ചെന്നൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയക്ക് 12 ലക്ഷം രൂപ പിഴശിക്ഷ. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പിഴ. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ആറു വിക്കറ്റിന് തോറ്റിരുന്നു.

രണ്ടാം തവണയാണ് രോഹിതിന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴശിക്ഷ ലഭിക്കുന്നത്. ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചാല്‍ മുംബൈ ക്യാപ്റ്റന് ഒരു മത്സരത്തില്‍ നിന്ന് വിലക്കും 30 ലക്ഷം രൂപ പിഴയും ലഭിക്കും.

ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഒമ്പത് വിക്കറ്റിന് 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. പിന്നീട് ഡല്‍ഹിയുടെ ഇന്നിങ്‌സില്‍ മുംബൈ മത്സരത്തിന്റെ വേഗത കുറയ്ക്കാന്‍ ശ്രമിച്ചു.

2021 സീസണിലെ ഐ.പി.എല്‍ നിയമം അനുസരിച്ച് ഒരു മണിക്കൂറില്‍ 14.1 ഓവര്‍ എന്നതാണ് കണക്ക്. സ്ട്രാറ്റജിക് ടൈം ഔട്ടിന് എടുക്കുന്ന സമയം കൂട്ടാതെയാണ് ഈ കണക്ക്. തടസ്സങ്ങളൊന്നും നേരിടാത്ത മത്സരത്തില്‍ ഒരു ഇന്നിങ്‌സിലെ 20 ഓവര്‍ ഒന്നര മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണം. എന്നാല്‍ മുംബൈ ഈ നിയമം തെറ്റിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here