രാജേഷ് തില്ലെങ്കരി 

വി എം സുധീരൻ എന്ന ഗാന്ധിയനെ ഇതുവരെയായിട്ടും കോൺഗ്രസുകാർക്ക് പിടികിട്ടിയലക്ഷണമില്ല. പാർട്ടിയെ സെമി കേഡറാക്കാനുള്ള തീവ്രയത്നത്തിലായിരുന്ന കെ സുധാകരനും, വി ഡി സതീശനും ഈ ഗാന്ധിയെ കുറച്ചുകാലമായി മൈന്റ് ചെയ്യാറുപോലുമില്ല. അങ്ങിനെ നിൽക്കേണ്ട ഒരു നേതാവാണോ സുധീരൻ ? പക്ഷേ, ഇക്കാര്യം നേതാക്കൾക്ക് അറിയില്ലല്ലോ. അതാണ് കേരളത്തിലെ കോൺഗ്രസുകാരെ ഒന്നു ഞെട്ടിക്കാൻ സുധീരൻ തീരുമാനിച്ചത്.

സുധീര ഗാന്ധി കെ പി സി സി രാഷ്ട്രീയകാര്യസമിതിയിൽ നിന്നും രാജിവച്ചാണ് സ്വയം വാർത്തയായത്. കേരള ( ന്യൂ ) ഗാന്ധി വി എം സുധീരൻ ശനിയാഴ്ച രാവിലെ ഒരു രാജിക്കത്ത് തയ്യാറാക്കി കെ പി സി സി ആസ്ഥാനത്തേക്ക് അയച്ചു കൊടുത്തപ്പോഴാണ് വി എം സുധീരൻ കെ പി സി സി രാഷ്ട്രീയ കാര്യസമിതിയിൽ ഉണ്ടായിരുന്നകാര്യം പോലും സുധാകരന് ഓർമ്മ വന്നത്. 
 
കെ പി സി സി അധ്യക്ഷനായി ദുരിതമനുഭവിക്കുന്ന കാലത്ത് ഈ സുധീര  ഗാന്ധിയെ ഒരു നേതാവും പിന്തുണച്ചിരുന്നില്ലല്ലോ. എന്നിട്ടും മുൾകിരീടവുമായി ആ മഹാത്മാവ് നടന്നു. കേരളത്തിലെ കോൺഗ്രസിന്റെ കൗണ്ട് ഡൗൺ തുടങ്ങിയതും അവിടെയായിരുന്നു. ഗുണനിലവാരമില്ലാത്ത ബാറുകൾ അടക്കാൻ സർക്കാർ തീരുമാനമെടുത്തപ്പോൾ ആ ബാറുകൾ തുറക്കരുതെന്ന് അന്നത്തെ കെ പി സി സി അധ്യക്ഷൻ ഉത്തരവിട്ടു. ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനാണ്, ഉമ്മൻ ചാണ്ടിയും കെ ബാബുവും ഈ തീരുമാനം കേട്ട് ആദ്യം ഞെട്ടി. എന്നാൽ ഉമ്മാക്കി കാണിച്ച് ഉമ്മൻ ചാണ്ടിയെ ഭയപ്പെടുത്താനാവില്ലല്ലോ. 
 
കേരളത്തിലെ ഗുണമുള്ളതും ഇല്ലാത്തതുമായ എല്ലാ ബാറുകളും അടക്കാൻ സർക്കാർ തീരുമാനിച്ചു,  ഇതോടെ വി എം സുധീരൻ കോൺഗ്രസിൽ ഒറ്റപ്പെട്ടു. സോളാർകേസ് ബാർ കേസിന്റെ ബൈ പ്രൊഡക്റ്റായിരുന്നു. ആരോപണങ്ങളും പരാതികളും കേസുമൊക്കെയായി ഏതാണ്ട് വല്ലാത്തൊരു പരുവത്തിലായ യു ഡി എഫ് സർക്കാറിനെ രക്ഷിക്കാനുള്ള ശ്രമമൊന്നും അക്കാലത്ത് വി എം സുധീരൻ സ്വീകരിച്ചിരുന്നില്ല. വി എസ് അച്ചുതാനന്ദന്റെ അനുയായി ആയിതീരാനുള്ള ശ്രമത്തിലായിരുന്നു ഗാന്ധിയനായ സുധീരൻ. 
 
