ചാരുംമൂട് ജോസ്

പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളീയരേയും കേരളക്കരയേയും രഹസ്യമായി കൊള്ളയടിച്ചു നശിപ്പിച്ചു കഴിഞ്ഞു. ഇനിയും അറബിക്കടലും വിദേശക്കമ്പനികള്‍ക്ക് തീറെഴുതി വിറ്റു തുലയ്ക്കാന്‍ നടത്തിയ പദ്ധതികള്‍ പ്രതിപക്ഷ നേതാവിന്റെ സമയോചിത വെളിപ്പെടുത്തലുകള്‍ മൂലം ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി വിലാപക്കയത്തില്‍ മുങ്ങിമരിക്കുകയാണ്.

വിലാപം ഒന്ന് എനിക്കറിയില്ല,
എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ല്‍ എല്ലാം ശരിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ കയറിയിട്ട് ഇതുവരെ ഒന്നും ശരിയായിട്ടില്ല. ഓഖി ദുരന്തത്തില്‍ നടത്തിയ ഫണ്ട് സമാഹരണത്തിന്റെ ഒരു കണക്കും പൊതുജനങ്ങള്‍ക്കറിയില്ല. പ്രളയത്തിന്റെ പേരില്‍ പിരിച്ച വന്‍ തുകകളുടെ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രളയാനന്തരം വിദേശ രാജ്യത്ത് പോയി പ്രവാസികള്‍ക്ക് മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി അനേക കോടികള്‍ പിരിച്ചുകൊണ്ടുവന്നു. പിന്നെ ആക്‌സിസ് ബാങ്ക് മുഖാന്തിരം അനധികൃതമായി കേന്ദ്രമറിയാതെ തിരിമറി നടത്തിയത് എത്രയെന്ന് ആര്‍ക്കുമറിയില്ല. സ്പ്രിംഗ്‌ളര്‍ കരാര്‍ വിദേശികള്‍ക്ക് കൊടുത്ത കള്ളച്ചതികള്‍ പുറത്തു വന്നപ്പോള്‍ എനക്കറിയില്ല എന്ന് ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവെച്ച് തലയൂരി.

ബ്രീവറി ആപ് കരാര്‍ നടത്തി കോടികളുടെ ഇടപാടുകള്‍ വിവാദമായപ്പോള്‍ ഒന്നും എനക്കറിയില്ല പലരേയും പഴി ചാരി പെട്ടന്ന് തന്നെ കരാറുകള്‍ റദ്ദാക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി നടത്തിയ സ്വര്‍ണ്ണക്കള്ളക്കടത്തും ഡോളര്‍ കള്ളക്കടത്തും നടത്തിയവരെ എനക്കറിയില്ല എന്ന് പറഞ്ഞ് തടിയൂരിപ്പോകാന്‍ ശ്രമിച്ചെങ്കിലും ശിവശങ്കരനും അയ്യപ്പനും ശ്രീരാമകൃഷ്ണനും കുടുങ്ങിയപ്പോള്‍ ജനങ്ങളെ വഞ്ചിച്ച കഥകള്‍ കേരളീയ സമൂഹം വിശ്വസിച്ചു. അതിന്റെ പിന്നാലെ ലൈഫ് ഭവന പദ്ധതികളിലെ വമ്പന്‍ അഴിമതിയും കേരള ജനത കണ്ടു മടുത്തുകഴിഞ്ഞു.

പരിശുദ്ധ ഗ്രന്ഥത്തിലൂടെ, ഈന്തപ്പഴത്തിലൂടെ സ്വര്‍ണ്ണക്കടത്തും നടത്തി സ്വന്തം പാളയത്തില്‍ തന്നെയുള്ള വിശ്വസ്ഥനായ ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണ വലയങ്ങളില്‍ നട്ടം തിരിയുമ്പോള്‍ തൊടുന്നിടത്തെല്ലാം അഴിമതി. മണല്‍ക്കടത്തില്‍ അഴിമതി. എവിടെയും നില്‍ക്കക്കളിയില്ലാത്ത സമയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ധൃതി പിടിച്ച് തിരഞ്ഞെടുപ്പ് നടത്തി മേല്‍ക്കൈ നേടി, പുകമറ സൃഷ്ടിച്ച് കേന്ദ്രസര്‍ക്കാരുമായി ഒത്തുതീര്‍പ്പ് ധാരണ ഉണ്ടാക്കി എസ്എന്‍സി ലാവ്‌ലിന്‍ കേസടക്കം തല്‍ക്കാലം തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ മരവിപ്പിക്കാനും കേന്ദ്ര അന്വേഷണ സംഘങ്ങളെ തല്‍ക്കാലത്തേക്ക് മരവിപ്പിച്ച് നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പാക്കാന്‍ ചിലയിടങ്ങളില്‍ ധാരണയുണ്ടാക്കാനും നടത്തിയ നീക്കങ്ങള്‍ പരസ്യമായ രഹസ്യങ്ങളാണ്.

