രാജേഷ് തില്ലങ്കേരി

ഏറെ വർഷങ്ങൾ നീണ്ടുനിന്ന ഗവേഷണങ്ങൾക്കും, ശാസ്ത്രീയ പരിശോധനയ്ക്കും ശേഷമാണ് നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭൻ  സാമൂഹ്യപരിഷ്‌ക്കർത്താവായിരുന്നുവെന്ന്  സി.പി.എം തിരിച്ചറിഞ്ഞത്.

എൻ എസ് എസിന്റെ പരമാചാര്യനായിരുന്ന മന്നത്ത് പത്മനാഭനെ, ഒടുവിൽ  സാമൂഹ്യപരിഷ്‌ക്കർത്താവായി സി പി എം അംഗീകരിച്ചു. ഇത്  എൻ എസ് എസിനോടുള്ള അടുപ്പം കൂടാനുള്ള സി പി എമ്മിന്റെ നീക്കമായും, രാഷ്ട്രീയ അടവായുമൊക്കെ ആരെങ്കിലും കണ്ടെങ്കിൽ അത് യാദൃശ്ചികം മാത്രം.

മന്നത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറെ ഗുണം ചെയ്തുവെന്നും, വൈക്കം, ഗുരുവായൂർ സത്യാഗ്രഹത്തിൽ എ കെ ജിക്കൊപ്പം മന്നത്തും പങ്കെടുത്തിരുന്നുവെന്നും സി പി എം മുഖപത്രത്തിൽ വന്ന ലേഖനത്തിൽ പറഞ്ഞിരുന്നു. മന്നം സമാധിദിനത്തിൽ പാർട്ടി പത്രത്തിൽ ഡോ ശിവദാസന്റെ പേരിൽ വന്ന ലേഖനത്തിലാണ് മന്നത്തിന് ആദരം നൽകിയത്. അസമത്വങ്ങൾ കൊടികുത്തി വാണിരുന്ന കേരളത്തിൽ മന്നത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ഗുണം ചെയ്തുവെന്നും, രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിന്റെ സേവനങ്ങളെ ഒരിക്കലും കുറച്ചു കാണരുതെന്നും ലേഖനത്തിൽ പറയുന്നുണ്ട്. നായർ സമുദായത്തിൽ ഒട്ടേറെ മാറ്റങ്ങൾക്ക് മന്നത്തിന്റെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ടെന്നും ലേഖനം പറഞ്ഞിരിക്കുന്നു.


കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ നേതാവായ കൃഷ്ണപിള്ള മുതൽ നിലവിൽ പോളിറ്റ് ബ്യൂറോ അംഗം രാമചന്ദ്രൻ പിള്ള വരെയുള്ള  നായർമാരെ ഉന്നത സ്ഥാനത്തെത്തിച്ച പാരമ്പര്യമുള്ള പാർട്ടിയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെന്നും എല്ലാ നായർമാർക്കും സംരക്ഷണം നൽകാൻ തയ്യാറാണെന്നും സി പി എം പാർട്ടിയ പത്രങ്ങളിൽ ലേഖനം വരുന്ന കാലം വിദൂരമല്ല.

എൻ എസ് എസ്, എസ് എൻ ഡി പി, ക്രിസ്ത്യൻ വിഭാഗത്തിലെ ഓർത്തഡോക്‌സ് വിഭാഗം, കത്തോലിക്കാ സഭ, മുസ്ലിം സമുദായ സംഘടനയായ സുന്നി വിഭാഗം തുടങ്ങി എല്ലാ സമുദായങ്ങളെയും ഒപ്പം നിർത്തി തുടർഭരണമെന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് സി പി എം.

എസ് എൻ ഡി പി യുമായി അടിച്ചു പിരിഞ്ഞും, അടുപ്പം കൂടിയും ഒക്കെ മുന്നോട്ടു പോവുകയാണ് നേരത്തെയും സി പി എം. ശബരിമല വിഷയം കത്തിയകാലത്ത് രണ്ടാം നവോത്ഥാന മുന്നേറ്റത്തിന് സർക്കാർ മുൻകൈ എടുത്ത് ഉണ്ടാക്കിയ സമിതിയിലെ മുന്നണിപോരാളിയായിരുന്നു വെള്ളാപ്പള്ളി. അതേ വെള്ളാപ്പള്ളി പിന്നീട് സർക്കാരിനെ തള്ളിപ്പറയുന്നതും കേരളം കണ്ടു.

