ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കി ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനഃരാരംഭിച്ചു. യു.കെയിലെ വാക്‌സിന്‍ പരീക്ഷണമാണ് പുനഃരാരംഭിച്ചിരിക്കുന്നത്. നേരത്തെ വാക്‌സിന്‍ കുത്തിവച്ചയാള്‍ക്ക് ‘അജ്ഞാത അസുഖം’ കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പരീക്ഷണമാണ് പുനഃരാരംഭിച്ചത്. ലോകത്ത് കൊവിഡ് പരീക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന വാക്‌സിനാണ് ഓക്‌സ്ഫഡ്- അസ്ട്രാസെനെകയുടേത്.

മെഡിസിന്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആര്‍.എ) യുടെ സ്ഥിരീകരണം ലഭിച്ചതായി അസ്ട്രാസെനെക വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പരീക്ഷണം നിര്‍ത്തിവെച്ചതിനു പിന്നാലെ പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം താല്ക്കാലികമായി നിര്‍ത്തി വച്ചിരുന്നു.

ജൂലായ് 20നാണ് ഓക്‌സ്ഫഡ് സര്‍വകലാശാല കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളാണ് പരീക്ഷണത്തോട് സഹകരിച്ച് വരുന്നത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണം അവസാനഘട്ടത്തിലാണിപ്പോള്‍. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ വിജയകരമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here