കത്തയിലെ ജനജീവിതം നരകതുല്യമാക്കിയിരുന്നു. 1946 ഓഗസ്റ്റ് 16 നു നടന്ന കലാപത്തിൽ ഏതാണ്ട് 5,000 ത്തോളം ആളുകൾ മരിക്കുകയുണ്ടായി. അതിന്റെ മൂന്നിരട്ടി ജനങ്ങൾക്ക് മാരകമായി മുറിവേറ്റു. കലാപം കാരണം ആശ്രമത്തിലെ അന്തേവാസികൾക്ക് ഭക്ഷണദൗർലഭ്യം നേരിട്ടു,കുട്ടികൾ വിശപ്പുകൊണ്ടു കരഞ്ഞു. 300 ഓളം വരുന്ന കുട്ടികളുടെ വിശപ്പുകൊണ്ടുള്ള കരച്ചിൽ കണ്ടുനിൽക്കാനാകാതെ മദർ തെരേസ ഭക്ഷണം അന്വേഷിച്ച് ആശ്രമം വിട്ട് തെരുവിലലഞ്ഞു. കലാപത്തിൽ പരുക്കേറ്റവർക്കായി നടത്തിയ രക്ഷാദൗത്യത്തിന്റെ കാഠിന്യംകൊണ്ട് മദർ തെരേസ മാനസികമായും ശാരീരികമായും തളർന്നു. തനിക്ക് ആത്മീയവും, ശാരീരികവുമായ ഒരു വിശ്രമം കൂടിയേ തീരുവെന്ന് മനസ്സിലാക്കിയ മദർ ആത്മീയ ധ്യാനത്തിനായി ഡാർജിലിംഗിലെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. 1946 സെപ്റ്റംബർ 10-നു വാർഷികധ്യാനത്തിനായി ഡാർജിലിങ്ങിലെ ലൊറേറ്റോ കോൺ‌വെന്റിലേക്കുള്ള യാത്രാമധ്യേ ആണ് തെരേസ തന്റെ സന്യാസജീവിതത്തിന്റെ ദിശമാറ്റിവിടാനുള്ള ഉറച്ച തീരുമാനത്തിലെത്തുന്നത്. ലൊറെറ്റോ സഭ വിട്ടിറങ്ങി പാവങ്ങൾക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു തെരേസ എടുത്ത തീരുമാനം. ദൈവവിളിക്കുള്ളിലെ ദൈവവിളി എന്നാണ് മദർ തെരേസ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. ആ ദൈവവിളി നിരസിക്കുക എന്നത് വിശ്വാസത്തിനു നിരക്കാത്തതായിരുന്നേനെ എന്ന് മദർ തെരേസ പിന്നീട് ആ സംഭവത്തെക്കുറിച്ചോർക്കുമ്പോൾ പറയുമായിരുന്നു.

1948 മുതൽ തെരേസ പാവങ്ങൾക്കിടയിലുള്ള തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലൊറെറ്റോ സഭയുടെ വേഷങ്ങളുപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടൺ സാരി വേഷമായി സ്വീകരിച്ചു. കൊൽക്കത്ത നഗരസഭയിൽ ഓടവൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്. ആ നീല സാരിയാണ് ഇന്ന് ലോകത്തിനു മാതൃക ആയി നമുക്ക് മുന്നിൽ നിൽക്കുന്നത്. കലാപങ്ങൾ, സംഘർഷങ്ങൾ, വീണ്ടും ഇന്ത്യയിൽ കടന്നു വരുന്നു. പക്ഷെ കലാപത്തിൽ അകപ്പെടുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഇന്ന് അമ്മയില്ല. എങ്കിലും ഈ കലാപം മനസ്സിൽ നിന്നും മായ്ച്ചു കളയുവാൻ അമ്മയുടെ വാക്കുകളും പ്രവർത്തികളും മാത്രം മതി ……

LEAVE A REPLY

Please enter your comment!
Please enter your name here