വെള്ളാപ്പള്ളി നടേശൻ മന്ത്രി എം എം മണിയെ നേരത്തെ അതിശക്തമായി വിമർശിച്ചിരുന്നു. എന്നാൽ ഒരാഴ്ചമുൻപ് വെള്ളാപ്പള്ളിയും മന്ത്രി എം എം മണിയും ഒരു വേദിയിൽ പ്രത്യക്ഷപ്പെടുകയും, പരസ്പരം പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. വെള്ളാപ്പള്ളിക്കെതിരെ ഡമോക്ലസിന്റെ വാളുപോലെ കെ പി മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുകയാണല്ലോ. പിന്നെ വെള്ളാപ്പള്ളിക്ക് പിണറായി സ്തുതി നടത്തിയേ പറ്റൂ.

ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ അതിശക്തമായ ഭാഷയിൽ എതിർപ്പുമായി എത്തിയ എൻ എസ് എസിനെ ഒപ്പം നിർത്താനായുള്ള ശ്രമങ്ങളിലായിരുന്നു സി പി എമ്മിന്റെ അടുത്ത ടാസ്‌ക്. നേരത്തെ എൻ എസ് എസിനെ കൂടെ നിർത്താനുള്ള ശ്രമം സി പി എം ആരംഭിച്ചിരുന്നു. കെ ബാലകൃഷ്ണ പിള്ളയെ മുന്നോക്ക കോർപ്പറേഷൻ ചെയർമാനാക്കിയതും, സംസ്ഥാനത്ത് സാമ്പത്തിക 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുമുള്ള തീരുമാനവും അതിന്റെ ഭാഗമായിരുന്നു. ശബരിമല ആചാര സംരക്ഷണ സമരവുമായി ബന്ധപ്പെട്ടുള്ള കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ എൻ എസ് എസ് സ്വാഗതം ചെയ്തിരുന്നു. എൻ എസ് എസിനെ എതിർചേരിയിൽ നിർത്തുന്നത് ഗുണകരമാവില്ലെന്ന സി പി എം നിലപാടാണ് മന്നത്ത് സാമൂഹ്യപരിഷ്‌ക്കർത്താവാണെന്നുള്ള പാർട്ടി മുഖപത്രത്തിലെ ലേഖനത്തിന്റെ പിന്നിൽ.

വിവിധ ക്രിസ്ത്യൻ സമുദായങ്ങളെയും,  മുസ്ലിം സമുദായ സംഘടനകളെയും ഒരുമിച്ച് നിർത്തുന്നതിനുള്ള നീക്കവും ഇതോടൊപ്പം ശക്തമായി നടക്കുന്നുണ്ട്. മധ്യകേരളത്തിൽ ആധിപത്യം ഉറപ്പിക്കാൻ എൻ എസ് എസ്, എസ് എൻ ഡി പി പിന്തുണയും, ഒപ്പം ക്രിസ്ത്യൻ വോട്ടുകൾ ഇടത് പക്ഷത്തേക്ക് മറിയുകയും ചെയ്താൽ വൻഭൂരിപക്ഷത്തോടെ പിണറായി സർക്കാരിന് ഭരണതുടർച്ചയുണ്ടാവുമെന്നാണ് സി പി എം കണക്കൂട്ടലുകൾ.

എന്നാൽ പന്തളം കൊട്ടാരം ഇടത് സർക്കാരിന്റെ നീക്കങ്ങളെ ഇപ്പോഴും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ആ സംശയം അവർ പരസ്യമായി പറയുകയും ചെയ്തു കഴിഞ്ഞു. ഇനി കൊട്ടാരത്തിനുള്ള മറുപടിയുമായി എം എം മണിയോ, ജി സുധാകരനോ, അതോ എ വിജയരാഘവനോ എത്തുന്നതുവരെ നമുക്ക് കാത്തിരിക്കാം.


