മോസ്കോ : മാനവരാശിയ്ക്ക് മാത്രമല്ല, മൃഗങ്ങൾക്കും രക്ഷകരാകാൻ ഒരുങ്ങുകയാണ് റഷ്യ. അടുത്തിടെയാണ് ലോകത്തെ ആദ്യ കൊവിഡ് 19 വാക്സിനായ ‘ സ്പുട്നിക് V ‘ വിജയകരമായി വികസിപ്പിച്ചെടുത്തതായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ മനുഷ്യരുടെ ഓമന മൃഗങ്ങളായ പൂച്ചകൾക്ക് കൊവിഡ് 19ന് എതിരെയുള്ള വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഒരുങ്ങുകയാണത്രെ റഷ്യ.

അതെ, പൂച്ചകൾക്ക് വേണ്ടിയുള്ള ആദ്യ കൊവിഡ് വാക്സിന്റെ പണിപ്പുരയിലാണ് റഷ്യൻ ഗവേഷകർ.റഷ്യയിലെ വെറ്ററിനറി ഗവേഷക നിരീക്ഷണ സമിതിയായ ദ ഫെഡറൽ സർവീസ് ഫോർ വെറ്ററിനറി ആൻഡ് ഫൈറ്റോസാനിറ്ററി സൂപ്പർവിഷൻ (റോസെൽഖോസ്നാഡ്സോർ ) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൂച്ചകൾക്കായി കൊവിഡ് 19നെതിരെയുള്ള പ്രതിരോധ കുത്തിവയ്പിന്റെ ട്രയൽ വരും മാസങ്ങളിൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.പൂച്ചകൾക്കൊപ്പം തന്നെ നീർനായ കുടുംബത്തിൽപ്പെട്ട മിങ്കുകൾക്കും കൊവിഡ് 19 വാക്സിൻ ലഭ്യമാക്കാനാണ് ശ്രമം. മോസ്കോയിലും ട്യൂമൻ നഗരത്തിലും വളർത്തുപൂച്ചകൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡിൽ നിന്നും രക്ഷനേടാൻ മൃഗങ്ങളെ സഹായിക്കുന്ന വാക്സിൻ നിർമിക്കാനുള്ള ഗവേഷണങ്ങളിലാണ് തങ്ങളെന്ന് നിരീക്ഷണ സമിതി തലവൻ സെർജി ഡാൻക്‌വെർട്ട് വ്യക്തമാക്കി. നെതർലൻഡ്സിൽ മിങ്ക് ഫാമുകളിൽ നിന്നും മനുഷ്യരിലേക്ക് കൊവിഡ് പടർന്നതായി കണ്ടെത്തിയിരുന്നു. യൂറോപ്പിലുടെനീളം ഫാമുകളിൽ കഴിയുന്ന മിങ്കുകളിൽ കൊവിഡ് ബാധ കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. റഷ്യയിൽ നൂറോളം മിങ്ക് ഫാമുകളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here