സെന്റ് ജോൺസ്: രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം സൂപ്പർതാരം ക്രിസ് ഗെയ്‍ലിനെ ട്വന്റി20 ടീമിലേക്ക് തിരിച്ചുവിളിച്ച് വെസ്റ്റിൻഡീസ് സിലക്ടർമാർ. ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് മുൻനിർത്തിയാണ് വെറ്ററൻ താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. ശ്രീലങ്കയ്‍ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള 14 അംഗ ടീമിലാണ് നാൽപ്പത്തൊന്നുകാരയ ഗെയ്‍ലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ബുധനാഴ്ച ആന്റിഗ്വയിൽ ആരംഭിക്കും.

കോവിഡ് വ്യാപനം നിമിത്തം നീട്ടിവച്ച ട്വന്റി20 ലോകകപ്പ് ഇത്തവണ ഒക്ടോബർ – നവംബർ മാസങ്ങളിലായി ഇന്ത്യയിലാണ് നടക്കുന്നത്. നിലവിലെ ചാംപ്യൻമാരായ വിൻഡീസ്, കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനാണ് ഗെയ്‍ലിനെ ഒരിക്കൽക്കൂടി ആശ്രയിക്കുന്നത്.

ഇതുവരെ രാജ്യാന്തര തലത്തിൽ 58 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗെയ്‍ൽ, 2019 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാന മത്സരം കളിച്ചത്. 32 റൺസ് ശരാശരിയിൽ 1627 റൺസാണ് രാജ്യാന്തര ട്വന്റി20യിൽ ഗെയ്‍ലിന്റെ സമ്പാദ്യം. 117 റൺസാണ് ഉയർന്ന സ്കോർ. രാജ്യാന്തര ക്രിക്കറ്റിൽ സജീവമല്ലെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉൾപ്പെടെയുള്ള വിദേശ ട്വന്റി20 ലീഗുകളിൽ നിത്യസാന്നിധ്യമാണ് ഗെയ്‍ൽ.

നിലവിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കളിക്കുന്ന ഗെയ്‍ൽ, രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് മുൻനിർത്തി ടൂർണമെന്റിൽനിന്ന് താൽക്കാലിക അവധിയെടുക്കും. മാർച്ച് മൂന്ന്, അഞ്ച്, ഏഴ് തീയതികളിലാണ് വെസ്റ്റിൻഡീസ് – ശ്രീലങ്ക ട്വന്റി20കൾ.

ഗെയ്‍ലിനു പുറമെ 2012നുശേഷം വിൻഡീസ് ജഴ്സി അണിഞ്ഞിട്ടില്ലാത്ത പേസ് ബോളർ ഫിഡൽ എഡ്വേർഡ്സിനെയും ടീമിലേക്ക് മടക്കിവിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here