ഇനി സ്‌കൂൾ മാഷുമാർ മന്ത്രിമാരായി വരില്ല

സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ കെ ശൈലജ, കെ ടി ജലീൽ, സി രവീന്ദ്രനാഥ് തുടങ്ങിയവരെല്ലാം എയിഡഡ് സ്‌കൂളിലെയും കോളജുകളിലെയും അധ്യാപകരായിരുന്നു. അവർ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നതും അധ്യാപക വൃത്തി നടത്തുമ്പോൾ തന്നെയായിരുന്നു. കെ ടി ജലീലും ശ്രീരാമകൃഷ്ണനും അവധിയിൽ തുടരുന്നവരാണ്. കെ കെ ശൈലജയും, സി രവീന്ദ്രനാഥും റിട്ടയർ ചെയ്ത അധ്യാപകരാണ്. എങ്കിലും ഇവർ നേരത്തെ രാഷ്ട്രീയ പ്രവർത്തകരായിരുന്നു. കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകരിലും നേതാക്കളിലും ഏറ്റവും കൂടുതലായുള്ളത് എയിഡഡ് സ്‌കൂൾ അധ്യാപകരാണ്.

സർക്കാർ അധ്യാപകർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് നേരത്തെ തന്നെ വിലക്കുണ്ട്. എന്നാൽ എയിഡഡ് സ്‌കൂൾ അധ്യാപകർക്ക് അത്തരമൊരു വിലക്കില്ലാത്തതിനാൽ പഞ്ചായത്ത് മെമ്പർ തൊട്ട് എം എൽ എയും മന്ത്രിയും ഒക്കെയായി വളരാൻ അവർക്ക് അവസരം കിട്ടും. സർക്കാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എല്ലാം മുടങ്ങാതെ കിട്ടുന്നതിനാൽ രാഷ്ട്രീയ പ്രവർത്തനത്തിൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും കഴിയും.


എന്നാൽ അതെല്ലാം പഴങ്കഥയായി മാറുകയാണ്. സാറന്മാർ കുട്ടികളെ പഠിപ്പിച്ചാൽ മതി,
ഭരിക്കാനും, പോരാട്ടത്തിനും ഇറങ്ങേണ്ടതില്ലെന്നാണ് കേരള ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.  

സിനിമാ പ്രതിസന്ധി രൂക്ഷം, തീയേറ്ററുകൾ നഷ്ടത്തിലെന്ന്

കോവിഡ് ബാധയെതുടർന്ന് അടച്ചിട്ട കേരളത്തിലെ സിനിമാ തീയേറ്ററുകൾ അടച്ചിട്ടത് പത്തുമാസക്കാലമായിരുന്നു. ഏറെ ചർച്ചകൾക്കും, നിയന്ത്രണങ്ങൾക്കും, ഉറപ്പുകൾക്കും ശേഷമാണ് തീയേറ്ററുകൾ തുറന്നത്. എന്നാൽ രാത്രികാല പ്രദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും , പകുതി സീറ്റുകൾ ഒഴിച്ചിടണമെന്ന നിബന്ധനയും തീയേറ്ററുകൾക്ക് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. പ്രമുഖരുടെ ചിത്രങ്ങൾ റിലീസിന് എത്താത്തതും പ്രതിസന്ധി വർദ്ധിപ്പിച്ചു.


തീയേറ്ററുകൾക്ക് വൻതുക ലഭിക്കുമായിരുന്ന ദൃശ്യം 2 ഒ ടി ടി
യിലാണ് പ്രദർശനത്തിന് എത്തിയത്. വെള്ളം നല്ല അഭിപ്രായമുണ്ടാക്കിയെങ്കിലും തീയേറ്ററിൽ വൻ ഹിറ്റായി മാറിയില്ല. കോവിഡ് പശ്ചാത്തലത്തിൽ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിന്റെ റിലീസ് മാറ്റിയിരുന്നു. സെക്കന്റ് ഷോ ഇല്ലാത്തതാണ് പ്രീസ്റ്റിന്റെ റിലീസ് മാറ്റാൻ കാരണം. മാർച്ച് 31 വരെ വിനോദ നികുതിയിൽ നിന്നും തീയേറ്ററുകളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കൂടുതൽ ഷോ നടന്നാൽ മാത്രമേ തിയേറ്ററുകൾ ലാഭകരമാവുകയുള്ളൂ.

മോഹൻ
ലാലിന്റെ മരയ്ക്കാറാണ് മാർച്ചിൽ റിലീസ് ചെയ്യേണ്ട ബ്രഹ്മാണ്ഡ ചിത്രം. ഇതേ നില തുടർന്നാൽ മരയ്ക്കാറും റിലീസ് മാറ്റും. കേരളത്തിന് പുറത്ത് എല്ലാ സംസ്ഥാനങ്ങളിലും സിനിമാ ശാലകൾക്കുള്ള നിയന്ത്രണം പിൻവലിച്ചിരുന്നു. കേരളത്തിൽ കോവിഡ് വ്യാപനത്തിൽ മാറ്റം  വരാത്ത സാഹചര്യത്തിൽ അനുകൂല തീരുമാനമുണ്ടാവുമോ എന്ന ഭയത്തിലാണ് സിനിമാ പ്രവർത്തകർ.

