ട്രംപിന് അധികാരം കൈമാറുന്നതിന് പത്തു നാള്‍ മുമ്പാണ് രണ്ടായിരത്തി എട്ടിലെ തെരഞ്ഞെടുപ്പ് വിജയപ്രഖ്യാപനം നടത്തിയ ചിക്കാഗോയിലെ വേദിയില്‍ ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഒളിയമ്പുകളായിരുന്നു ഒബാമയുടെ പ്രസംഗത്തിലുടനീളവും. മുസ്ലീം വിരുദ്ധത, വംശീയത, അഭയാര്‍ത്ഥി പ്രശ്‌നം തുടങ്ങിയ കാര്യങ്ങളില്‍ ട്രംപിന്റെ നിലപാടുകളോടുള്ള വിയോജിപ്പും ഒബാമ മറച്ചുവെച്ചില്ല.

തന്റെ നിലപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ആരുമില്ലാത്തതിനാല്‍ പാപ്പരാണെന്ന് തമാശമട്ടില്‍ പറഞ്ഞാണ് ഒബാമ വിടവാങ്ങല്‍ പ്രസംഗം ആരംഭിച്ചത്. സാമ്പത്തികത്തിനും , വംശത്തിനും മതത്തിനും ലൈംഗിക സ്വത്വത്തിനുമപ്പുറം എല്ലാവര്‍ക്കും തുല്യത ഉറപ്പു വരുത്തുന്നതും ഉള്‍ക്കൊള്ളുന്നതുമായ ജനാധിപത്യമാണ് അമേരിക്കയുടേത്. മുസ്ലീങ്ങള്‍ ഉള്‍പ്പെടെ എല്ലാവരേയും ഉള്‍ക്കൊള്ളണമെന്നും വംശീയ വിദ്വേഷം ഉള്‍പ്പെടെ ജനങ്ങളെ വിഭജിക്കുന്ന തെറ്റുകള്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഒബാമയുടെ വാക്കുകള്‍ ഈ വാക്കുകള്‍ പ്രസക്തമാകുമായിരുന്നില്ല.

പത്ത് ദിവസത്തിനകം അമേരിക്കന്‍ ജനാധിപത്യത്തിന്റെ സൂചനകള്‍ വന്നു തുടങ്ങുമെന്ന ഒബാമയുടെ വാക്കുകളും ട്രംപിനെ ലക്ഷ്യം വെച്ചുള്ളത് തന്നെ. വിവേചനത്തിനെതിരായ നിയമങ്ങള്‍ ശക്തമാക്കണം. രാജ്യം പിന്തുടരുന്ന മൂല്യങ്ങളും കാത്തുസൂക്ഷിക്കണം. മുസ്ലീം വിഭാഗത്തോടുള്ള വിവേചനം എതിര്‍ക്കപ്പെടേണ്ടതാണ്. ജനാധിപത്യത്തിന്റെ വിശാലത സ്ത്രീകളുടെയും സ്വവര്‍ഗാനുരാഗികളുടേയും അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അമേരിക്കയില്‍ വര്‍ണവിവേചനം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്നും നിയമങ്ങള്‍ മാറിയതുകൊണ്ട് കാര്യമില്ലെന്നും ഒബാമ പറഞ്ഞു.

സാമൂഹിക- സാമ്പത്തിക സമത്വവും ഏതാനും പേരെ ഉദ്ദേശിച്ചുള്ളതല്ല, അതെല്ലാവരേയും ഉദ്ദേശിച്ചുള്ളതാണ്. ട്രംപിന്റെ മെക്‌സിക്കന്‍ അഭയാര്‍ത്ഥികളെ റേപ്പിസ്റ്റ് എന്നു വിൡുള്ള അധിക്ഷേപത്തേയും മുസ്ലീങ്ങളുടെ അമേരിക്കന്‍ കുടിയേറ്റത്തോടുള്ള എതിര്‍പ്പിനെയുമാണ് ഒബാമ പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്ന് വ്യക്തം. ഇസ്ലാമിക് സ്റ്റേറ്റ് നിരപരാധികളെ കൊന്നൊടുക്കുകയാണെന്നും എന്നാല്‍ അമേരിക്കയെ തൊടാനാകില്ലെന്നും ഒബാമ പറഞ്ഞു. അമേരിക്കയ്ക്ക് ജനാധിപത്യത്തേയും മൂല്യങ്ങളേയും വഞ്ചിക്കാനാകില്ല.

റഷ്യയോടുള്ള ട്രംപിന്റെ നിലപാടും പ്രസംഗത്തില്‍ വിഷയമായി. ആഗോളതലത്തില്‍ അമേരിക്കയ്ക്കുള്ള സ്വാധീനത്തിനൊപ്പമെത്താന്‍ റഷ്യയ്ക്കും ചൈനയ്ക്കുമാകില്ല. ട്രംപിന് അനുകൂലമായി യുഎസ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ റഷ്യ കൃത്രിമത്വം വരുത്തിയെന്ന് അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ റഷ്യന്‍ പ്രസിഡന്റ് പുടിനെ പ്രശംസിച്ച് ട്രംപ് രംഗത്തെത്തിയതും കൂട്ടിവായിക്കപ്പെടേണ്ടതാണെന്നാണ് ഒബാമ പറയാതെ പറയുന്നത്.

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍, ഉസാമ ബിന്‍ ലാദന്റെ വധം അടക്കം ഭീകരവിരുദ്ധപോരാട്ടത്തിലെ നേട്ടങ്ങള്‍ ഒക്കെ അദ്ദേഹം എടുത്തുകാട്ടി. ഭാര്യ മിഷേല്‍ ഒബാമയ്ക്കും, മക്കള്‍ക്കും, വൈസ് പ്രസിഡന്റ് ജോ ബൈഡനും ഒബാമ വിടവാങ്ങല്‍ പ്രസംഗത്തില്‍ നന്ദി പറഞ്ഞു. യെസ് വി കാന്‍ എന്ന 2008ലെ പ്രചരണമുദ്രാവാക്യം ഓര്‍മ്മിപ്പിച്ചാണ് ഒബാമ പ്രസംഗം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here