അതിര്‍ത്തികളില്‍ മതില്‍ കെട്ടാനും മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുമുള്ള തീരുമാനത്തിന് ശേഷം ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഐടി കമ്പനികള്‍ ഇന്ത്യന്‍ ജീവനക്കാരെ അമേരിക്കയിലേക്ക് അയയ്ക്കുന്നതിന് ഉപയോഗിക്കുന്ന എച്ച് 1 ബി വിസയില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവ് നടപ്പിലാക്കാനൊരുങ്ങുകയാണ് ട്രംപ്. ട്രംപിന്റെ വക്താവ് സീന്‍ സ്‌പൈസറാണ് ഇക്കാര്യം അറിയിച്ചത്.

എച്ച് 1 ബി വിസ വലിയ തോതിലുള്ള കുടിയേറ്റത്തിന് കാരണമാകുന്നുണ്ട്. ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനായി പ്രസിഡന്റ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനും കോണ്‍ഗ്രസില്‍ വിഷയം അവതരിപ്പിക്കുന്നതിനും തയ്യാറെടുക്കുന്നതായി സീന്‍ സ്‌പൈസര്‍ പറഞ്ഞു. രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേല്‍ക്കും മുമ്പ് തന്നെ ഭാവിയില്‍ നടത്താനുദ്ദേശിക്കുന്ന വിസ നിയന്ത്രണങ്ങളെക്കുറിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. വിസ ദുരുപയോഗത്തെക്കുറിച്ച് വ്യാപക അന്വേഷണം നടത്താന്‍ തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്കാര്‍ക്ക് ജോലി നഷ്ടമാകുന്നതാണ് വിസ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള കാരണമായി ട്രംപ് ചൂണ്ടിക്കാട്ടുന്നത്.

എച്ച് 1 ബി വിസ പോലെ തന്നെ ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താനുപയോഗിക്കുന്ന എല്‍ 1 വിസ, മറ്റ് ചില വിസകള്‍ എന്നിവയിലും നിയന്ത്രണം വയ്ക്കാന്‍ ട്രംപ് ആലോചിക്കുന്നതായി സ്‌പൈസര്‍ പറഞ്ഞു. 2015ല്‍ എച്ച് 1 ബി വിസ വഴി അമേരിക്കയിലെത്തുന്നവരുടെ പങ്കാളികള്‍ക്കും രാജ്യത്ത് സ്ഥിരതാമസം അനുവദിച്ച് അന്നത്തെ പ്രസിഡന്റ് ബരാക ഒബാമ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം രാജ്യത്തേക്കുള്ള കുടിയേറ്റം വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ നിലപാടെന്ന് സ്‌പൈസര്‍ പറഞ്ഞു. 86 ശതമാനം എച്ച് 1 ബി വിസകളും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കാണ് നല്‍കപ്പെടുന്നതെന്ന് കമ്പ്യൂട്ടര്‍വേള്‍ഡ് മാഗസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 46.5 ശതമാനം എന്‍ജിനീയറിംഗ് ജോലികളും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 85, 000 എച്ച് 1 ബി വിസകളാണ് അമേരിക്ക പ്രതിവര്‍ഷം അനുവദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here