റിലീസ് വൈകുന്നത് പുതിയ സിനിമകളുടെ ചിത്രീകരണത്തെയും ബാധിച്ചിരിക്കയാണ്. എഴുപതിൽ പരം ചിത്രങ്ങളാണ് ഇപ്പോഴും റിലീസിംഗിന് അവസരം കാത്ത് കഴിയുന്നത്. ഓപ്പറേഷൻ ജാവ പോലുള്ള ചിത്രങ്ങൾ തിയേറ്ററിൽ മികച്ച പ്രതികരണം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സെക്കന്റ് ഷോ ഇല്ലാത്തതിനാൽ കുടുംബ പ്രേക്ഷകർ എത്തുന്നില്ലെന്നാണ് പരാതി.

പി സി തോമസ് വീണ്ടും എൻ ഡി എയിൽ

പി സി തോമസിന്റെ കേരളാ കോൺഗ്രസും, പി സി ജോർജ്ജിന്റെ ജനപക്ഷവും  യു ഡി എഫിന്റെ ഭാഗമാവണമെന്ന് ഏറെ ആശിച്ചപാർട്ടികളാണ്. ഒരു കേരളാ കോൺഗ്രസ് പോയാൽ രണ്ടെണ്ണം വരുമെന്നൊക്കെയായിരുന്നു പാലാക്കാരും, കോട്ടയം കാരും വിശ്വസിച്ചിരുന്നത്. എന്നാൽ പി സി മാരുടെ കാര്യത്തിൽ കോൺഗ്രസ് ഇപ്പോഴും മൗനം തുടരുകയാണ്. 

ഇതിനിടയിലാണ് പി സി തോമസ് പഴയ തട്ടകമായ എൻ ഡി എയിലേക്ക് തിരികെ കയറിയത്. ഒന്നു മില്ലേലും ഒരു വഴിയുണ്ടായപ്പോൾ പിടിച്ച് കേന്ദ്രമന്ത്രിയാക്കിയ ബി ജെ പിയെ അത്രപെട്ടെന്ന് മറക്കാൻ പറ്റുമോ പി സിക്ക്. ആ പഴയ ഹാങോവറിലല്ലിയോ പി സി ഇപ്പോഴും പൊതുപ്രവർത്തകനായി തുടരുന്നത്. പാലായിൽ സ്ഥാനാർത്ഥിയായി പി സി ചാക്കോ എത്തുമെന്നാണ് സംസാരം. അങ്ങിനെയെങ്കിൽ പാലായിൽ മൽസരം കൊഴുക്കും.


മുസ്ലീം ലീഗിനെയും എൻ ഡി എയിലെടുക്കുമെന്ന് ശോഭാ സുരേന്ദ്രൻ

ശോഭാ സുരേന്ദ്രൻ തെരഞ്ഞെടുപ്പിൽ സജീവമാവുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞപ്പോള്‍ ഇത്രയും സജീവമാവുമെന്ന് ആരും കരുതിക്കാണില്ല. മുസ്ലിംലീഗിനെ വരെ എൻ ഡി എയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ശോഭ ചേച്ചി. ഒരു വർഷമായി പാർട്ടിയുമായി ഇടഞ്ഞ് അകന്നു നിൽക്കുകയായിരുന്ന ശോഭാ സുരേന്ദ്രൻ സാക്ഷാൽ നരേന്ദ്ര മോദിജിയെവരെ കണ്ട് സങ്കടം ഉണർത്തിച്ചു. 

കേരളത്തിലെ ബി ജെ പി നേതൃത്വം ഒന്നിനും കൊള്ളില്ലെന്ന സത്യം. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റ വച്ച് തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നീങ്ങാനായിരുന്നു ശോഭയോട് മോദിജിയുടെ നിർദ്ദേശം. അത് കേട്ടതോടെ ശോഭാജി സജീവമായി. വേറിട്ട വഴികളിലൂടെയാണ് ശോഭാജിയുടെ നീക്കങ്ങൾ. തിരുവനന്തപുരത്ത് സമരം ചെയ്യുന്ന പി എസ് സി റാങ്ക് ഹോൾഡർമാരുടെ സമരത്തിൽ ഇടപെടുക മാത്രമല്ല, ഗവർണറുടെ അടുത്ത് വരെ ഉദ്യോഗാർത്ഥികളെയും കൊണ്ട് ശോഭാജി പോയി. എന്താല്ലേ…. 
 
