ബാഴ്സലോണയെ ഫൈനലിൽ അട്ടിമറിച്ച അത്‌ലറ്റിക്ക് ബിൽബാവോയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ്
ബാഴ്സലോണയുടെ കുപ്പായത്തിലെ ആദ്യ ചുവപ്പുകാർഡ് കണ്ട് ലയണൽ മെസി

മാഡ്രിഡ് : ലയണൽ മെസി പ്രൊഫഷണൽ ക്ളബ് കരിയറിൽ ആദ്യ ചുവപ്പു കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ ബാഴ്സലോണയെ അട്ടിമറിച്ച് അത്‌ലറ്റിക്ക് ബിൽബാവോ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാൾ കിരീ‌ടം സ്വന്തമാക്കി. 89–ാം മിനിട്ടുവരെ 2–1ന് ബാഴ്സ മുന്നിട്ടുനിന്ന മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലും എക്സ്ട്രാ ടൈമിലും സ്കോർ ചെയ്ത ബിൽബാവോ 3–2നാണ് വിജയം നേടിയത്.അന്റോയ്ൻ ഗ്രീസ്മാനിലൂടെ രണ്ടുതവണ ലീഡ് നേടിയ ശേഷമാണ് ബാഴ്സ തോൽവി വഴങ്ങിയത്. 40–ാം മിനിട്ടിലാണ് ഗ്രീസ്മാൻ ആദ്യ ഗോൾ നേടിയത്. 42–ാം മിനിട്ടിൽ മാർക്കോസിലൂടെ ബിൽബാവോ സമനില പിടിച്ചു. 77–ാം മിനിട്ടിൽ ഗ്രീസ്മാൻ വീണ്ടും ബാഴ്സയെ മുന്നിലെത്തിച്ചു.‌

എന്നാൽ 90–ാം മിനിട്ടിൽ അസിയർ വില്ലാലിബറിലൂടെ സമനില പിടിച്ച ബിൽബാവോ 93–ാം മിനിറ്റിൽ ഇനിയാകി വില്യംസിലൂടെയാണ് ബാഴ്സയുടെ ചങ്കുതകർത്ത വിജയഗോൾ നേടിയത്.മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് മെസി ചുവപ്പുകാർഡ് കണ്ടത്. ബിൽബാവോ താരത്തെ തല്ലിയതിനാണ് മെസ്സിക്ക് ചുവപ്പുകാർഡ് ലഭിച്ചത്. ബാഴ്സ ജഴ്സിയിലെ 753–ാം മത്സരത്തിലാണ് മെസിക്ക് ആദ്യ ചുവപ്പുകാർഡ് ലഭിക്കുന്നത്. മെസിയുടെ ഫൗളിന് നാലു മത്സരങ്ങളിൽ വരെ വിലക്കു ലഭിക്കാനും സാധ്യതയുണ്ട്.ഫുട്ബോൾ കരിയറിൽ മെസിയുടെ മൂന്നാം ചുവപ്പുകാർഡാണിത്. ഇതിനു മുൻപ് രണ്ടു ചുവപ്പുകാർഡും അർജന്റീന ജഴ്സിയിലായിരുന്നു. 2005ൽ അന്താരാഷ്ട് ഫുട്ബോളിലെ അരങ്ങേറ്റ മത്സരത്തിൽ ഹംഗറിക്കെതിരെയായിരുന്ന ആദ്യ കാർഡ്. 2019ലെ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ലൂസേഴ്സ് ഫൈനലിൽ ചിലിക്കെതിരെയായിരുന്നു രണ്ടാം കാർഡ്.1985നുശേഷം ആദ്യമായാണ് അത്‍ലറ്റിക് ബിൽബാവോ സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കുന്നത്.സെമിയിൽ നിലവിലെ ലാ ലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ തോൽപ്പിച്ചാണ് അത്‍ലറ്റിക്ക് ബിൽബാവോ ഫൈനലിൽ കടന്നത്. 1960നുശേഷം ഇതാദ്യമായാണ് അത്‍ലറ്റിക് ബിൽബാവോ തുടർച്ചയായ മത്സരങ്ങളിൽ റയൽ മാഡ്രിഡിനെയും ബാഴ്സലോണയെയും തോൽപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here