തന്റെ ഇമേജ് ഉയരുകയെന്നതിൽ കവിഞ്ഞൊരു പരിപാടിക്കും സുധീരൻ നിൽക്കില്ല. കൂടിയാലോചനകൾ നടക്കുന്നില്ലെന്നാണ് സുധീരന്റെ വിലാപം. കോൺഗ്രസിൽ വിലാപങ്ങൾ നിലക്കുന്നില്ലെന്ന് വ്യക്തം. മുതിർന്ന നേതാക്കൾ ഇങ്ങനെ പ്രതിസന്ധിയുണ്ടാക്കിക്കൊണ്ടേയിരിക്കും എന്ന് കെ സുധാകരന് അറിയാമെങ്കിലും അദ്ദേഹം ഞെട്ടുകയാണ് ഇപ്പോൾ. സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്നാണ് അധ്യക്ഷൻ പറയുന്നത്. 
ഓരോ ആഴ്ചയിലും ഓരോ ഇടിയാണ് പുതിയ നേതൃത്വത്തിന് കൊടുക്കുന്നത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറഞ്ഞ വിഷയങ്ങൾ തന്നെയാണ് സുധീരനും ഉയർത്തുന്നത്. അത്താഴ പഷ്ണിക്കാരുണ്ടോ എന്ന് മൂന്ന് വട്ടം ചൊല്ലിയതിനു ശേഷം വേണം കെ പി സി സി യുടെ വാതിലടക്കാനെന്ന് അറിയില്ലെന്നാണ് ഇപ്പോഴത്തെ പ്രശ്നം.  

എന്നോട് ഒന്നും ചർച്ച ചെയ്യാറില്ലെന്നാണ് വി എം സുധീരന്റെ വിലാപം.  ഒരു പേപ്പർ വെയിറ്റുപോലെ ഇരിക്കുകയാണ് ഉന്നതാധികാര സമിതി അംഗമായ സുധീരൻ. ഇന്നലെ രാത്രിവരെ സുധീരൻ ആലോചിച്ചു, എന്ത് വേണം, കോൺഗ്രസിൽ നിന്നും രാജിവച്ച് കാശിക്കുപോണോ ?  അതോ സി പി എമ്മിൽ ചേരണോ എന്ന് വി എം സുധീരൻ തീരുമാനിച്ചിട്ടില്ല,  തല്കാലം ഉന്നതാധികാര സമിതിയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

രാജിവാർത്തകേട്ട് കെ സുധാകരൻ ഞെട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പം ഞെട്ടി. നിരാശാജനകമാണ് രാജി വാർത്തയെന്നാണ് സതീശന്റെ പക്ഷം. ആര് പോയാലും കുഴപ്പമില്ലെന്ന് ഇത്തവണ പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രാജി വെക്കുന്നത് നല്ല രീതിയല്ലെന്ന് ഉമ്മൻ ചാണ്ടിയും കണ്ടെത്തിയിട്ടുണ്ട്.

എന്തായാലും വല്ലാത്തൊരു ചെയ്ത്തായിപ്പോയി ആ രാജി. ഇത്തരം കഠിനമായ തീരുമാനങ്ങൾ സുധീര ഗാന്ധി പെട്ടെന്നാണ്  കൈക്കൊള്ളുക. ഇനി സുധീരനും സി പി എമ്മിൽ ചേരുമോ എന്നൊരു സംശയം പ്രവർത്തകർക്ക് ഇല്ലാതില്ല. എന്തായാലും സുധീരന്റെ രാജി കോൺഗ്രസിലെ പ്രതിസന്ധിക്ക്  ആക്കം കൂട്ടിയിരിക്കയാണ്.



കനയ്യകുമാർ കാ കഹാനി…

കേൾക്കുന്ന വാർത്തകളെല്ലാം കോൺഗ്രസിൽ നിന്നുള്ള രാജിയും അധാകാരത്തിന്റെ അപ്പകഷണം തേടിയുള്ള യാത്രകളുമായിരുന്നു. കേരളത്തിൽ എ വി സാബു മുതൽ കെ പി സി സി ഭാരവാഹിയായിരുന്ന കെ പി അനിൽകുമാർ വരെയുള്ള വലുതും ചെറുതുമായ നിരവധി പേര് കോൺഗ്രസ് വിട്ട് ഭരണ കക്ഷിയായ സി പി എമ്മിൽ ചേർന്നു. പി സി ചാക്കോമുതൽ സുരേഷ് ബാബുവരെയുള്ളവർ എൻ സി പി വഴി ഭരണ പാർട്ടിയുടെ ഭാഗമായി. 
 
