ബ്രെക്‌സിറ്റ് നടപടികള്‍ക്ക് യൂറോപ്യന്‍ യൂനിയനുമായി തുടക്കംകുറിച്ച പ്രധാനമന്ത്രി തെരേസാ മേ, ബ്രിട്ടനില്‍ ശക്തമായ ഭരണത്തിന് വേണ്ട ഭൂരിപക്ഷം നേടാനാണ് ഏപ്രിലില്‍ പൊടുന്നനെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ബ്രക്‌സിറ്റിനു ശേഷം രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ ഉറപ്പുള്ള മന്ത്രിസഭ വേണമെന്നാണ് മേ കണക്കുകൂട്ടിയത്. മൂന്നു വര്‍ഷക്കാലം അധികാരം ബാക്കിയുണ്ടായിട്ടും ഏഴ് ആഴ്ച മുന്‍പ് തെരേസാ മേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഈ ഒരൊറ്റക്കാരണം കൊണ്ടാണ്.
ലേബര്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന ഉജ്വല വിജയം മേയുടെ സ്വപ്‌നത്തില്‍ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസത്തെ എക്‌സിറ്റ് ഫലങ്ങളോടെ അത് തകര്‍ന്നു. തൂക്കുമന്ത്രിസഭയാണ് എക്‌സിറ്റ് ഫലം പ്രവചിച്ചത്. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ നടന്ന അഭിപ്രായ സര്‍വേകളില്‍ തെരേസാ മേക്ക് മുന്‍തൂക്കം പ്രവചിക്കപ്പെട്ടിരുന്നു. നിലവില്‍ തേരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ മേ കളഞ്ഞുകുളിച്ചത് ഈ സൗഭാഗ്യമാണ്.
കേവല ഭൂരിപക്ഷവും മറികടന്ന് 330 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിലുണ്ടായിരുന്നത്. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ ഇത് 318 ആയി കുറഞ്ഞു. കൂടുതല്‍ സീറ്റിനായി വോട്ടുതേടിയ തെരേസക്ക് നിലവിലുണ്ടായിരുന്ന സീറ്റ് പോലും നിലനിര്‍ത്താനായില്ല. മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 261 സീറ്റും മറ്റൊരു ദേശീയ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിന് 12 ഉം സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിക്ക് 35 ഉം സീറ്റുകള്‍ ലഭിച്ചു.
അയര്‍ലന്റിലെ പ്രധാന പ്രാദേശിക പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി 10 സീറ്റ് നേടി. യു.കെ ഇന്റിപെന്‍ഡന്‍സ് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയ ദേശീയ കക്ഷികള്‍ സംപൂജ്യരായി.
തെരഞ്ഞെടുപ്പിന് മുന്‍പായി ലണ്ടനില്‍ അടുത്തിടെയുണ്ടായ രണ്ട് ഭീകരാക്രമണങ്ങളാണ് തെരഞ്ഞെടുപ്പിന്റെ ഗതി മാറ്റിയതെന്നാണ് തെരേസാ മേ പക്ഷം പറയുന്നത്. അതുവരെ വിജയസാധ്യത തങ്ങള്‍ക്കായിരുന്നുവെന്നും അവര്‍. രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും മുന്‍നിര്‍ത്തി ജെറമി കോര്‍ബിന്‍ നടത്തിയ പ്രചാരണം ഈ ഘട്ടത്തില്‍ ഫലം കണ്ടു. തെരഞ്ഞെടുപ്പിന് നാലു ദിവസം മുന്‍പായിരുന്നു ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം. അതിനു മുന്‍പ് നടന്ന മാഞ്ചസ്റ്റര്‍ ആക്രമണവും തേരേസാ ഭരണത്തിനു കീഴില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ബോധം വോട്ടര്‍മാരില്‍ സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണയേക്കാള്‍ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അപ്രതീക്ഷിത തിരിച്ചുവരവാണ് നടത്തിയത്. കേവല ഭൂരിപക്ഷത്തിലേക്കെത്താനായില്ലെങ്കിലും 33 സീറ്റുകള്‍ അധികമായി നേടാന്‍ ജെറമി കോര്‍ബിനായി.
മുന്‍ ഉപ പ്രധാനമന്ത്രിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നിക്ക് ക്ലെഗ് ആണ് ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രമുഖന്‍. സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററുമായ അലക്‌സ് സാല്‍മണ്ടും പരാജയം രുചിച്ചവരില്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here