എന്നിട്ടോ, കേരള സർക്കാർ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഗവർണർ പറഞ്ഞു, ചെയ്യാവുന്നതൊക്കെ ചെയ്യാമെന്ന്. അതു തന്നെയല്ലേ, ഞാനും ചെയ്യുന്നതെന്ന തിരിച്ചറിവിൽ ശോഭാജി രാജ് ഭവനിൽ നിന്നും ഇറങ്ങി. ഒന്നും ലഭിച്ചില്ലെങ്കിലും ശോഭാജി ഒരു ആവശ്യം വന്നപ്പോൾ കൂടെ നിന്നല്ലോ എന്ന സന്തോഷം സമരക്കാരിലുമുണ്ടായി.

ശോഭാജി അത്രയേ പ്രതീക്ഷിച്ചുള്ളൂ, അത് നടന്നു. ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബി ജെ പിക്ക് ഒരു അകൽച്ചയുമില്ലെന്ന ആ മഹത്തായ സത്യം ശോഭാജി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കയാണ്. ലീഗിനെയടക്കം മുന്നണിയിലേക്ക് സ്വാഗതം ചെയ്തുകളഞ്ഞു ശോഭാ സുരേന്ദ്രൻ. കേന്ദ്രമന്ത്രിയാവാൻ ദില്ലിയിലേക്ക് പോയ കുഞ്ഞാപ്പ ഇത് കേട്ട് ഞെട്ടി
 
ദില്ലിയിൽ നിന്നും തിരിച്ചെത്തി, എം പി സ്ഥാനവും രാജിവച്ച് വേങ്ങരയിൽ നിന്നും വീണ്ടും എം എൽ എയാവാൻ തയ്യറാടെക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ മനസിൽ ഒരു ദുഖമേയുണ്ടാവാനിടയുള്ളൂ, ഈ ശോഭാ സുരേന്ദ്രൻ ഇതൊന്നും എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല, എന്നു മാത്രം. ശോഭാ സുരേന്ദ്രൻ പറഞ്ഞതിൽ ഒരു ക്ലോസുണ്ട്. അത് ഇങ്ങനെയാണ്, മുസ്ലിംലീഗ് വർഗീയ പാർട്ടിയാണ്, അവർ ദേശീയധാര അംഗീകരിക്കണം. പടച്ചോനേ… അതെങ്ങിനെയായിരിക്കും….
ആഴക്കടലിൽ വലയെറിയുന്ന ചെന്നിത്തല

കടലോരത്ത് വലവിരിച്ചിരിക്കുന്ന ചെന്നിത്തലയും സംഘവും വലിയ പ്രതീക്ഷയിലാണ്. ആഴക്കടൽ മത്സ്യബന്ധകരാറുമായി ഉടലെടുത്തിരിക്കുന്ന വിവാദം വോട്ടായി മാറുമെന്ന വലിയ പ്രതീക്ഷ. ഏതു മാർഗ്ഗത്തിലൂടെയും അധികാരത്തിൽ വരികയെന്ന ലക്ഷ്യത്തിലാണ് കോൺഗ്രസ്. അധികാരം ഒരു റൗണ്ടായാണ് ഇടതനും വലതനും കേരളത്തിൽ അനുഭിച്ചുപോരുന്നത്. ഒരു ടീം അഞ്ചുവർഷം ഭരിച്ച് ക്ഷീണിച്ചാൽ അവർ അഞ്ചുവർഷം മാറി നിൽക്കണമെന്നൊരു പൊതു തത്വം ഉള്ള സംസ്ഥാനമാണ് കേരളം.


