ആഷാ മാത്യു

കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നാണ് മരിച്ചത്. പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിഥിനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വരികളാണിത്. ചേര്‍ത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവും അമിതരക്തസ്രാവവുമുണ്ടായതെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്മാരുടെ തലവന്‍ പറഞ്ഞു. രണ്ട് വര്‍ഷത്തോളം അവളെ പ്രാണനെപ്പോലെ സ്നേഹിച്ചു എന്നവകാശപ്പെടുന്നവനാണ് നെഞ്ചോടു ചേര്‍ത്തു പിടിച്ച് കഴുത്തറുത്ത് കൊന്നു കളഞ്ഞത്.

സ്നേഹം നിഷേധിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ കൊന്നുകളഞ്ഞതായുള്ള എത്ര വാര്‍ത്തകളാണ് ചുറ്റിലുമിങ്ങനെ ശ്വാസം മുട്ടിച്ച് നിറയുന്നത്. എങ്ങനെ കഴിയും പ്രണയത്തിന് പകയായി മാറാന്‍? എനിക്ക് കിട്ടാത്തതിനാല്‍ ഞാനത് നശിപ്പിച്ചുവെന്നത് എത്ര ക്രൂരമായ ന്യായീകരണമാണ്. ഇതെന്തിനാണ് മനുഷ്യരിങ്ങനെ സ്വാര്‍ത്ഥരാകുന്നത്. ഒരു പ്രണയം നഷ്ടമായാല്‍ എന്താണ്? നമുക്കൊന്ന് വേദനിച്ചാലെന്താണ്? ഒന്നു പൊട്ടിക്കരഞ്ഞാലോ, ഉറക്കമില്ലാത്ത കുറച്ച് രാത്രികളിലൂടെ കടന്നു പോയാലോ എന്താണ്? നമുക്കൊന്നും നഷ്ടപ്പെടാനില്ലല്ലോ. ആ സമയം നമ്മുടേതല്ലാത്തതിനാല്‍ അത് നമ്മെ വേദനിപ്പിച്ച് കടന്നു പോകും. എന്നാല്‍ നമ്മുടെ സമയം വരിക തന്നെ ചെയ്യും.

നഷ്ടപ്രണയങ്ങളൊന്നും പരാജയമല്ല. അവിടെയൊന്നും പ്രണയം പരാജയപ്പെട്ടിട്ടില്ല. പ്രണയമെപ്പോഴും മഴവില്ലിന്റെ അഴകോടെ, ഹൃദയ വിശുദ്ധിയോടെ തെളിഞ്ഞു നില്‍ക്കുക തന്നെ ചെയ്യും. ഒരിക്കല്‍ വേര്‍പിരിഞ്ഞതിന്റെ പേരില്‍ ഹൃദയമൊരിക്കലും സ്നേഹരാഹിത്യത്താല്‍ മരുഭൂമിയായിപ്പോകില്ല. അത് പിന്നെയും പിന്നെയും സ്നേഹിക്കുകയും സ്നേഹത്തെ കണ്ടെത്തുകയും ചെയ്യും.

പ്രണയം എന്തൊരു ഭംഗിയുള്ള വാക്കാണ്. അതെത്ര മനോഹരമായ അനുഭവമാണ്. ഒരാളെ പ്രണയിക്കുമ്പോള്‍ നമ്മളിലെ നന്മകളൊക്കെയും കൂടുതല്‍ മിഴിവോടെ തെളിയുന്നതായാണ് അനുഭവപ്പെടുക. ലോകം കുറച്ചുകൂടി ഭംഗിയുള്ളതായി തോന്നും. നമ്മുടേതെന്ന് കരുതി ഹൃദയം കൊണ്ട് ചേര്‍ത്തു പിടിക്കുമ്പോള്‍ അയാളുടെ നന്മയില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കാന്‍ കഴിയില്ല.

ഒരുമിച്ചുള്ള യാത്രയില്‍ എവിടെയെങ്കിലും വെച്ച് കൂടെയുള്ളയാള്‍ യാത്ര പറഞ്ഞ് പിരിഞ്ഞു പോയാല്‍ നമ്മള്‍ തകര്‍ന്നു പോയേക്കാം. ഇനി മുന്‍പോട്ട് ജീവിതമില്ലെന്ന് തോന്നിപ്പോയേക്കാം. ഹൃദയം അലമുറയിട്ട് കരഞ്ഞേക്കാം. ഭാവി ശൂന്യമായിപ്പോയേക്കാം. പക്ഷേ അപ്പോഴും കണ്ണീരോടെയല്ലാതെ, തനിച്ചാക്കി കടന്നു പോയ ആ ഒരാളെ ഓര്‍ക്കാന്‍ കഴിയുമോ?