ഗത്യന്തരമില്ലാതെ കോടികള്‍ മുടക്കി ദിനംതോറും പരസ്യങ്ങള്‍ കൊടുത്തു ഖജനാവ് മുടിക്കുന്ന പ്രകൃയയില്‍ മുങ്ങിയിരിക്കുന്ന പിണറായി വിജയന്‍ കേരളീയരെ അപമാനിക്കുകയാണ്. സ്വന്തം പാര്‍ട്ടി ഗുണ്ടകള്‍ക്ക് പിന്‍വാതില്‍ നിയമനം നടത്തിക്കൊടുത്ത് ലക്ഷക്കണക്കിന് പിഎസ് സി റാങ്ക് ജേതാക്കളായ അഭ്യസ്ഥ വിദ്യരായ യുവജനങ്ങളെ കളിയാക്കി വരുന്ന സംഭവങ്ങള്‍ രാജ്യശ്രദ്ധ നേടിക്കഴിഞ്ഞു. അവസാനം 5000 കോടിക്ക് കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന മത്സയബന്ധനം ഉപജീവനമാക്കി ജീവിക്കുന്നവരെ കുരുതികൊടുക്കാന്‍ അറബിക്കടലും തീറെഴുതി കൊടുക്കാന്‍ നടന്ന രഹസ്യകരാര്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ മൂലം തകര്‍ന്നടിഞ്ഞു. അതും മന്ത്രിക്ക് അറിയില്ല, മുഖ്യമന്ത്രിക്കും അറിയില്ല. ഉദ്യോഗസ്ഥരെ കുരുതി കൊടുക്കുന്ന ഏര്‍പ്പാടാണ് വീണ്ടും പുറത്തുകൊണ്ടുവരുന്നത്. അധികാരത്തിന്റെ മറവിലും സ്വന്തം ധാര്‍ഷ്ട്യത്തിലൂടെയും ഖജനാവ് കാലിയാക്കി ദിനം തോറും സ്വന്തം മുഴുനീള കളര്‍ ചിത്രങ്ങള്‍ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും അച്ചടിച്ച് പരസ്യം ചെയ്ത് കേരളീയരെ വഞ്ചിക്കുന്നത് കാലം പൊറുക്കുകയില്ല.

ഒറ്റ ദിവസത്തെ പരസ്യ ചിലവില്‍ ആയിരം പേര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കാന്‍ സാധിക്കും. എല്ലാ ദിവസവും ഉദ്ഘാടന മാമാങ്കങ്ങള്‍, നചക്കാത്ത പദ്ധതികള്‍ക്ക് വേണ്ടി വെറുതെ കോടികള്‍ ചെലവഴിച്ചു കല്ലുകള്‍ സ്ഥാപിക്കുന്ന ചടങ്ങുകള്‍ ഇതും ബഹിഷ്‌കരിച്ചു തുടങ്ങി. കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും വേര്‍തിരിച്ച് പുകമറ സൃഷ്ടിച്ച് അഴിമതികള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ കുതന്ത്രങ്ങള്‍ കേരളക്കരയില്‍ ഇനി ചിലവാകില്ല. സ്വന്തമായി തുടങ്ങി ഉദ്ഘാടനം ചെയ്ത ഏതെങ്കിലും ഒരു പദ്ധതി സ്വന്തം മന്ത്രിസഭയുടെ പേരില്‍ ചൂണ്ടിക്കാണിക്കാനില്ലാതെ മുന്‍ സര്‍ക്കാരിന്റെ പദ്ധതികളും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും പൂര്‍ത്തിയാക്കി തങ്ങളുടേതാക്കി കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന കാഴ്ചകള്‍ക്ക് കാലം മറുപടി കൊടുക്കും.

എല്ലാ മേഖലകളിലും വന്‍ അഴിമതി നടത്തി കേരളജനതയെ കൊടും കടക്കെണിയിലാക്കി ഭരണത്തില്‍ നിന്നും ഇറക്കി നാടിന്റെ ഭാവിയെ മുടിച്ചു നശിപ്പിക്കുന്ന ഈ സര്‍ക്കാരിന്റെ തനിനിറം കേരള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ, ധാര്‍ഷ്ഠ്യത്തിനെതിരെ, ധൂര്‍ത്തിനെതിരെ, വന്‍ അഴിമതികള്‍ക്കെതിരെ പ്രതികരിക്കും. അതോടെ കേരളത്തിന്റെ വസന്തകാലം ഒരു യുഡിഎഫ് ഭരണം നിലവില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here