സിറിയയില്‍ ഇരുപക്ഷവും യുദ്ധക്കുറ്റം ചെയ്തതായി യു.എന്‍. യു.എന്‍ അന്വഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അക്രമണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് പുറത്തുവിട്ടത്. ജനസാന്ദ്രത കൂടിയ മേഖലകളില്‍ പോലും മാരകമായ രാസായുധങ്ങള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
റഷ്യയുടെ പിന്തുണയോട് കൂടിയ സര്‍ക്കാര്‍ സൈന്യവും വിമതരും ഇക്കാര്യത്തില്‍ പങ്കാളികളാണ്. വിമാനം വഴി വര്‍ഷിക്കുന്ന ബോംബുകള്‍, റോക്കറ്റുകള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങി വിഷാംശം വമിക്കുന്ന ആയുധങ്ങള്‍ വരെ ഇവര്‍ പരസ്പരം ഉപയോഗിച്ചിട്ടുണ്ട്. 2016ല്‍ സര്‍ക്കാര്‍ രാജ്യത്ത് ക്ലോറിന്‍ ബോംബുകള്‍ വര്‍ഷിച്ചിരുന്നു. അലപ്പൊയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളും ജീവഹാനിയുമുണ്ടായതായി കണക്കാക്കുന്നത്.
നിഷ്‌ക്കരുണമായ ആക്രമണങ്ങളാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പടിഞ്ഞാറന്‍ അലപ്പോയില്‍ കഴിഞ്ഞ സപ്തംബര്‍ 19ന് നടത്തിയ ആക്രമണത്തില്‍ യു.എന്നിന്റെയും സിറിയന്‍ റെഡ് ക്രസന്റിന്റെയും 19 സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദ് അധികാരമൊഴിയണമെന്ന ആവശ്യവുമായി 2011ലാണ് സിറിയയില്‍ സംഘര്‍ഷം ആരംഭിക്കുന്നത്. 2012ല്‍ സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോയുടെ ഒരു ഭാഗം വിമതര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ഡിസംബറില്‍ നഗരത്തിന്റെ തെക്കു ഭാഗം സര്‍ക്കാര്‍ തിരിച്ചു പിടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here