കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധീരനും . കണ്ണൂരില്‍ യുദ്ധസമാനമായ സ്ഥിതി വിശേഷമാണ് നില നില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കുഴച്ചാലിലില്‍ മോഹനനെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഇന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത് കൊല്ലപ്പെട്ടത് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ശമിക്കുന്നില്ല എന്നതിന്റെ തെളിവാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരില്‍ ഇരുവിഭാഗക്കാരും പരസ്പരം വീടുകള്‍ ആക്രമിക്കുകയും അക്രമം നടത്തുകയുമാണ്. സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. പൊലിസിന് ഫലപ്രദമായി അക്രമം തടയാന്‍ കഴിയുന്നില്ല.

അതിനായി സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതൃത്വം ഉടനടി ഇടപെട്ട് കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.എന്നാൽ സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അക്രമങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ആഭ്യന്തരവകുപ്പ് തനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍തന്നെ മുഖ്യമന്ത്രി കാട്ടിത്തന്നു. സര്‍ക്കാര്‍ അധികാരത്തില്‍വന്ന് നാലു മാസത്തിനുള്ളില്‍ കണ്ണൂരില്‍മാത്രം ഏഴ് കൊലപാതകങ്ങള്‍ ഉണ്ടായെന്നും സുധീരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here