യുഎസ് തിരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്ന് 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു.

വാഷിങ്ടണിലുള്ള റഷ്യന്‍ എബസി, സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടാണ് 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടത്.

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ക്ക് പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നല്‍കി.

നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്തതിന് ഇവരെ അനഭിമതരായി അമേരിക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്കിലേയും മെരിലാന്‍ഡിലേയും സ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ രാഷ്ട്രീയ വെബ്‌സൈറ്റുകളും ഇമെയില്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്ത സംഭവത്തില്‍ കടുത്ത നടപടിക്കൊരുങ്ങുകയാണ് അമേരിക്ക.

റഷ്യന്‍ ഇടപെടലാണ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് കാരണമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം അമേരിക്കന്‍ ആരോപണങ്ങള്‍ റഷ്യ തള്ളിക്കളഞ്ഞിട്ടുണ്ട്.

അമേരിക്ക ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ,റഷ്യ- അമേരിക്ക ബന്ധം തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു.

ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അമേരിക്കന്‍ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here