പശ്ചിമ ബംഗാളിൽ ബി ജെ പിയിൽ നിന്നും കോൺഗ്രസിൽ നിന്നുമുള്ള നിരവധി നേതാക്കൾ തൃണമൂലിൽ എത്തി. പ്രമുഖരായ പലരും കോൺഗ്രസ് വിട്ട് ബി ജെപിയിൽ എത്തി സസുഖം വാഴുന്നതും നാം കണ്ടു.   ഭരപ്പാർട്ടിയിലേക്ക്   നേതാക്കളുടെ നുഴഞ്ഞുകയറ്റവും ചുവടുമാറ്റവും തുടരുന്നതിനിടയിലാണ് രണ്ട് യുവ നേതാക്കൾ അതും  രണ്ട് വിപ്ലവകാരികൾ കോൺഗ്രസിലേക്ക് ചേക്കേറാൻ തയ്യാറായി നിൽക്കുന്ന വാർത്തകൾ വരുന്നത്.

കനയ്യ  കുമാറിനെയും ജിഗ്‌നേഷ് വേവാനിയേയും അത്ര പെട്ടെന്ന് എഴുതി തള്ളാവുന്നവരെല്ല്  വിപ്ലവ  പ്രസ്ഥാനമായ സി പി ഐക്ക് നിശ്ചയമുണ്ട്. ഈ രണ്ടുപേരും ചില്ലറക്കാരല്ലെന്നുകൂടി ഓർക്കണം. അതുകൊണ്ടാണല്ലോ, സി പി ഐ ദേശീയ ജന.സെക്രട്ടറിയായ എ രാജ നേരിട്ട് കനയ്യകുമാറിനെയും ജിഗ്‌നേഷിനെയും അനുനയിപ്പിക്കാനും ഒപ്പം നിർത്താനും ശ്രമം നടത്തിയത്.


കാനം രാജേന്ദ്രനും സഖാവ് ഡി. രാജയും ഏക സ്വരത്തിൽ പറ
ഞ്ഞ ഒറ്റകാര്യവും കനയ്യകുമാർ പാർട്ടിയുടെ സ്വത്താണെന്നായിരുന്നു. കനയ്യകുമാർ ബിഹാറിൽ ഏറെ ജനപിന്തുണയുള്ള യുവ നേതാവാണ്. ജിഗ്‌നേഷ് മേവാനി ഗുജറാത്തിലെ സി പി ഐയുടെ യുവ പോരാളിയും.  വാദ്ഗാം സീറ്റിൽ നിന്നാണ് എം എൽ എയായത്. കോൺഗ്രസിന്റെ കൂടി അനുഗ്രഹത്തോടെ എം എൽ എ യായ യുവ നേതാവ് പിന്നീട് കോൺഗ്രസിൽ ചേരുന്ന കാഴ്ചയാണ് രാജയും സംഘവും കാണാനിരിക്കുന്നത്.


കനയ്യകുമാർ 2016 മെയ്മാസത്തിൽ പട്ടാമ്പിയിൽ സി പി ഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നപ്പോൾ കനയ്യകുമാറിനെ ഇടത് കേന്ദ്രങ്ങൾ വിശേഷിപ്പിച്ചിരുന്നത് ഇന്ത്യ കണ്ട വിപ്ലവകാരികളിൽ  ഏറ്റവും കരുത്തനായ യുവരക്തമെന്നായിരുന്നു.

ആഫ്രിക്കൻ സ്റ്റഡീസിൽ ജവഹർലാൽ  ജെ എൻ യുവിൽ പി എച്ച് ഡി ചെയ്യുമ്പോൾ വിദ്യാർത്ഥി നേതാവായിരുന്നു കനയ്യ കുമാർ. ഒരു വിദ്യാർത്ഥി റാലിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എന്ന കുറ്റം ചുമത്തി ഡൽഹി പോലീസ് കനയ്യ കുമറിനെ അറസ്റ്റു ചെയ്തു. 2001-ലെ  പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് അഫ്സൽ ഗുരുവിനെ 2013-ൽ തൂക്കിക്കൊന്നതിനെതിരേയും അഫ്സൽ ഗുരുവിന്റെ സ്മരണയ്ക്കു വേണ്ടിയുമായിരുന്നു ഈ റാലി സംഘടിപ്പിക്കപ്പെട്ടത്. കനയ്യയുടെ അറസ്റ്റ് പിന്നീട് വലിയൊരു രാഷ്ട്രീയവിവാദമായി മാറി. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ അധ്യക്ഷപദവിവരെ കനയ്യകുമാറിനെ എത്തിച്ചു.


ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബിഹാട് ഗ്രാമത്തിൽ 1987 ജനുവരിയിൽ ആണ് കനയ്യ കുമാർ ജനിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യ്ക്ക് സ്വാധീനമുള്ള തെഗ്ര അസംബ്ലി മണ്ഡലത്തിലാണ് ബിഹാട്. ഒരേക്കറോളം കൃഷി ഭൂമി സ്വന്തമായുണ്ടെങ്കിലും കനയ്യായുടെ പിതാവ്, ജയ് ശങ്കർ സിംഹ്, പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഇടതുവശം തളർന്ന് കിടപ്പിലാണ്. അമ്മ മീനാദേവി ഒരു അങ്കണവാടി ടീച്ചറാണ്. ആസ്സാമിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠനും സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്ന ഇളയസഹോദരനും കനയ്യകുമാറിനുണ്ട്. പാരമ്പര്യമായിത്തന്നെ സി പി ഐ അനുഭാവികളാണ് കനയ്യയുടെ കുടുംബം. കർഷകരുടെ അവകാശങ്ങൾക്കായി അച്ഛനും അമ്മയും പോരാടിയിട്ടുണ്ട്. ജമിന്ദാരി സമ്പ്രദായത്തിനെതിരെ നിലപാട് എടുക്കുന്നവരായിട്ടാണ് കനയ്യയുടെ അമ്മാവന്മാർ ആ ഗ്രാമത്തിൽ അറിയപ്പെടുന്നത്.

ഒരു വ്യവസായവൽകൃത നഗരമായ ബറൗണിയിലെ ആർ കെ സി സ്‌കൂളിലാണ് കനയ്യകുമാർ പഠിച്ചത്. ഇടതുചായ്വുള്ള ഒരു നാടകസംഘടനയായ ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ സംഘടിപ്പിക്കുന്ന പല നാടകങ്ങളിലും മറ്റു പരിപാടികളിലും ഇദ്ദേഹം പങ്കെടുത്തു. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം 2002- ൽ പാറ്റ്നയിലെ കൊളേജ് ഒഫ് കൊമേഴ്സിൽ ജ്യോഗ്രഫി ബിരുദ പഠനത്തിന് ചേർന്ന അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിൽ തുടക്കം കുറിച്ചു. 
 
എ ഐ എസ് എഫിൽ ചേർന്ന കനയ്യയെ പാറ്റ്ന കോൺഫറൻസിൽ ഡെലിഗേറ്റ് ആയി തെരഞ്ഞെടുത്തു.  തന്റെ കോളേജിലും പാറ്റ്ന യൂണിവേഴ്സിറ്റിയിലും മാർക്സിസ്റ്റ് കേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കനയ്യ സഹായിച്ചു. കോളേജ് പഠനകാലത്ത് ഡിബേറ്റ് മൽസരങ്ങളിൽ കനയ്യ നന്നായി ശോഭിച്ചിരുന്നു. കേന്ദ്രഗവണ്മെന്റ് സംഘടിപ്പിച്ച എൻ എസ് എസിന്റെ ചർച്ച-സംവാദ മൽസരത്തിൽ ബീഹാർ വിദ്യാർത്ഥി പ്രതിനിധിസംഘത്തിൽ കനയ്യ കുമാറും ഉണ്ടായിരുന്നു. 
 
ബിരുദാനന്തരബിരുദത്തിനു ശേഷം കനയ്യ കുമാർ ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ 5000 രൂപയുടെ സ്റ്റൈപ്പന്റോടുകൂടി എം.ഫിൽ കോഴ്സിനു ചേർന്നു. ഇപ്പോൾ ജെ.എൻ.യു.വിൽ അന്തർദ്ദേശീയ പഠനവിഭാഗത്തിൽ ആഫ്രിക്കൻ പഠനത്തിൽ 8000 രൂപയുടെ സ്റ്റൈപ്പന്റോടുകൂടി പി എച്ച് ഡി ചെയ്തുകൊണ്ടിരിക്കുന്നു. 
 
