വിമാനവാഹിനിക്കപ്പല്‍ ഉത്തരകൊറിയന്‍ തീരത്തേക്ക് അയച്ചതിനു പിന്നാലെ യുഎസ് സെനറ്റര്‍മാരുടെ അടിയന്തിര യോഗം ഇന്നു വൈറ്റ് ഹൗസില്‍ നടക്കും.

പതിവിനു വിപരീതമായി എല്ലാ സെനറ്റര്‍മാരേയും അസാധാരണമായ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യുദ്ധത്തിനായുള്ള തയാറെടുപ്പ് ചര്‍ച്ചചെയ്യാനാണു യോഗമെന്ന് ഒരു മാധ്യമത്തെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

രഹസ്യയോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പ്രസിഡന്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം യോഗം എല്ലാ സെനറ്റര്‍മാരേയും പങ്കെടുപ്പിച്ച് വൈറ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. വൈകീട്ടു മൂന്നു മണിക്കാണ് യോഗം.

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് കൊറിയന്‍ തീരത്തെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ദ.കൊറിയന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന യു.എസ്.എസ് കാള്‍ വിന്‍സണ്‍ സൂപ്പര്‍ കാരിയറിന് പിന്തുണയുമായി യു.എസ്.എസ് മിഷിഗണ്‍ വിമാനവാഹിനി കപ്പല്‍ എത്തിയതോടെയാണ് രംഗം കൂടുതല്‍ കലുഷിതമായത്.

ഇതിനു മറുപടിയായി ഉത്തര കൊറിയ നടത്തിയ ഏറ്റവും വലിയ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ലോകം യുദ്ധഭീതിയിലുമായി. ‘കൊറിയന്‍ പീപ്പിള്‍സ് ആര്‍മി’യുടെ 85-–ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചായിരുന്നു ഉത്തര കൊറിയയുടെ അഭ്യാസപ്രകടനം.

LEAVE A REPLY

Please enter your comment!
Please enter your name here