വാഷിങ്ടന്‍: അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഏഷ്യന്‍ സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യാത്ര തിരിച്ചു. ട്രംപിന്റെ സന്ദര്‍ശനം സഖ്യകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും പുതിയ സഖ്യകക്ഷി ബന്ധം ഉണ്ടാക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജന. എച്ച്.ആര്‍. മക്മാസ്റ്റര്‍ പറഞ്ഞു. 12 ദിവസം നീണ്ടുനില്‍ക്കുന്നതാണ് വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ ട്രംപ് നടത്തുന്ന സന്ദര്‍ശനം. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ ട്രംപ് സന്ദര്‍ശിക്കും.
യുഎസ് പ്രസിഡന്റ് പദവിയിലെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ദീര്‍ഘദൂര യാത്ര മാത്രമല്ല ഇത്, 25 വര്‍ഷത്തിനിടയ്ക്ക് ഒരു യുഎസ് പ്രസിഡന്റ് ആദ്യമായാണ് ഇത്രയും ദിവസം നീണ്ടുനില്‍ക്കുന്ന ഏഷ്യന്‍ സന്ദര്‍ശനത്തിനിറങ്ങുന്നത്. ഇന്തോ – പസഫിക് മേഖലയോട് അമേരിക്കയ്ക്കുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഉത്തര കൊറിയയുടെ ആണവ ഭീഷണിയുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ വിഷയങ്ങളില്‍ ട്രംപ് സജീവമായി ഇടപെട്ടിരുന്നു.
അധികാരമേറ്റെടുത്തതിനു പിന്നാലെ ഇന്തോ – പസഫിക് നേതാക്കളുമായി 43 ഫോണ്‍ വിളികളാണ് ട്രംപ് നടത്തിയത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ, ഓസ്‌ട്രേലിയ, മലേഷ്യ, വിയറ്റ്‌നാം, ഇന്തൊനീഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ തലവന്‍മാരെയാണ് ട്രംപ് ബന്ധപ്പെട്ടത്.
പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ സന്ദര്‍ശനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. ഒന്നാമത്തേത് ഉത്തര കൊറിയയെ ആണവ മുക്തമാക്കാന്‍ രാജ്യാന്തര പരിഹാരമുണ്ടാക്കുക,. രണ്ടാമത്തെ ദത്യം ഇന്തോ – പസഫിക് മേഖല തുറന്നിടുക എന്നതും അവസാനത്തേത് സാമ്പത്തിക, വ്യാപാര മേഖലകളില്‍ അമേരിക്കന്‍ ഉന്നതി എന്നതുമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here