മുസ്‌ലിം ചെറുപ്പക്കാരെ വലവീശിപിടിക്കുകയെന്ന ഉദ്ദേശത്തോടെ നിരവധി ഐ.എസ് അനുകൂല ഐഡികള്‍ ഇപ്പോഴും ഫേസ്ബുക്കില്‍ സജീവം. ഐ.എസ് അനുകൂല ലേഖനങ്ങളും സന്ദേശങ്ങളും അടങ്ങിയ മലയാളത്തിലുള്ള മുഹാജിര്‍ 2015 എന്ന സൈറ്റ് കഴിഞ്ഞവര്‍ഷം പൊലിസ് പൂട്ടിയിരുന്നു. ഇതിനു പിന്നാലെ കേരളത്തില്‍ സജീവമായ നിരവധി ഐ.എസ് അനുകൂല അക്കൗണ്ടുകളെക്കുറിച്ചു മലയാളത്തിലെ സജീവമായ ചില ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്യുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്‌തെങ്കിലും അവ ഇപ്പോഴും ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവരികയാണ്. ഇതില്‍ ഏറ്റവും പ്രധാന ഐ.ഡിയാണ് സമീര്‍ അലിയുടേത്.

തന്റെ ഐ.ഡി ഏതുസമയവും പൂട്ടാന്‍ സാധ്യതയുണ്ടെന്നും പൂട്ടുകയാണെങ്കില്‍ താല്‍പ്പര്യമുള്ളവര്‍ ടെലിഗ്രാമില്‍ ബന്ധം തുടരണമെന്നും അറിയിച്ച് സമീര്‍ അലി കഴിഞ്ഞമാസം 26നു ടെലിഗ്രാം ഐ.ഡി സഹിതം പോസ്റ്റിട്ടിരുന്നു. ഇതിനു ശേഷം ഒരാഴ്ച കഴിഞ്ഞാണ് കേരളത്തില്‍ നിന്ന് മന്‍സീദ്, സഫ്‌വാന്‍, സ്വാലിഹ് മുഹമ്മദ്, അബൂബഷീര്‍, ജാസിം, റംശാദ് എന്നിവര്‍ അറസ്റ്റിലാവുന്നത്. ഉമര്‍ അല്‍ ഹിന്ദി, സമീര്‍ അലി എന്ന പേരുകളിലാണ് മന്‍സീദ് ഫേസ്ബുക്കില്‍ ആശയപ്രചാരണം നടത്തുന്നതെന്ന് എന്‍.ഐ.എ പറഞ്ഞിരുന്നു. മന്‍സീദ് അറസ്റ്റിലായ ശേഷവും സമീര്‍ അലി എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മന്‍സി ബുറാക് ആണ് മന്‍സീദിന്റെ ശരിയായ അക്കൗണ്ട്. നേരത്തെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നുവെങ്കിലും ദുരൂഹമായ പ്രവര്‍ത്തനങ്ങള്‍ മൂലം അദ്ദേഹത്തെ സംഘടന പുറത്താക്കുകയായിരുന്നു. ഇതിനു ശേഷം അദ്ദേഹം സംഘടനയ്‌ക്കെതിരായും ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടിരുന്നു.

മന്‍സീദ് അറസ്റ്റിലായ ശേഷവും ദിവസേന നാലഞ്ച് പോസ്റ്റുകളുമായി സജീവമായ സമീര്‍ അലിയുടെ അക്കൗണ്ടിനു പിന്നിലുള്ളവരെക്കുറിച്ച് ദുരൂഹതയേറുന്നു. മുസ്‌ലിംകളിലെ തീവ്ര ആശയക്കാരെ വലയിട്ടുപിടിക്കാനായി രഹസ്യാന്വേഷണ വിഭാഗമാണ് ‘സമീര്‍ അലി’ക്കും മറ്റു ചില അക്കൗണ്ടുകള്‍ക്കും പിന്നിലെന്ന് ആരോപണമുണ്ട്. ഐ.എസ് അനുകൂലികളെ കണ്ടെത്താനായി അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പൊലിസ് നേരിട്ടു തന്നെ ഐ.എസ് അനുകൂല പേജുകളും ബ്ലോഗുകളും നടത്തുകയും അതിലെ പതിവു സന്ദര്‍ശകരെ പിടികൂടുകയോ അവരോട് പ്രത്യേക സ്ഥലങ്ങളില്‍ സംഗമിക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷം ‘ഐ.എസ് അനുകൂല യോഗം ചേര്‍ന്നവരെ’ പിടികൂടുകയോ ചെയ്യാറുണ്ട്.