തന്റെ നിർഭയമായ കാഴ്ചപ്പാടുകളാലും പ്രസംഗശേഷിയാലും കനയ്യ ജെ എൻ യു വിൽ ജനകീയനായ ഒരു നേതാവാണ്. 2015 -ൽ കനയ്യ കുമാർ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡണ്ടാകുന്ന ആദ്യ എ ഐ എസ് എഫ്  അംഗമായി. സഖാവ് കനയ്യ സി പി ഐ നാഷണൽ കൗൺസിൽ അംഗമാണ്. ബീഹാറിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചു ലല്ലുവിന്റെ പാർട്ടി പിന്തുണക്കാതെ 4 ലക്ഷത്തിനു മേൽ വോട്ട് പിടിച്ചു.
 
കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇന്ത്യ കണ്ട ശക്തമായ സമര മുന്നേറ്റത്തിന് നേതൃത്യം കൊടുത്ത യുവ പോരാളികളാണ് കോൺഗ്രസിലേക്ക് എത്തുന്ന മെവാനിയും കനയ്യയും എന്നത് ഓർക്കണം. ദളിത് സംഘടനകളും ഇടതുപക്ഷവും ഒന്നിച്ചു നീങ്ങണമെന്ന പുതിയ ആശയവും ഇവർ മുന്നോട്ട് വച്ചിരുന്നു . ഇവർ പുതിയ നിലപാട് സ്വീകരിക്കുമ്പോൾ രാജ്യം അവരെ ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.


ഇനി ഇരുന്നും ഭക്ഷണം കഴിക്കാം

കേരളത്തിലെ റസ്‌റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനോ, ബാറുകളിലിരുന്ന് രണ്ടെണ്ണം അകത്താക്കാനോ അനുമതിയുണ്ടായിരുന്നില്ല. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് പാഴ്‌സൽവാങ്ങി വിജനമായ സ്ഥലത്തിരുന്ന് രണ്ടെണ്ണം അടിക്കുകയായിരുന്നു കുറച്ചുകാലമായുള്ള രീതി. അതിലാണ് മാറ്റം വന്നിരിക്കുന്നത്.
ഞായറാഴ്ചത്തെ ലോക് ഡൗൺ, രാത്രികാല കർഫ്യൂ എന്നിവ കഴിഞ്ഞരണ്ടാഴ്ച മുൻപാണ് എടുത്തുകളഞ്ഞത്. പാർട്ടി സമ്മേളനങ്ങൾ ഒഴിച്ച് ബാക്കിയുള്ള ജനക്കൂട്ടനമുണ്ടാവുന്ന ഒരു പടിപാടിക്കും അനുമതി ഇപ്പോഴുമില്ല.

സ്‌കൂളുകൾ നവമ്പർ ഒന്നിന് തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 
സ്‌കൂളുകൾ തുറക്കുന്നത് നിരവധി നിബന്ധനകളോടെയാണ്. ഒരു സീറ്റിൽ ഒരു വിദ്യാർത്ഥി, ഓട്ടോയിലാണെങ്കിൽ രണ്ട് കുട്ടികളെ മാത്രം, അങ്ങിനെ പോവുന്നു നിബന്ധനകൾ. പാവപ്പെട്ട വീട്ടിലെ കുട്ടികൾ എങ്ങിനെയാണ് ഇതിനെയൊക്കെ മറികടക്കുകയെന്ന് സർക്കാർ ആലോചിക്കുന്നില്ല. തൊഴിലാളികുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, അവർക്ക് വീണ്ടും സ്‌കൂൾ ബാധ്യതയാവാതെ വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുകയാണ് വേണ്ടത്. അതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

കെ സുരേന്ദ്രൻ പറഞ്ഞതും കോട്ടയം മോഡലായിരുന്നു


ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ (ഇത് വായിക്കുമ്പോൾ ചിലപ്പോൾ സുരേന്ദ്രൻ ആ പദവിയിൽ ഉണ്ടാവുമോ എന്നറിയില്ല) തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ ഒരു സത്യമുണ്ട്. 35 സീറ്റു കിട്ടിയാൽ കേരളം ഭരിക്കുമെന്ന്, അത് നമുക്ക് എത്ര ആലോചിച്ചിട്ടും മനസിലായിരുന്നില്ല.
കോട്ടയം നഗരസഭയിൽ  ബി ജെ പി പിന്തുണയോടെ യു ഡി എഫ് അധ്യക്ഷയെ താഴെയിറക്കിയ അതേ ബുദ്ധിതന്നെയായിരിക്കാം സുരേന്ദ്രൻ ലക്ഷ്യമിട്ടിരിക്കുക.
 