ആ കേരളത്തിൽ തുടർഭരണം ഉണ്ടാവുമെന്നാണ് പിണറായി വിജയനും സംഘാംഗങ്ങളും പറയുന്നത്. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് കേരളാ മുഖ്യമന്ത്രിയുടെ കസേരയിൽ ഒന്ന് അമർന്നിരിക്കുകയെന്നത്, അതിനുള്ള പോരാട്ടത്തിലാണ് അദ്ദേഹം. വഴികളെല്ലാം വ്യക്തവും ദൃഢവുമായിരുന്നു. വെള്ളപ്പൊക്കവും, പ്രളയവും കഴിഞ്ഞ് കേരളം ഒന്നു പാകപ്പെട്ടുവരുമ്പോഴാണ് ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള അനുമതി സുപ്രിംകോടിയിൽ നിന്നും ഉണ്ടാവുന്നത്.

കേരളത്തിൽ വലിയ സമരങ്ങളും പ്രതിഷേധങ്ങളും നടക്കവെ, സർക്കാർ സ്‌പോൺസർഷിപ്പിൽ യുവതികളെ മലയിലെത്തിച്ച് കേരള സർക്കാർ വിപ്ലവപാതയിൽ നിന്നും പാർട്ടി വ്യതിചലിച്ചിട്ടില്ലെന്ന് തെളിയിച്ചു. എന്നാൽ അടിത്തറയിളക്കുന്ന തീരുമാനമായിരുന്നു സർക്കാരിന്റേത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഒതുങ്ങിയ വിപ്ലവമുന്നേറ്റമായിരുന്നു അത്. സി പി എം ശരിക്കും വിറച്ചു.

എന്നാൽ കോവിഡ് വ്യാപനവും, ലോക് ഡൗണും പിണറായി സർക്കാരിന് ഏറെ ഗുണമായിഭവിച്ചു. കോവിഡ് ചികിൽസ, സർക്കാർ ചിലവിലുള്ള കോറന്റൈൻ, എല്ലാവർക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് എന്നിവയുമായി ഇടത് സർക്കാർ ശരിക്കും നിറഞ്ഞു നിന്നു. എല്ലാ ദിവസവും ടെലിവിഷനിൽ ഒരു മണിക്കൂർ നേരം നീളുന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. ഇതൊക്കെ ഇടത് സർക്കാരിന് ഏറെ ഗുണം ചെയ്തു.

കോവിഡ് കാലത്തുണ്ടായ സ്പ്രിഗ്ലർ ഇടപാടും, പ്രൈസ് വാട്ടർകൂപ്പർ കരാറും, സ്വർണകടത്തുമൊക്കെ വലിയ ചർച്ചയായി ഉന്നയിക്കപ്പെട്ടു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതൊന്നും സർക്കാരിന് വിനയായില്ല. അങ്ങിനെ വീണുകിടക്കുന്ന കോൺഗ്രസിനെ ഉയർത്തിയെടുക്കാൻ ഒരു ക്രെയിനുമായി എത്തിയതാണ് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. അദ്ദേഹത്തിന് ഇതുവരെ സ്വദേശത്തേക്ക് തിരികെ പോവാൻ പറ്റിയിട്ടില്ലത്രെ.

ഐശ്വര്യകേരള യാത്ര കൊല്ലത്തെത്തിയപ്പോഴാണ് ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിന് ചെന്നിത്തല തിരികൊളുത്തുന്നത്, അത് കത്തിപ്പടർന്നു. ആദ്യം ധാരണാ പത്രം ഇല്ലെന്ന് പറഞ്ഞെങ്കിലും ഒടുവിൽ ധാരണാ പത്രം റദ്ദുചെയ്യേണ്ടിവന്നിരിക്കയാണ്.
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പൂവാറിൽ സമരത്തിലാണ് ചെന്നിത്തല, പി സ് എസി സമരവും ഇതോടൊപ്പം തലസ്ഥാനത്ത് ശക്തമായി തുടരുന്നുണ്ട്.

ആഴക്കടൽമത്സ്യബന്ധന കരാർ സർക്കാരിന്റെ ഏറ്റവും വലിയ അഴിമതിയെന്നാണ് യു ഡി എഫിന്റെ ആരോപണം. വലയെറിയാൻ കടലിൽ രാഹുൽ ഗാന്ധിയടക്കം എത്തിയിരുന്നു. വലയിൽ എത്രപേർ കുരുങ്ങും, വലവലിക്കുമ്പോൾ എത്രവോട്ടുകൾ കിട്ടും എന്നൊക്കെ കണ്ടറിയണം. എന്തായാലും തളർന്നു കിടന്നിരുന്ന യു ഡി എഫ് ക്യാമ്പുകൾ സജീവമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here