ജൊഹാനസ്ബര്‍ഗ്: മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടിട്വന്റി ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് ഡുപ്ലസിസ് സൂചിപ്പിക്കുന്നത്.

ഒരുപാട് ചിന്തിക്കാന്‍ ലഭിച്ച ഒരു അവസരമായിരുന്നു കന്നുപോയ വര്‍ഷം. എങ്ങും അനിശ്ചിതത്വം മാത്രം. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇത് ഉപകരിച്ചു. രാജ്യത്തിനുവേണ്ടി എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. എന്നാലിപ്പോള്‍, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സമയമായിരിക്കുകയാണ്. ഞാന്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 69 ടെസ്റ്റ് കളിക്കുമെന്ന് പതിനഞ്ച് കൊല്ലം മുന്‍പ് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല. തികഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് ഞാന്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നത്. ഒരുപാട് അനുഗ്രഹം ഇക്കാര്യത്തില്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അതിലെ ഉയര്‍ച്ചകളും താഴ്ചകളും എന്നിലെ മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.’ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഡുപ്ലസിസ് കുറിച്ചു.

മുപ്പത്തിയാറുകാരനായ ഡുപ്ലസിസ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 69 ടെസ്റ്റില്‍ ഇന്ന് 4163 റണ്‍സാണ് നേടിയത്. പത്ത് സെഞ്ചുറി അടങ്ങുന്നതാണ് ടെസ്റ്റ് കരിയര്‍. 199 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 2012ല്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു അരങ്ങേറ്റം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാകിസ്താനെതിരേ നടന്ന പരമ്പരയായിരുന്നു അവസാനത്തേത്. ഡുപ്ലസിസിന് മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്ന മത്സരത്തില്‍ പാകിസ്താനായിരുന്നു ജയം.

2017ലാണ് ഡിവില്ല്യേഴ്‌സിന്റെ പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ നായകനായി നിയമിതനായത്. 36 ടെസ്റ്റില്‍ ടീമിനെ നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here