സമീര്‍ അലിക്കു പുറമെ അമീര്‍ അലി, അബൂ ഹസ്‌ന, അദ്‌നാന്‍ കെ.എല്‍, അബൂ ഉമൈര്‍, അബൂ ഹസ്‌ന എന്നീ ഐ.ഡികളാണ് പ്രധാനമായും ഐ.എസ് അനുകൂല പോസ്റ്റുകള്‍ ഇടുകയും ഐ.എസ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത്. വിദേശികളുടെ പേരിലുള്ള ചില ഐ.ഡികളും ഇവരുടെ സുഹൃദ് പട്ടികയിലുണ്ട്. ഐ.എസിനു പുറമെ തീവ്ര സലഫിസത്തിന്റെ പ്രചാരകരില്‍ പ്രമുഖരാണ് സിദ്ദീകുല്‍ അസ്്‌ലം ഇബ്‌നു അബ്ദുര്‍റഹീം, സുഫ്‌യാന്‍ സലഫി എന്നീ ഐ.ഡികള്‍. ശബ്‌നാ ഫിറോസ് പോലുള്ള സ്ത്രീ അക്കൗണ്ടുകളും ഐ.എസ് ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ഐ.എസ് ആക്രമണങ്ങളുടെയും മുന്നേറ്റങ്ങളുടെയും വാര്‍ത്തകളും ചിത്രങ്ങളും വിവരിക്കുന്ന യുദ്ധ വാര്‍ത്തകള്‍ എന്ന പേജ് ലൈക്ക് ചെയ്യാന്‍ ക്ഷണിച്ചതോടെയാണ് ശബ്‌നാ ഫിറോസ് ശ്രദ്ധിക്കപ്പെട്ടത്. അതിനു പിന്നാലെ ഈ അക്കൗണ്ടിനെതിരേ വ്യാപക പ്രചാരണം നടന്നതോടെ അതു പൂട്ടി. ഐ.എസ് അനുകൂല പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന അമുസ്‌ലിം പേരിലുള്ള ഐ.ഡിയാണ് വിക്രം സുബ്രമണി.

ഇതിനു പുറമെ അസ്ഹാബുല്‍ ഹഖ് എന്ന ഫേസ്ബുക്ക് പേജും ഖിലാഫ മലയാളം എന്ന ബ്ലോഗും ഇവര്‍ ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നു. ദൗലത്തുല്‍ ഇസ്‌ലാമില്‍ നിന്നുള്ള മലയാളം വാര്‍ത്തകള്‍ ലഭിക്കാന്‍ എന്നു പറഞ്ഞ് സമീര്‍ അലി ഇന്നലെയാണ് ഖിലാഫ മലയാളം എന്ന ബ്ലോഗിന്റെ ലിങ്ക് സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ്‌ചെയ്തിരിക്കുന്നത്. ഐ.എസ് അനുകൂല അക്കൗണ്ടുകളൊക്കെയും ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമാണെന്നു വ്യക്തമാണ്. ഇതിനിടെ അല്‍മുഹാജിര്‍ എന്ന ബ്ലോഗ് പേരില്‍ ചെറിയമാറ്റം വരുത്തി വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിലെ മിക്ക ലേഖനങ്ങളും പഴയ ബ്ലോഗിലുണ്ടായിരുന്നവ തന്നെയാണ്. മാസങ്ങള്‍ക്കു മുന്‍പ് ഏതാനും മലയാളികള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായതോടെയാണ് കേരളത്തിലെ ഐ.എസ് സാന്നിധ്യം ചര്‍ച്ചയായത്. അന്നു മുതല്‍ ഇന്നുവരെ ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അക്കൗണ്ടുകള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്താനോ അവ പൂട്ടാനോ രഹസ്യാന്വേഷണ വിഭാഗത്തിനും പൊലിസിനും കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here