ഐക്യരാഷ്‌ട്ര കേന്ദ്രം: അടുത്തവർഷം ലോകം നേരിടാൻ പോകുന്നത് 2020ലേക്കാൾ ‌കടുത്ത ദാരിദ്ര്യമെന്ന്‌ ലോക ഭക്ഷ്യ പരിപാടി (ഡബ്ല്യുഎഫ്‌പി). ഐക്യരാഷ്‌ട്ര സംഘനടയുടെ ലോക ഭക്ഷ്യ പരിപാടിക്ക്‌ ലഭിച്ച സമാധാന നൊബേൽ പുരസ്‌കാരം യഥാർഥത്തിൽ ലോകനേതാക്കൾക്കുള്ള മുന്നറിയിപ്പാണെന്ന്‌ ഡബ്ല്യുഎഫ്‌പി എക്‌സിക്യൂട്ടിവ്‌ ഡയറക്‌ടർ ഡേവിഡ്‌ ബെയ്‌സ്‌ലി പറഞ്ഞു.

കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്‌ ലോകം. എന്നാൽ, ഏറ്റവും അടുത്ത മാസങ്ങളിൽത്തന്നെ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പട്ടിണിമൂലമുള്ള ദുരന്തംകൂടി നേരിടേണ്ടിവരുമെന്ന്‌ ഏപ്രിലിൽ ബെയ്‌സ്‌ലി യുഎൻ സുരക്ഷാ കൗൺസിലിന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. 13.5 കോടി ആളുകളാണ്‌ ദുരിതത്തിലായത്‌‌. കോവിഡ്‌ വ്യാപനത്തോടെ 2020ന്റെ അവസാനം 13 കോടി ജനങ്ങൾകൂടി ഈ അവസ്ഥയിലാകും.

കോവിഡ്‌ വ്യാപനം പല രാജ്യങ്ങളുടെയും സാമ്പദ്‌ഘടനയെ സാരമായി ബാധിച്ചിട്ടുണ്ട്‌. അടുത്ത വർഷം ഡബ്ല്യുഎഫ്‌പിക്ക്‌ 1500 കോടി ഡോളറാണ് ആവശ്യം. 500 കോടി ഡോളർ ക്ഷാമം നേരിടുന്നതിനും 1000 കോടി കുട്ടികൾക്ക്‌ പോഷകാഹാരമെത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കുമാണ്‌. ഇത്‌ ലഭിച്ചാലാണ്‌ പ്രവർത്തനങ്ങൾ ശരിയായി മുന്നോട്ട്‌ കൊണ്ടുപോകാൻ സാധിക്കൂവെന്നും ബെയ്‌സ്‌ലി പറഞ്ഞു.

യമൻ, ദക്ഷിണ സുഡാൻ, വടക്ക്‌കിഴക്കൻ നൈജീരിയ തുടങ്ങിയ ഇടങ്ങളിൽ വർഷങ്ങളായുള്ള പ്രശ്‌നങ്ങൾമൂലം ഭക്ഷണം ലഭിക്കാത്ത അവസ്ഥ തീവ്രമായിരുന്നു. അഫ്‌ഗാനിസ്ഥാൻ, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്‌, കോംഗോ, എത്യോപ്യ, ഹൈതി, ലബനൻ, മാലി തുടങ്ങിയ രാജ്യങ്ങളിലും പ്രത്യേക നടപടി ആവശ്യമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here