നമ്മളെ വേണ്ടെന്ന് വെച്ച് പിരിഞ്ഞു പോയി എന്ന കാരണത്താല്‍ ആ ഒരാള്‍ നമുക്കെങ്ങനെ ശത്രുവാകും? തകര്‍ന്നു പോയ ആ പ്രണയത്തില്‍ നമ്മളെങ്ങനെ പരാജയപ്പെടും? അത് നമ്മുടെ കുറവോ, പരാജയമോ, തകര്‍ച്ചയോ ആയിരുന്നില്ല. മറിച്ച് കടന്നു പോകാനുള്ള ഒരു സമയം മാത്രമായിരുന്നു. തകര്‍ച്ചയുടെ ഈയൊരു സമയത്തെ മാത്രമേ അതിജീവിക്കേണ്ടതുള്ളൂ, പിന്നീടെല്ലാം ശരിയാകും. നമ്മള്‍ അതിലും നേരുള്ള വെളിച്ചമുള്ള മറ്റൊരു പാതയിലൂടെ യാത്ര തുടങ്ങും. പ്രണയം സത്യമായിരുന്നെങ്കില്‍ വേദനിപ്പിച്ച് കടന്നു പോയവര്‍ നന്നായി ജീവിക്കട്ടെ എന്ന് മാത്രമേ മനസ്സ് മന്ത്രിക്കൂ.

നോക്കുക, ഇതെത്ര ചെറിയൊരു ജീവിതമാണ്. വെറുപ്പും വൈരാഗ്യവും മനസ്സില്‍ സൂക്ഷിച്ചുവെച്ച് ഒരായുസ്സ് മുഴുവന്‍ നശിപ്പിച്ചു കളയുന്നതിന് പകരം ഇവിടെ എത്ര മനോഹരമായി മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധിക്കും. പര്സപരം സ്നേഹം തോന്നുന്നത് ഒരിക്കലും തെറ്റല്ല, അതുപോലെ തന്നെ തെറ്റല്ല, ആ സ്നേഹത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തോന്നുന്നതും. ഒരുമിച്ചു നടന്നിട്ട്, ഒടുവില്‍ ചേര്‍ന്നുപോകില്ലെന്ന് തോന്നുന്ന ഏതെങ്കിലുമൊരു നിമിഷത്തില്‍ ആ സ്നേഹബന്ധത്തില്‍ നിന്ന് പടിയിറങ്ങിപ്പോകാന്‍ തോന്നിയാല്‍ അവര് പോയ്ക്കോട്ടെ എന്ന് മനസ്സിനെ ആശ്വസിപ്പിക്കാന്‍ സാധിക്കുന്നിടത്ത് മാത്രമാണ് യഥാര്‍ത്ഥ പ്രണയമുള്ളത്.

സ്നേഹത്തിനൊരിക്കലും ആരെയും മുറിവേല്‍പ്പിക്കാനോ, ആരുടെയും ജീവനെടുക്കാനോ കഴിയില്ല. വളര്‍ന്നു വരുന്ന നമ്മുടെ കുഞ്ഞു മക്കളെ കുറേക്കൂടി അടിയുറച്ച ജീവിത മൂല്യങ്ങളിലൂടെ വളര്‍ത്തേണ്ട ആവശ്യകതയ്ക്ക് ജീവനോളം വിലയുണ്ട്. നമ്മുടെ മക്കളെ പറഞ്ഞുപഠിപ്പിക്കണം, എന്റെ കുഞ്ഞേ നഷ്ടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാം എന്ന്. നമ്മുടേതല്ലാതെ തെറ്റുകളാല്‍ സംഭവിക്കുന്ന പരാജയങ്ങളില്‍ തകര്‍ന്നു പോകുകയോ, നമുക്ക് കിട്ടാത്തത് മറ്റുള്ളവര്‍ക്ക് കിട്ടുന്നതോര്‍ത്ത് അസൂയപ്പെടുകയോ ചെയ്യരുതെന്ന്. മക്കളുടെ ഭാവി സാമ്പത്തിക ഭദ്രമാക്കാന്‍ നെട്ടോട്ടമോടുന്നതിനിടയില്‍ അവരെ വ്യക്തിത്വത്തില്‍ സമ്പന്നരാക്കാന്‍ കൂടി നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍.

 

 

LEAVE A REPLY

Please enter your comment!
Please enter your name here