അധികാരമാണ് എല്ലാവരുടെയും ലക്ഷ്യം. അതിനായി എന്ത് തീരുമാനവും കൈക്കൊള്ളുക, അത്രമാത്രം. അതിന് കോട്ടയം മോഡൽ എന്നോ, ഈരാറ്റുപേട്ട മോഡൽ എന്നോ എന്തുവേണമെങ്കിലും ഉദാഹരണങ്ങളായി നിരത്താം. കോൺഗ്രസ് ലീഗ് ബി ജെ പി ബന്ധമുണ്ടെന്നും, കോ ലി ബി സഖ്യമെന്നൊക്കെ സി പി എം കളിയാക്കി വിളിച്ചിരുന്ന ഒരു അവിശുദ്ധ സഖ്യം, ഇന്ന് കാര്യങ്ങളെല്ലാം മാറി മറയുന്നു. ബെ ജി പിയും എസ് ഡി പി ഐയും ഒക്കെ സഖ്യത്തിനായി സി പി എമ്മിന് മുന്നിൽ വന്നു നിൽക്കുന്നു, ആരെയും തള്ളാതെ, എന്നാൽ പരസ്യമായി കൊള്ളാതെ ട്രിപ്പീസ് കളിക്കുകയാണ് ഇടതന്മാർ.

സഹകരണം കൂടിയ രണ്ട് എം എൽ എമാർ

കോന്നി എം എൽ എ ജിനേഷ് കുമാറും, ബത്തേരി എം എൽ എ  ഐ.സി ബാലകൃഷ്ണനും സഹകരണ പ്രസ്ഥാനത്തിന്റെ പ്രതിസന്ധിയിലാണ്.  സീതത്തോട് സഹകരണ ബാങ്കിലെ തട്ടിപ്പിലാണ് ജിനേഷ് ആരോപണ വിധേയനാവുന്നത്. ബാങ്ക് സെക്രട്ടറി പണം അപഹരിച്ചുവെന്ന ആരോപണവും കേസും തിരിച്ചടിക്കുകയാണ്.  എം എൽ എ അറിയാതെ അവിടെ ഒന്നും നടക്കില്ലെന്നും, എം എൽ എയെ രക്ഷിക്കാൻ കേസിൽ സെക്രട്ടറിയെ കുരുക്കുകയാണെന്നുമാണ് ആരോപണം.

ബത്തേരി അർബൻബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട ആരോപണമാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. കോൺഗ്രസിന്റെ എം എൽ എയും വയനാട് ജില്ലയിലെ പ്രമുഖ നേതാവുമായ എ സി ബാലകൃഷ്ണൻ കോഴ വാങ്ങിയതായി തെളിവു സഹിതമാണ് ആരോപണം. ആകെ മുങ്ങിയാൽ കുളിര് എന്ന അവസ്ഥയിലാണ് പാർട്ടികളെല്ലാം. സഹകരണം സഹകരിക്കുന്നവർക്ക് മാത്രം.  


സഹകരണ പ്രസ്ഥാനങ്ങളെല്ലാം സംശയത്തിന്റെ നിഴലിലാണ്. രാഷ്ട്രീയക്കാരുടെ നിലനിൽപ്പിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായി സഹകരണ മേഖല മാറിയിരിക്കുന്നു. കർഷകരെയും ചെറുകിടക്കാരെയും ഒരുപോലെ നിലനിൽക്കാനായി സഹായിച്ചിരുന്ന സഹകരണ പ്രസ്ഥാനങ്ങളിൽ പലതും അഴിമതിയുടെയും സാമ്പത്തിക തട്ടിപ്പിന്റെയും കേന്ദ്രമായി അധപ്പതിച്ചിരിക്കുന്നു.
സഹകാരികളെ മുന്നോട്ട്,


വാൽകഷണം :
കെ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറിനിൽക്കണമെന്ന് പി പി മുകുന്ദൻ. നിരാശരാണ് ബി ജെ പി പ്രവർത്തകർ. കോൺഗ്രസ് മെച്ചപ്പെട്ടപ്പോൾ ബി ജെ പി കീഴ്പ്പോട്ട് പോയി, ഇ ശ്രീധരനെ മുഖ്യമന്ത്രിയാക്കിയതു പോലുള്ള ബുദ്ധിശൂന്യയാണ് കെ സുരേന്ദ്രൻ കാണിച്ചതെന്നും പി പി മുകുന്ദൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here